റാഷിദ് ഖാനും നബിയും വരുമോ? അഫ്ഗാനിലെ പ്രതിസന്ധിയില്‍പ്പെട്ട് ഐ.പി.എല്ലും
ipl 2021
റാഷിദ് ഖാനും നബിയും വരുമോ? അഫ്ഗാനിലെ പ്രതിസന്ധിയില്‍പ്പെട്ട് ഐ.പി.എല്ലും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 16th August 2021, 9:06 pm

കാബൂള്‍: അഫ്ഗാനില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉടലെടുക്കുന്ന വേളയില്‍, അഫ്ഗാന്‍ ക്രിക്കറ്റര്‍മാരുടെ ഭാവി അനിശ്ചിതത്തിലാവുകയാണ്. സെപ്തംബര്‍ 19ന് യു.എ.ഇയില്‍ വെച്ച് തുടരാനിരിക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്.

ഇന്ത്യയില്‍ ഏറെ ആരാധകരുള്ള റാഷിദ് ഖാനും മുഹമ്മദ് നബിയ്ക്കും ഐ.പി.എല്‍ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. റാഷിദ് ഖാനും നബിയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരങ്ങളാണ്.

നിലവില്‍ രണ്ട് പേരും യു.കെയില്‍ ഹണ്‍ഡ്രഡ് ടൂര്‍ണമെന്റ് കളിച്ചു കൊണ്ടിരിക്കുകയാണ്. നബി ലണ്ടന്‍ സ്പിരിറ്റ്സിന്റേയും റാഷിദ് ഖാന്‍ ട്രന്റ് റോക്കറ്റ്സിന്റേയും താരങ്ങളാണ്.

ബി.സി.സി.ഐയ്ക്കും ഇക്കാര്യത്തില്‍ ആശങ്കകളുണ്ട്. നിലവില്‍ ഒന്നും പറയാവുന്ന സാഹചര്യമല്ല, എല്ലാം ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും റാഷിദും മറ്റ് അഫ്ഗാന്‍ കളിക്കാരും ഐ.പി.എല്ലില്‍ പങ്കെടുക്കും എന്ന പ്രതീക്ഷയാണുള്ളതെന്നും ബി.സി.സി.ഐ പ്രതിനിധി പി.ടി.ഐയോട് പറഞ്ഞു.

ബി.സി.സി.ഐ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തും എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അഫ്ഗാന്‍ ജനതയ്ക്കായി റാഷിദ് ഖാനും നബിയും ലോകനേതാക്കളോട് സഹായമഭ്യര്‍ത്ഥിച്ചും ഈ വിഷയം ലോകത്തിന്‍ മുന്നില്‍ അവതരിപ്പിച്ചും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളുമായി എത്തിയിരുന്നു.

താലിബാനെ അംഗീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഈയൊരു സാഹചര്യത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളെ ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ ബി.സി.സി.ഐ അനുവദിക്കുമോ എന്നതാണ് സംശയമുണര്‍ത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Afghan Cricketers Rashid Khan Muhammed Nabi IPL