വാക്ക് പാലിക്കാനുള്ളതാണ്; തലമൊട്ടയടിച്ച് ഇ.എം അഗസ്തി
Kerala
വാക്ക് പാലിക്കാനുള്ളതാണ്; തലമൊട്ടയടിച്ച് ഇ.എം അഗസ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th May 2021, 5:03 pm

മൂന്നാര്‍: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണിയോട് പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.എം അഗസ്തി തല മൊട്ടയടിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് അഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് അഗസ്തി മൊട്ടയടിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉടുമ്പന്‍ചോലയില്‍ അഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.

തോല്‍വിക്ക് പിന്നാലെ എം.എം മണിക്ക് അഭിവാദ്യം അര്‍പ്പിച്ച് അഗസ്തി രംഗത്തെത്തിയിരുന്നു. ജനവിധി താന്‍ മാനിക്കുന്നുവെന്നും താന്‍ പറഞ്ഞ വാക്ക് പാലിച്ച് തലമൊട്ടയടിക്കുമെന്നും ഇ.എം അഗസ്തി പറഞ്ഞിരുന്നു.

‘എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും’ എന്നായിരുന്നു ഇ.എം അഗസ്തി പറഞ്ഞത്.

എന്നാല്‍ താന്‍ ജയിച്ചതുകൊണ്ട് തലമൊട്ടയടിക്കുമെന്ന് ഇ.എം അഗസ്തി പ്രഖ്യാപിച്ചിരിക്കുകയാണെന്നും എന്നാല്‍ അദ്ദേഹത്തോട് തലമൊട്ടയടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും എം.എം മണി പറഞ്ഞിരുന്നു.

അദ്ദേഹം എന്റെ സുഹൃത്താണ്. എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അദ്ദേഹം തലമൊട്ടയിക്കാന്‍ പാടില്ല എന്ന് ഞാന്‍ വീണ്ടും അഭ്യര്‍ത്ഥിക്കുകയാണ്. അതാണ് എന്നെ സംബന്ധിച്ച് ശരിയെന്നാണ് തോന്നുന്നത്, എന്നായിരുന്നു എം.എം മണി പറഞ്ഞത്.

ഉടുമ്പന്‍ചോലയില്‍ എം.എം മണി വിജയിച്ചാല്‍ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ഇ.എം അഗസ്തിയുടെ പ്രഖ്യാപനം. ചാനല്‍ സര്‍വേകള്‍ പെയ്ഡ് സര്‍വേകളാണെന്നും അഗസ്തി പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഉടുമ്പന്‍ചോല എല്‍.ഡി.എഫിന്റെ കോട്ടയാണ്. മന്ത്രിയായി നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ആത്മവിശ്വാസത്തില്‍ രണ്ടാമങ്കത്തിനിറങ്ങിയ എം.എം മണിയെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ ഇ.എം ആഗസ്തി തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: After Election Defeat From MM Mani EM Augusthy Shaved His Hair