പൊലീസ് മര്‍ദിച്ച് മൊഴി കൊടുപ്പിച്ചു; വാപ്പയെ കാലില്‍ കെട്ടിത്തൂക്കിയിടുമെന്ന് ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ അഫ്‌സാന
Kerala News
പൊലീസ് മര്‍ദിച്ച് മൊഴി കൊടുപ്പിച്ചു; വാപ്പയെ കാലില്‍ കെട്ടിത്തൂക്കിയിടുമെന്ന് ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ അഫ്‌സാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th July 2023, 4:36 pm

പത്തനംതിട്ട: കാണാതായ നൗഷാദിനെ ജീവനോടെ കണ്ടെത്തിയ കേസില്‍ വീണ്ടും വഴിത്തിരിവ്. തന്നെ പൊലീസ് മര്‍ദിച്ചത് കൊണ്ടാണ് കൊലപ്പെടുത്തിയതായി മൊഴി നല്‍കിയതെന്ന് പങ്കാളി അഫ്‌സാന പറഞ്ഞു. ഉറങ്ങാന്‍ പോലും അനുവദിച്ചില്ലെന്നും, പിതാവിനെ കാലില്‍ കെട്ടിത്തൂക്കിയിടും, കുട്ടികളെ കാണിക്കില്ല എന്നിങ്ങനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കുകയായിരുന്നു എന്ന് അവര്‍ 24ന്യൂസിനോട് പറഞ്ഞു.

‘ഞാന്‍ മൊഴി കൊടുത്തതല്ല. എന്നെ കൊണ്ട് അവര്‍ മൊഴി കൊടുപ്പിച്ചതാണ്. രണ്ട് ദിവസം ശരിക്കുമവര്‍ മര്‍ദിച്ചു. വാപ്പയെ പ്രതി ചേര്‍ക്കും, കാലില്‍ കെട്ടിത്തൂക്കിയിടും, ഉമ്മയെ പ്രതി ചേര്‍ക്കും, കുഞ്ഞുങ്ങളെ കാണിക്കില്ല, അനിയന്റെ ഭാവി തുലക്കും എന്ന് പറഞ്ഞ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിന് ശേഷമാണ് ഞാന്‍ സമ്മതിച്ചത്.

അവര്‍ പറയുന്നിടത്തെല്ലാം ഞാന്‍ കൈചൂണ്ടി കാണിച്ചു. അല്ലാതെ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്നെ ചീത്ത വിളിച്ചാണ് അവര്‍ ഇത് സമ്മതിപ്പിച്ചത്.

അടൂരില്‍ നൗഷാദിനെ പോലൊരാളെ കണ്ടതായി എനിക്ക് തോന്നി. അത് ഞാന്‍ പൊലീസിനെ വിളിച്ച് പറഞ്ഞു. അതിനെ കുറിച്ച് തിരക്കാനാണെന്ന് പറഞ്ഞാണ് എന്നെ വിളിച്ച് വരുത്തിയത്. പക്ഷേ എനിക്കുള്ള ട്രാപ്പായിരിക്കുമതെന്ന് ഞാന്‍ അറിഞ്ഞില്ല.

വാപ്പ അന്ന് കൊണ്ടു തന്ന ഭക്ഷണം എനിക്ക് തന്നിരുന്നു. പിന്നീട് വാപ്പ കൊണ്ടു തരുന്ന ഭക്ഷണം എനിക്ക് തന്നിരുന്നില്ല, വെള്ളം തന്നില്ല, ഉറങ്ങരുതെന്ന് വരെ പറഞ്ഞു. ഉറങ്ങിയാല്‍ അടിക്കണമെന്നാണ് അവര്‍ പറഞ്ഞത്.

പൊലീസ് നന്നായി അടിച്ചിണ്ടുണ്ട് വനിതാ പൊലീസാണ് അടിച്ചത്. ഒത്തിരി പൊലീസുകാരെന്നെ ചീത്ത വിളിക്കുകയും അടിക്കുകയും ചെയ്തിട്ടുണ്ട്. ആരൊക്കെയോ ചോദ്യം ചെയ്തു. ഇത് ഞാനേല്‍ക്കുകയാണെന്ന് ഉമ്മയോട് പറഞ്ഞു. അല്ലാതെ എനിക്ക് വേറെ നിവൃത്തിയില്ല. എനിക്ക് എന്റെ വീട്ടുകാരെ കിട്ടത്തില്ല. രണ്ട് കുഞ്ഞുങ്ങളെ പോലും ഉപദ്രവിക്കുമെന്ന് പറഞ്ഞപ്പോള്‍ ഏറ്റുകൊടുത്തു.

അവര്‍ ചോദിക്കുന്നതിനൊന്നും എനിക്ക് ഉത്തരമില്ല. അപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നു. വാടക വീട്ടില്‍ കുത്തിപ്പൊട്ടിച്ചതെന്നും ഞാന്‍ അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നത്. അവര്‍ എന്നെ കൊണ്ട് ഓരോന്ന് ചെയ്യിക്കുകയായിരുന്നു.

ആദ്യം അവര്‍ എന്നോട് ചോദിച്ചു എന്തിനാണ് അടിച്ചതെന്ന്. ഞാന്‍ പറഞ്ഞു. അടിച്ചിട്ടില്ലെന്ന്. അപ്പോഴാണ് ഇവര്‍ ഓരോന്ന് പറഞ്ഞ് മാനസികമായി എന്നെ തളര്‍ത്തിയത്. പിന്നെ ഞാന്‍ അടിച്ചുവെന്ന് സമ്മതിക്കുകയായിരുന്നു. കൊലക്കുറ്റമായി അവര്‍ മാറ്റുമെന്ന് ഞാന്‍ അറിഞ്ഞില്ല. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല,’ അഫ്‌സാന പറഞ്ഞു.

പൊലീസിനെതിരെ പരാതി നല്‍കുമെന്നും അനുഭവിക്കുന്നതിന്റെ പരമാവധി അനുഭവിച്ചുവെന്നും അഫ്‌സാന പറഞ്ഞു.

‘പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഞാന്‍ അനുഭവിക്കുന്നതിന്റെ പരമാവധി ഞാന്‍ സ്റ്റേഷനിലിരുന്ന് അനുഭവിച്ചു. രാത്രിയില്‍ ഉറങ്ങുമ്പോള്‍ അവര്‍ മുഖത്ത് വെള്ളം ഒഴിക്കും. സ്‌റ്റേഷനില്‍ പോകുന്ന അന്ന് ഉച്ചക്ക് വാപ്പ വാങ്ങിത്തന്ന ചോറ് കഴിച്ചതാണ് . പിന്നെ ഞാന്‍ ജയിലില്‍ കയറിയിട്ടാണ് ഭക്ഷണം കഴിച്ചത്,’ അവര്‍ പറഞ്ഞു.

നൗഷാദ് തന്നെ മര്‍ദിക്കാറുണ്ടെന്നും സ്ത്രീധനത്തെച്ചൊല്ലി മര്‍ദനമുണ്ടായിരുന്നെന്നും അഫ്‌സാന പറഞ്ഞു.

‘നൗഷാദ് മരിച്ചുവെന്ന് കരുതിയില്ല. അടിയുണ്ടാകുമ്പോള്‍ മാറി നില്‍ക്കും. അങ്ങനെ മാറി നിന്നെന്നേ ഞാനും കരുതിയിരുന്നുള്ളൂ. കല്യാണം കഴിഞ്ഞിട്ട് ആറ് വര്‍ഷമായി. അന്ന് മുതല്‍ മര്‍ദനമായിരുന്നു. സ്ത്രീധനം തരണമെന്ന് നിര്‍ബന്ധിച്ചു.ഇതിനെച്ചൊല്ലി മര്‍ദിച്ചിട്ടുണ്ട്.

പോകുന്ന അന്ന് നൗഷാദുമായി വഴക്കുണ്ടായിരുന്നു. എന്നെ അടിക്കുകയും ഒരു വയസുള്ള കുഞ്ഞിനെ എടുത്തെറിയുകയും ചെയ്തു. അന്ന് നല്ല ബഹളമുണ്ടാക്കിയതിന് ശേഷം അടുത്ത വീട്ടില്‍ പറഞ്ഞാണ് അദ്ദേഹം പോകുന്നത്.

എനിക്ക് ഇതുവരെ മാനസികമായി ഒരു കുഴപ്പവുമില്ല. അവര്‍ ഉണ്ടാക്കി തന്ന മാനസിക അസ്വസ്ഥതകള്‍ മാത്രമേ എനിക്കുള്ളൂ. അങ്ങേര്‍ക്ക് ബന്ധമൊഴിയണമെങ്കില്‍ എനിക്കും സമ്മതം. കുട്ടികളുടെ കാര്യം കോടതി വിധിക്കുന്നത് പോലെ ഇരിക്കും,’ അഫ്‌സാന പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ ദിവസങ്ങള്‍ക്ക് മുമ്പ് തൊടുപുഴയില്‍ വെച്ച് കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസും, പ്രചരിക്കുന്ന ചിത്രവും വെച്ചായിരുന്നു തൊടുപുഴയില്‍ നിന്ന് നൗഷാദിനെ കണ്ടെത്തുന്നത്.

താന്‍ പേടിച്ചിട്ടാണ് നാട് വിട്ടതെന്നും ഭാര്യ എന്തുകൊണ്ടാണ് അങ്ങനൊരു മൊഴി നല്‍കിയതെന്നറിയില്ലെന്നും നൗഷാദ് അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഭാര്യയുമായി ചില വഴക്കുകളുണ്ടായിട്ടുണ്ടെന്നും ഇനി തിരികെ വീട്ടിലേക്ക് പോകില്ലെന്നുമാണ് അന്ന് നൗഷാദ് പറഞ്ഞത്.

എന്നാല്‍ അഫ്‌സാന നൗഷാദിനെ കൊലപ്പെടുത്തിയെന്ന് മൊഴി നല്‍കിയതായാണ് പൊലീസ് പറഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണിത്തിലായിരുന്നു നൗഷാദിനെ ജീവനോടെ കണ്ടെത്തിയത്.

CONTENT HIGHLIGHTS: afsana against police