കോഫീ ഹൗസില്‍ സ്ത്രീകള്‍ വന്നേ!!
മുഹമ്മദ് ഫാസില്‍

കോഴിക്കോട്: 61 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ കോഫി ഹൗസുകളില്‍ വനിതകളെ ജോലിക്കെടുത്തിരിക്കുകയാണ്. മാര്‍ച്ച് അഞ്ചിനാണ് ഈ സഹകരണ സംഘത്തില്‍ വനിത തൊഴിലാളികളെ ജോലിക്കെടുക്കുന്നത്. കണ്ണൂരിലെ കോഫി ഹൗസില്‍ നാലും കോഴിക്കോട് മെഡിക്കല്‍ കോളേജ് കോഫി ഹൗസില്‍ രണ്ടും വനിതകളെയാണ് നിലവില്‍ ജോലിക്കെടുത്തിരിക്കുന്നത്.

‘ആദ്യമായാണ് ഞാന്‍ ഒരു ജോലിയില്‍ പ്രവേശിക്കുന്നത്. ഇവിടുത്തെ എല്ലാവരുടേയും പിന്തുണയുണ്ട്. മാത്രവുമല്ല, ഭക്ഷണം പാകം ചെയ്യുന്നത് അറിയാത്ത പണിയല്ലല്ലോ’- കോഫി ഹൗസിലെ വനിത ജീവനക്കാരി ജെയ്‌സി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജെയ്‌സിയുടെ സഹപ്രവര്‍ത്തക പ്രിയ കോഫി ഹൗസില്‍ ജോലിക്ക് പ്രവേശിക്കുന്നതിന് മുമ്പ് സൂപ്പര്‍ മാര്‍ക്കെറ്റിലെ ജീവനക്കാരിയായിരുന്നു. ആദ്യമായി ഹോട്ടല്‍ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിന്റെ യാതൊരു ബുദ്ധിമുട്ടുകളും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.

പൂര്‍ണമായും സ്ത്രീകള്‍ നടത്തുന്ന ഒരു കോഫി ഹൗസ് എന്ന പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് സ്ത്രീകളെ ജോലിയില്‍ പ്രവേശിപ്പിച്ചത്.

വരും ദിനങ്ങളില്‍ കൂടുതല്‍ വനിത ജീവനക്കാരെ മറ്റു കോഫി ഹൗസുകളില്‍ ജോലിക്കെടുക്കുമെന്ന് കോഴിക്കോട് മെഡിക്കല്‍ ഹൗസ് കോഫി ഹൗസ് മാനേജര്‍ സുനില്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.