എഡിറ്റര്‍
എഡിറ്റര്‍
മലാലയ്ക്ക് ശേഷം താലിബാന്‍ ഭീഷണിയില്‍ മറ്റൊരു പെണ്‍കുട്ടി കൂടി
എഡിറ്റര്‍
Tuesday 23rd October 2012 11:58am

ഇസ്‌ലാമാബാദ്:  താലിബാന്‍ ഭരണകൂടത്തിതിരെ എഴുതിയതിന്റെ പേരില്‍ മരണത്തോട് പോരാടുന്ന പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസുഫ്‌സായിക്ക് ശേഷം മറ്റൊരു പെണ്‍കുട്ടി കൂടി താലിബാന്‍ ഭീഷണിയില്‍.

മലാലയുടെ സ്വദേശമായ സ്വാത്തിലേതന്നെ ഹിന ഖാന്‍ എന്ന പെണ്‍കുട്ടിയാണ് താലിബാന്‍ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. താലിബാന്റെ പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനാണ് ഹിന ഖാനെയും താലിബാന്‍ നോട്ടമിട്ടിരിക്കുന്നത്.

Ads By Google

താലിബാന്റെ ക്രൂരകൃത്യങ്ങള്‍ക്കെതിരെ ഹിന പരസ്യമായി  ശബ്ദമുയര്‍ത്തിയതാണ് താലിബാനെ ചൊടിപ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഡോണ്‍ ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

താലിബാനില്‍ നിന്നും ഭീഷണി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഹിനയുടെ സുരക്ഷയ്ക്കായി അഭ്യര്‍ത്ഥിച്ചെങ്കിലും യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും പരാതിയുണ്ട്.

താലിബാന്റെ അക്രമം സഹിക്കവയ്യാതെ സ്വാത്തില്‍ നിന്നും ഹിനയും കുടുംബവും 2009 ലാണ് ഇസ്‌ലാമാബാദിലേക്ക് പാലായനം ചെയ്തത്. സ്വാത്തിലെ പെണ്‍കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത് വിലക്കിയതിനാല്‍ ഞങ്ങള്‍ കുടംബസമേതം ഇസ്‌ലാമാബാദിലേക്ക് കുടിയേറിയെന്നും എന്നാല്‍ താലിബാനില്‍ നിന്നും ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ തനിക്ക് ഇവിടെയും സ്‌കൂളില്‍ പോകാന്‍ കഴിയില്ലെന്നാണ് തോന്നുന്നതെന്നും ഹിന പറയുന്നു.

2008 ല്‍ പത്രസമ്മേളനത്തില്‍ താലിബാന്റെ നിര്‍ദേശത്തിനെതിരെ ഹിന പരസ്യമായി പ്രതികരിച്ചിരുന്നു. ഹിനയുടെ മാതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ ഫര്‍ഹതും താലിബാനില്‍ നിന്നും സമാനമായ ഭീഷണികള്‍ നേരിടുന്നുണ്ട്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഹിന ഖാന്‍.
പാക്കിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാലയെന്ന പതിനാലുകാരി എഴുതിയ ഡയറി ബി.ബി.സി.യുടെ ഉര്‍ദു വിഭാഗം പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ മലാല ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയും താലിബാന്‍ തീവ്രവാദികളുടെ ശത്രുവും ആവുകയായിരുന്നു.

അതേസമയം, മലാലയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ എന്ന് ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങുന്നുവോ അന്ന് അവരുടെ മരണം ഉറപ്പാക്കിയിരിക്കുമെന്നും താലിബാന്‍ വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു. തലയ്ക്കും കഴുത്തിനുമായിരുന്നു മലാലയ്ക്ക് വെടിയേറ്റത്.

Advertisement