ഒവൈസിയുടെ വിമര്‍ശനം ഫലം കണ്ടില്ല; 'മോദി-ഷാ' പുകഴ്ത്തല്‍ തുടര്‍ന്ന് രജനികാന്ത്
national news
ഒവൈസിയുടെ വിമര്‍ശനം ഫലം കണ്ടില്ല; 'മോദി-ഷാ' പുകഴ്ത്തല്‍ തുടര്‍ന്ന് രജനികാന്ത്
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 11:43 pm

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെയും ‘തന്ത്രവിദഗ്ധന്‍മാര്‍’ എന്ന് വിശേഷിപ്പിച്ച് രജനികാന്ത്. ഇരുവരെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ചതിന് പിന്നാലെയാണ് രജനികാന്തിന്റെ പുതിയ വിശേഷണം.

‘മോദിയും അമിത്ഷായും തന്ത്രവിദഗ്ധന്മാരാണ്. ഒരാള്‍ പ്ലാന്‍ തയ്യാറാക്കുന്നു. രണ്ടാമന്‍ നടപ്പാക്കുന്നു.’ എന്നായിരുന്നു രജനികാന്ത് പറഞ്ഞത്.

ഇരുവരെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ചതിനെതിരെ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം നേതാവുമായ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തിയിരുന്നു. അപ്പോള്‍ പാണ്ഡവരും കൗരവരും ആരാണ് എന്നായിരുന്നു രജനികാന്തിനോട് ഒവൈസിയുടെ ചോദ്യം.

‘അപ്പോള്‍ പാണ്ഡവരും കൗരവരും ആരാണ്? ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യം’ എന്ന് ഒവൈസി ചോദിക്കുന്നു.

എന്നാല്‍ കശ്മീര്‍ ഭീകരവാദികളുടേയും തീവ്രവാദികളുടേയും നാടാണെന്നും ആദ്യം കശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പിന്നീട് രാജ്യസഭയില്‍ ബില്‍ പാസാക്കുകയും ചെയ്തത് തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്നുമായിരുന്നു രജനികാന്ത് പ്രതികരിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കിയ നടപടിയുടെ സാഹചര്യത്തിലായിരുന്നു രജനികാന്ത് മോദിയെയും അമിത് ഷായെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.