പൊള്ളാര്‍ഡിനും കൂട്ടര്‍ക്കും വീണ്ടും അട്ടിമറി; ഇന്ത്യന്‍ മണ്ണില്‍ അഫ്ഗാന്‍ വിജയഗാഥ
Cricket
പൊള്ളാര്‍ഡിനും കൂട്ടര്‍ക്കും വീണ്ടും അട്ടിമറി; ഇന്ത്യന്‍ മണ്ണില്‍ അഫ്ഗാന്‍ വിജയഗാഥ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th November 2019, 11:20 pm

ലഖ്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് അഫ്ഗാനിസ്താന്‍ ട്വന്റി20 ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അടുത്ത രണ്ടു മത്സരങ്ങള്‍ വിജയിച്ചായിരുന്നു അഫ്ഗാന്‍ പരമ്പര നേടിയത്. ഇന്നു നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 29 റണ്‍സിന്റെ ആധികാരിക ജയമാണ് അഫ്ഗാന്‍ നേടിയത്.

സ്‌കോര്‍: അഫ്ഗാനിസ്താന്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 156 റണ്‍സ്. വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 127 റണ്‍സ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണു മത്സരം നടന്നത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അഫ്ഗാനു തുടക്കം പാളിയെങ്കിലും ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസിന്റെ മികച്ച ബാറ്റിങ് പ്രകടനമാണ് (52 പന്തില്‍ 79) ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആറ് ഫോറും അഞ്ച് സിക്‌സറും അടങ്ങുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിങ്‌സ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യ രണ്ട് വിക്കറ്റുകള്‍ 13 റണ്‍സിനിടെ നഷ്ടപ്പെട്ടെങ്കിലും ചെറിയ ചെറിയ കൂട്ടുകെട്ടുകളുണ്ടാക്കി ഗുര്‍ബാസ് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു. 16.2 ഓവറില്‍ സ്‌കോര്‍ 120-ലെത്തി നില്‍ക്കെ അഞ്ചാമനായാണ് ഗുര്‍ബാസ് പുറത്തായത്. അസ്ഗര്‍ അഫ്ഗാന്‍ (24) മാത്രമാണു കാര്യമായ പിന്തുണ നല്‍കിയത്.

വിന്‍ഡീസിനു വേണ്ടി ഷെല്‍ഡണ്‍ കോട്ട്രല്‍, കെസ്രിക് വില്യംസ്, കീമോ പോള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന്റെയും തുടക്കം പാളി. 16 റണ്‍സില്‍ നില്‍ക്കെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പിന്നീട് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പും (52) എവിന്‍ ലൂയിസും (24) ചില മിന്നലാട്ടങ്ങള്‍ നടത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും റണ്‍സ് വിട്ടുകൊടുക്കാതെ പിശുക്കു കാണിച്ചും അഫ്ഗാന്‍ മത്സരം ആധികാരികമായി സ്വന്തമാക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്യാപ്റ്റനും വെടിക്കെട്ട് വീരനുമായ കീറന്‍ പൊള്ളാര്‍ഡിനു നേടാനായത് 11 റണ്‍സാണ്. അതും 12 പന്തില്‍ നിന്ന്. അഫ്ഗാനു വേണ്ടി നവീന്‍ ഉള്‍ ഹഖ് മൂന്ന് വിക്കറ്റും മുജീബുര്‍ റഹ്മാന്‍, കരിം ജാനത്, ഗുല്‍ബാദിന്‍ നയിബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.