താലിബാന്റെ തടവില്‍നിന്ന് 83 പേരെ അഫ്ഗാന്‍ സൈന്യം മോചിപ്പിച്ചു
World News
താലിബാന്റെ തടവില്‍നിന്ന് 83 പേരെ അഫ്ഗാന്‍ സൈന്യം മോചിപ്പിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 6th June 2019, 10:32 am

ഫര്യാബ് പ്രവിശ്യ (അഫ്ഗാനിസ്താന്‍): താലിബാന്‍ ജയിലില്‍ക്കഴിഞ്ഞിരുന്ന 83 പേരെ അഫ്ഗാനിസ്താന്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി ഫര്യാബ് പ്രവിശ്യയില്‍ അഫ്ഗാന്‍ സൈന്യം നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.

സൈനിക നീക്കം നടത്തിയ ഷഹീന്‍ കോറിന്റെ വക്താവ് മുഹമ്മദ് ഹനീഫ് റെസീയാണ് ഇന്നു രാവിലെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൈന്യം എത്തുന്നതിനു മുന്‍പേ താലിബാന്‍ ഭീകരര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നതായി റെസീ വ്യക്തമാക്കി.

രക്ഷപ്പെടുത്തിയവരെ തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സൈനിക ക്യാമ്പിലേക്കു മാറ്റിയിട്ടുണ്ട്. അതിനുശേഷം ഇവരെ കുടുംബാംഗങ്ങള്‍ക്കൊപ്പം അയക്കും.

സര്‍ക്കാരിനും സുരക്ഷാസേനകള്‍ക്കും വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഗ്രാമങ്ങളിലും ദേശീയപാതകളില്‍ നിന്നുമായി നൂറുകണക്കിനു പേരെ താലിബാന്‍ പിടികൂടുകയും തടവിലാക്കുകയും ചെയ്തിരുന്നു.

ഈവര്‍ഷമാദ്യം അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിലും പൊലീസ് പരിശീലന കേന്ദ്രത്തിലും താലിബാന്‍ നടത്തിയ അക്രമണത്തില്‍ 126 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം അവസാനം നടത്തിയ ആക്രമണത്തില്‍ 19 സൈനികരും കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിന് താലിബാന്‍ തയ്യാറാണെന്നും നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ആരുടെയും ഇടനില സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് താലിബാന്‍ കമാന്‍ഡര്‍ ഷേര്‍ ആഗ പറഞ്ഞിരുന്നു.

മറ്റ് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി സെപ്തംബര്‍ നാലിന് ചര്‍ച്ച നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ എതിര്‍പ്പുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ചര്‍ച്ച നീട്ടിവയ്ക്കുകയായിരുന്നു.