പഞ്ചാബില്‍ ഇടത് പാര്‍ട്ടികളുമായി മഹാസഖ്യത്തിന് ശിരോമണി അകാലിദള്‍; ചര്‍ച്ചകള്‍ തുടങ്ങിയെന്ന് സമ്മതിച്ച് സി.പി.ഐ.എം.
Punjab election
പഞ്ചാബില്‍ ഇടത് പാര്‍ട്ടികളുമായി മഹാസഖ്യത്തിന് ശിരോമണി അകാലിദള്‍; ചര്‍ച്ചകള്‍ തുടങ്ങിയെന്ന് സമ്മതിച്ച് സി.പി.ഐ.എം.
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd July 2021, 10:37 am

അമൃത്സര്‍: അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ശിരോമണി അകാലിദള്‍. സി.പി.ഐ.എം., സി.പി.ഐ. പാര്‍ട്ടികളുമായി സഖ്യത്തിനാണ് അകാലിദളിന്റെ നീക്കം.

ഇതിനായി ഇടത് നേതാക്കളുമായി അകാലിദള്‍ നേതൃത്വം കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. അകാലിദള്‍ നേതാക്കള്‍ തന്നെ കാണാന്‍ വന്നിരുന്നെന്നും എന്നാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പഞ്ചാബ് സി.പി.ഐ.എം. സെക്രട്ടറി സുഖ് വിന്ദര്‍ സിംഗ് ശേഖോണ്‍ പറഞ്ഞു.

ചില വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും അതിന് ശേഷം മാത്രമെ സഖ്യരൂപീകരണം ഉണ്ടാകുമോയെന്ന് പറയാനാകൂവെന്നും ശേഖോണ്‍ പറഞ്ഞു.

പഞ്ചാബില്‍ ആദ്യമായി കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തിലേറിയത് ശിരോമണി അകാലിദള്‍- സി.പി.ഐ.എം. സഖ്യത്തിലായിരുന്നു.1967 ലായിരുന്നു അത്.

സി.പി.ഐ.എം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍ സിംഗായിരുന്നു ഈ സഖ്യത്തിന് ചുക്കാന്‍ പിടിച്ചത്.

നേരത്തെ ബി.എസ്.പിയുമായി അകാലിദള്‍ സഖ്യം പ്രഖ്യാപിച്ചിരുന്നു. ബി.എസ്.പി. 20 സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ദളിത് സമുദായത്തിന് നല്‍കുമെന്ന് ശിരോമണി അകാലിദള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിലെ ജനസംഖ്യയില്‍ 32 ശതമാനവും ദളിതരാണ്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി. സഖ്യം ഉപേക്ഷിച്ച ശിരോമണി അകാലിദള്‍, മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരത്തിലെത്താനാണ് ശ്രമിക്കുന്നത്.

1996 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി.-ശിരോമണി അകാലിദള്‍ സഖ്യം വലിയ വിജയം പഞ്ചാബില്‍ നേടിയിരുന്നു. ആകെയുള്ള 13 സീറ്റില്‍ 11 ഉം ബി.എസ്.പി.-ശിരോമണി അകാലിദള്‍ സഖ്യത്തിനായിരുന്നു.

മത്സരിച്ച മൂന്ന് സീറ്റിലും ബി.എസ്.പി. ജയിച്ചപ്പോള്‍ ശിരോമണി അകാലിദള്‍ 10 സീറ്റില്‍ മത്സരിച്ച് എട്ടെണ്ണത്തിലും ജയം സ്വന്തമാക്കി.

പഞ്ചാബിലെ ദളിത് വോട്ടുകളില്‍ ബി.എസ്.പിയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. ദോബ മേഖലയിലെ 23 സീറ്റുകളില്‍ ബി.എസ്.പി.-ശിരോമണി അകാലിദള്‍ സഖ്യം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

2022 ലാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്.