എഡിറ്റര്‍
എഡിറ്റര്‍
അണ്ടര്‍ 19 ക്രിക്കറ്റിന്റെ നാള്‍ വഴിയില്‍ ഇനി പുതു ചരിത്രം എഴുതാന്‍ അഫ്ഗാനിസ്ഥാനും
എഡിറ്റര്‍
Sunday 19th November 2017 8:36pm


കോലാലംപൂര്‍: അണ്ടര്‍ 19 ഏഷ്യാകപ്പ്് തുടങ്ങിയത് മുതല്‍ ചരിത്രത്തെ തിരുത്തിക്കുറിക്കുന്ന കാഴ്ച നാം ഒരുപാട് കണ്ടു. അവസാനത്തിലും അത് തന്നെ സംഭവിച്ചു. കപ്പില്‍ മുത്തമിട്ടവരുടെ ലിസ്റ്റില്‍ പുതിയ പേര് കുറിക്കപ്പെട്ടു. അതെ അണ്ടര്‍ 19 ഏഷ്യാകപ്പ്് ക്രിക്കറ്റിന് പുതിയ അവകാശികളായി, അഫ്ഗാനിസ്ഥാന്‍ ചരിത്രം മാറ്റിയെഴുതി.

വെറുതെയങ്ങനെ തട്ടി മുട്ടി ജയിച്ചതല്ല. മുന്‍ ചാമ്പ്യന്മാരായ പാകിസ്ഥാനെ 185 റണ്‍സിന് മുട്ട് കുത്തിച്ച് രാജകീയമായിത്തന്നെയായിരുന്നു വിജയം. പത്തരമാറ്റ് തിളക്കത്തോടെ. ക്രിക്കറ്റ് യുവതയിലെ ശക്തരായ ഇന്ത്യയും ശ്രീലങ്കയും അണി നിരന്ന ടൂര്‍ണമെന്റിലാണ് അഫ്ഗാന്റെ ചുണക്കുട്ടികള്‍ കിരീടം സ്വന്തമാക്കിയത്. മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന ഫൈനലില്‍ അഫ്ഗാന്റെ കരുത്തരായ ബാറ്റ്സ്മാന്‍മാര്‍ അടിച്ച് കൂട്ടിയത് 249 റണ്‍സായിരുന്നു.


Also Read: ഫോണ്‍ വിളി വിവാദം; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് ടി.പി പീതാംബരന്‍ മാസ്റ്റര്‍


എന്നാല്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ സ്ഥിതി അതി ദയനീയമായിരുന്നു. ഒന്നിനു പുറകെ ഒന്നായി എല്ലാവരും കൂടാരാം കയറി. 63 റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ എഴുതി അഫ്ഗാന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ പത്തി മടക്കി. 13 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത മുജീബ് സര്‍ദാനാണ് അഫ്ഗാനിസ്ഥാനെ കിരീടത്തിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്റെ വെടിക്കെട്ട് കാണാന്‍ കൊതിച്ച ആരാധകരെ നിരാശരാക്കിക്കൊണ്ട് ഓപ്പണര്‍മാരായ മുഹമ്മദ് ആരിഫിനെ 4 റണ്‍സിലും ഒമര്‍ യൂസുഫിനെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെയും ആദ്യ അഞ്ച് ഓവറിനുള്ളില്‍ തന്നെ മുജീബ് ഡ്രസ്സിംഗ് റൂമിലെത്തിച്ചു. രണ്ട് വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ പാകിസ്ഥാന്‍ നിലയില്ലാ കയത്തിലേക്ക് വീണു. 38 പന്തില്‍ 19 റണ്‍സെടുത്ത് അഹമ്മദ് താഹ ചെറുത്ത് നിന്നെങ്കിലും തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞില്ല.

ഖയിസ,് താഹയെ പുറത്താക്കിയതോടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ച് പാകിസ്ഥാന്‍ പതനം പൂര്‍ത്തിയാക്കി. അങ്ങനെ 22.1 ഓവറിനിപ്പുറം അഫ്ഗാന്‍ ജയിച്ച് കയറി. ഗ്രൂപ്പ് ഘട്ടത്തില്‍ 57 റണ്‍സിനും അഫ്ഗാന്‍ പാകിസ്ഥാനെ തോല്‍പിച്ചിരുന്നു. പാകിസ്ഥാന്‍ ബോളര്‍മാരെ കണക്കിന് പ്രഹരിച്ച് ഇക്രം അലി ഖില്‍ സ്വെഞ്ചുറി നേടിയിരുന്നു. പുറത്താകാതെ 107 റണ്‍സാണ് അലി ഖില്‍ അടിച്ച് കൂട്ടിയത്. 40 റണ്‍സുമായി റഹ്മാനുള്ള ഗുല്‍ബാസ് മികച്ച പിന്തുണയും നല്‍കിയിരുന്നു.

ടോസ്് നേടിയ പാകിസ്ഥാന്‍ അഫ്ഘാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുജീബ് സര്‍ദാനെ ടൂര്‍ണ്ണമെന്റിന്റെ താരമായി തിരഞ്ഞെടുത്തു. നേരത്തെ നേപ്പാളും അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ തകര്‍ത്ത് ചരിത്രം കുറിച്ചിരുന്നു.

Advertisement