ആപത്തുകള്‍ അവസരമാക്കുന്നവര്‍, ഉടമയെ തൂക്കിലേറ്റുന്ന മൂലധനം
DISCOURSE
ആപത്തുകള്‍ അവസരമാക്കുന്നവര്‍, ഉടമയെ തൂക്കിലേറ്റുന്ന മൂലധനം
അഡ്വ.എം.ആര്‍ ഹരീഷ്
Saturday, 30th May 2020, 11:42 am

പതിവു ജീവിതരീതികളില്‍ നിന്ന് വ്യത്യസ്തമായ പലതും അവലംബിക്കാന്‍ കൊറോണ നമ്മെ പ്രേരിപ്പിച്ചു. ഇക്കാലത്തെ പ്രതിഷേധ സമരങ്ങള്‍ക്കും ഉണ്ടായി ഈ വ്യത്യസ്തത. അഞ്ചുപേര്‍ മാത്രം ചേര്‍ന്ന് ശാരീരിക അകലം പാലിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച (27/5/2020) കോഴിക്കോട് മാനാഞ്ചിറയിലെ ബി.എസ്.എന്‍.എല്‍ ഓഫീസിന്റെ വിശാലമായ ഗേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധസമരം അത്തരത്തിലൊന്നായിരുന്നു.

രാജ്യത്താകെ 6700 കേന്ദ്രങ്ങളിലാണ് ശാരീരിക അകലം പാലിച്ച് ചെറുപങ്കാളിത്തം മാത്രം ഉറപ്പാക്കി ഇത്തരത്തില്‍ സമരം നടന്നത്. പ്രധാനപ്പെട്ട പലതും ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്ന ഈ കാലത്ത് ഇത്തരമൊരു സമരം സംഘടിപ്പിക്കണമായിരുന്നോ എന്ന് ചിലരെങ്കിലും സന്ദേഹിക്കുന്നുണ്ടാവാം.

സര്‍ക്കാര്‍ നടപടികള്‍, നിയമങ്ങള്‍ എന്നിവ സംബന്ധിച്ച നിയമനിര്‍മ്മാണസഭകളിലെ ചര്‍ച്ചകള്‍ തെരുവോരങ്ങളേയും തെരുവോരങ്ങളിലെ ചര്‍ച്ചകള്‍ തിരിച്ചും കൊഴുപ്പിച്ചിരുന്നു, ശബ്ദമുഖരിതമാക്കിയിരുന്നു.

ഇപ്പോള്‍ സഭകളില്ല. ആ തെരുവോര ചര്‍ച്ചകളും സംവാദങ്ങളും ഇല്ല. ദൃശ്യമാധ്യമങ്ങള്‍ നിശ്ചയിക്കുന്ന പളുങ്കന്‍ വിഷയങ്ങളിലും അവര്‍ നിശ്ചയിക്കുന്ന അതിര്‍ത്തികളിലും തട്ടി മുടന്തുന്ന ചര്‍ച്ചകള്‍ പോലും ഇന്ന് പരിമിതപ്പെട്ടിരിക്കുന്നു.

ഈ കൊറോണക്കാലത്ത് മാത്രമല്ല, മഹാമാരികളുടെ കാലങ്ങളിലും ലോകത്തെ ഉലച്ച സാമ്പത്തിക പ്രതിസന്ധികളുടെ കാലങ്ങളിലും ചര്‍ച്ചകളുടേയും സംവാദങ്ങളുടേയും ഇടങ്ങള്‍ ഇങ്ങനെ ചിതറിപ്പോയിട്ടുണ്ട്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളും പരിഭ്രാന്തിയും ചിന്തകളെ അല്പകാലത്തേക്കെങ്കിലും മരവിപ്പിക്കുന്നുണ്ട്.

നാട്ടിലെ മിക്കയിടങ്ങളിലും കള്ളനെക്കുറിച്ചുള്ള സവിശേഷമായ ഒരു പരിഭ്രാന്തിക്ക് ഈ ലോക് ഡൗണ്‍ കാലം സാക്ഷിയായി. ഈ കള്ളന്‍ പേടി കാരണം ജനങ്ങള്‍ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കള്ളന് ഇരുട്ടിനെക്കാള്‍ നല്ല ‘മറ’ ലഭിച്ചത്. അസമയത്ത്/ഇരുളില്‍ കള്ളന്‍ ഒറ്റയാനാണ്.

ഇരുട്ടിലെ ഒറ്റയാന്‍ ശ്രദ്ധിക്കപ്പെടുന്നു. കൂടുതല്‍ ജാഗ്രതയുണര്‍ത്തുന്നു. എന്നാല്‍ കള്ളനെക്കുറിച്ചുള്ള പരിഭ്രാന്തിയില്‍ വീടിന് പുറത്തിറങ്ങുന്നയാള്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ പരിഭ്രാന്തി പരത്തുന്ന കള്ളന്‍ ആള്‍ക്കൂട്ടത്തെ തനിക്ക് താത്പര്യമുള്ള ദിശയിലേക്ക് ഓടിക്കുന്നു. കള്ളന്‍ മറുദിശയിലേക്കും. അതോടെ സ്വത്തായി കരുതപ്പെടുന്നതെന്തും നഷ്ടപ്പെടാം!

ഈ തന്ത്രം സമര്‍ത്ഥമായി ഉപയോഗിച്ച് ജനതയെ കൊള്ളയടിക്കുന്ന എത്രയോ ഭരണാധികാരികള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. നഷ്ടപ്പെടുന്നത് ജനങ്ങളുടെ ഭൂമിയും ആകാശവും നമ്മള്‍ മനുഷ്യര്‍ ഒരൊറ്റ ഗണമാണ് എന്ന ബോധവുമാകാം. വംശ- മതമൈത്രിയാകാം, സ്‌നേഹമെന്ന അമൂല്യരത്‌നവുമാകാം.

അങ്ങനെ നിരന്തരം പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് മനുഷ്യരെ അടക്കി നിര്‍ത്താം, ഓടിക്കാം, പരസ്പരം പോരടിപ്പിക്കുകയുമാവാം. നിയന്ത്രിക്കാനും ഇളക്കിവിടാനും ഭയവും പരിഭ്രാന്തിയും ഉപയോഗിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ പ്രതിസന്ധിയും മൂലധന വികാസത്തിന്റെ വൈരുദ്ധ്യങ്ങളും മറച്ചുവെക്കാനായാണ് വര്‍ഗ്ഗീയ/വംശീയ പരിഭ്രാന്തി സൃഷ്ടിക്കുന്നത് എന്നത് ഒരു പഴയകാല തിയറിയായി നാം തള്ളുന്നു.

പരിഭ്രാന്തി സൃഷ്ടിച്ച് അല്ലെങ്കില്‍ ഭയപ്പെടുത്തി ഉന്മാദരോഗികളെ വരുതിക്ക് നിറുത്തുന്നത് പണ്ടുമുതലേ മന:ശാസ്ത്രചികിത്സയിലുള്ള ഒരു രീതിയാണ്. കടുത്ത ചായക്കൂട്ടുകളുടെ മന്ത്രവാദമായാലും അതിന്റെ ഭാഗമായ ചൂരല്‍ പ്രയോഗമായാലുമെല്ലാം ലക്ഷ്യം രോഗിയെ പരിഭ്രാന്തിയിലാഴ്ത്തി – ഭയപ്പെടുത്തി മെരുക്കുകയാണ്.

ആധുനിക മാനസിക വൈദ്യത്തില്‍ ഷോക്ക് എന്ന് അതിനെ പരിഭാഷപ്പെടുത്തി പറയും എന്നു മാത്രം.

ഈ ഷോക് ട്രീറ്റ്‌മെന്റ് മനശാസ്ത്രത്തില്‍ മാത്രമല്ല, സാമ്പത്തികശാസ്ത്രത്തിലും പ്രയോഗിക്കുന്നു എന്നാണ് 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് നവോമി ക്ലെയിന്‍ (Naomi klein ) എന്ന പത്രപ്രവര്‍ത്തക പറഞ്ഞത്, ലോകം ചര്‍ച്ച ചെയ്തത്.

നവോമിയുടെ ‘Shock doctrine – The rise of disaster capitalism’ എന്ന പുസ്തകം മുതലാളിത്ത ധനകാര്യ സ്ഥാപനങ്ങള്‍ ഉണ്ടാക്കിവെച്ച സാമ്പത്തിക മാന്ദ്യത്തെ ജനങ്ങളുടെ മുമ്പാകെ പെരുപ്പിച്ചവതരിപ്പിച്ച്, സര്‍വ്വതും തകര്‍ന്നു മുങ്ങുകയാണ് എന്നുപറഞ്ഞ് പേടിപ്പിച്ച് ഈ ധനകാര്യ സ്ഥാപനങ്ങളെ മൂക്കുകയറിടുന്നതിന് പകരം ജനങ്ങളെ മുണ്ട് മുറുക്കി ഉടുപ്പിച്ച് അവയെ രക്ഷിച്ചെടുക്കാന്‍ പയറ്റിയ തന്ത്രങ്ങളെയാണ് അനാവരണം ചെയ്യുന്നത്. അതെ, ആപത്തിനെ അവസരമാക്കുക തന്നെ!

പറഞ്ഞുവന്നത് സാധാരണ നില കൈവരുന്നത് കാത്തുനില്‍ക്കാതെ അഞ്ചോ ആറോ പേര്‍ പങ്കെടുത്തുകൊണ്ട് അടിയന്തിരമെന്നവണ്ണം നടത്തിയ കര്‍ഷക സമരത്തെക്കുറിച്ചാണ്. കാര്‍ഷികോത്പന്നങ്ങള്‍ക്ക് സംഭരണവില ഇല്ലെന്നുള്ള കേന്ദ്ര ധനകാര്യമന്ത്രിയുടെ പാക്കേജ് പ്രഖ്യാപനം അത്ര നിര്‍മ്മലമായ കാര്യമല്ല എന്നാണ് അവര്‍ മുദ്രാവാക്യം മുഴക്കിയത്.

ഇനിമേല്‍ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിക്കാമത്രെ! കരാര്‍കൃഷിയും അനുവദിച്ചിരിക്കുന്നു! ഇനി വിത്തിറക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ റിലയന്‍സിനും മറ്റും ഉത്പന്നങ്ങള്‍ക്ക് വില ഉറപ്പിച്ച് ഭാവി ഉത്പന്നം തങ്ങളുടേതാക്കാം. അവരുടെ ഇഷ്ടാനിഷ്ടമനുസരിച്ച് (വിപണിലാഭം മാത്രം നോക്കി) കൃഷിചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. കൂടാതെ ഇനി കുത്തകകള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരം കൂടി അനുവദിച്ചിരിക്കുന്നു.

സ്വദേശ -വിദേശ ഓണ്‍ലൈന്‍ കുത്തകകള്‍ക്ക്-ആമസോണ്‍, ഫ്‌ലിപ്ക്കാര്‍ട്ട്- എന്നിവയ്ക്ക് ഇനി ഇന്ത്യന്‍ കാര്‍ഷികമേഖല ഒരു കറവപ്പശുവായിരിക്കും. അതിന്റെ ഫലം കറവ വറ്റുക എന്നതാണ്.

കറവ വറ്റിയ കാര്‍ഷികരംഗമെന്നാല്‍ ഭക്ഷ്യ സുരക്ഷയില്ലാത്ത, ക്ഷാമങ്ങളുടെ ഇന്ത്യ എന്നാണ് അര്‍ത്ഥം. ഉത്പന്നങ്ങള്‍ക്കൊപ്പം ആത്മഹത്യയും വിളയുന്ന ഇന്ത്യന്‍ പാടങ്ങളിലെ കര്‍ഷകര്‍ക്കായി ന്യായവിലയായി ചിലവും അതിന്റെ പാതിയും ഉറപ്പാക്കും എന്ന മാനിഫെസ്റ്റോ വാഗ്ദാനം മാറ്റിവെക്കുമത്രെ! സര്‍വ്വശക്തനായ കമ്പോള നിയമം പരസ്പരം പ്രതിപ്രവര്‍ത്തിച്ച് എല്ലാം ശരിയായി നടത്തും.

കമ്പോളം കലിയുഗവരദനാണ്. ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഉചിതമായ അവതാരരൂപമുണ്ടാകും. കമ്പോളത്തിന്റെ നീതിശാസ്ത്രത്തില്‍ ഉത്പന്നങ്ങള്‍ വാങ്ങിക്കാം, സംഭരിക്കാം. ഓണ്‍ലൈനില്‍ വിലപറയാം. വിതക്കും മുമ്പേ കരാറുറപ്പിച്ച് ഉത്പന്നങ്ങള്‍ അതേ കമ്പനിയുടെ
റീട്ടെയ്ല്‍ ഔട്ട് ലെറ്റിലൂടെ ചില്ലറ വ്യാപാരവുമാവാം.

അതേ കമ്പനിയുടെ ഗോഡൗണില്‍ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാമത്രെ! അവശ്യവസ്തു നിയമം ബാധകമാവില്ലത്രെ! ലാഭേച്ഛയാല്‍ പൂഴ്ത്തിവെച്ച് കൃത്രിമക്ഷാമം സൃഷ്ടിക്കാനിടയാക്കും എന്നും കരിഞ്ചന്ത ഒഴിവാക്കാന്‍ നിയമം വേണം എന്ന് പറയുന്നതും സ്വാതന്ത്ര്യലംഘനമാണ്. യാഥാസ്ഥിതിക വാദമാണ്. Less governance ആണ് ഇന്നിന്റെ നീതി! (അതൊരു പഴയകാല ;ആദം സ്മിത്തിന്റെ കാലത്തോളം പഴക്കമുള്ള യാഥാസ്ഥിതിക വാദമാണ് എന്ന കാര്യം മറച്ചുവെക്കുന്നു)

ഇന്ത്യയുടെ മരണം 4500 കടന്നിട്ടും കോവിഡിനെ നേരിടാന്‍ GDP യുടെ 10% എന്ന് പറഞ്ഞാണ് 20 ലക്ഷം കോടിയുടെ പാക്കേജ് എന്ന പ്രഖ്യാപനമുണ്ടായത്. എന്നാല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്കുള്ള സബ്‌സിഡി മാറ്റിനിര്‍ത്തിയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പാക്കേജിനായി ചെലവഴിക്കുന്നത് ഒന്നര ലക്ഷം കോടി രൂപയില്‍ താഴെയായിരിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു (മാതൃഭൂമി 18/5/20).

എന്നാല്‍ ഇത്രയധികം ആള്‍നാശം വന്നിട്ടും സംസ്ഥാന സര്‍ക്കാറുകളുടെ ആരോഗ്യമേഖലയിലെ ഇടപെടല്‍ ശക്തമാക്കാന്‍ തുകയൊന്നുമില്ല! പണമില്ലത്രെ! 2008 ലെ സാമ്പത്തികപ്രതിസന്ധി വന്നപ്പോള്‍ ഇത്ര ആള്‍നാശമൊന്നും സമീപമാസങ്ങളിലെങ്കിലും ഉണ്ടാവും എന്ന് ആരും പ്രവചിച്ചിരുന്നില്ല.

പക്ഷെ ഓഹരിവിപണിയില്‍ സെന്‍സെക്‌സ് താഴ്ന്നു. ഉടനെ പരിഭ്രാന്തി പടര്‍ത്തപ്പെട്ടു. എന്തുചെയ്തും ഓഹരിവിപണിയെ രക്ഷിച്ചില്ലെങ്കില്‍ കൂട്ടമരണം സംഭവിക്കും എന്നപോലായിരുന്നു ഗവണ്‍മെന്റിന്റെ ആ പേടിപ്പെടുത്തല്‍. ആള്‍നാശമൊന്നും ഉണ്ടായില്ലെങ്കിലും GDP യുടെ 16% വരുന്ന സാമ്പത്തിക ഉത്തേജകപാക്കേജാണ് രണ്ടു മൂന്നു ഘട്ടങ്ങളായി പ്രഖ്യാപിക്കപ്പെട്ടത്.

കൊറോണ കൊണ്ട് ചത്തുമലയ്ക്കുന്ന ആയിരക്കണക്കിന് മനുഷ്യരല്ലാ; മൂലധനത്തിന്റെ പെറ്റുപെരുകലിന് സംഭവിക്കുന്ന തടസ്സങ്ങളാണ് ഇവര്‍ക്ക് വേവലാതി ഉണ്ടാക്കുന്നത്. നമ്മുടെ വ്യവസ്ഥയില്‍ മനുഷ്യര്‍ക്കല്ല, മൂലധനത്തിനാണ് പ്രാമുഖ്യം. മൂലധനം പല മടങ്ങ് പെരുകുമെങ്കില്‍ മൂലധനം അതിന്റെ ഉടമയെ തൂക്കിലേറ്റാനും മടിക്കില്ല എന്ന് മുതലാളിത്തത്തെ അഴിച്ചുപരിശോധിച്ച മാര്‍ക്‌സ് ഒന്നര ശതാബ്ദം മുമ്പ് പറഞ്ഞ ഒരു പഴയ കാര്യമാണ്!

കൊറോണയുടെ മരണനൃത്തത്തില്‍ ഇന്ത്യന്‍ ജനത ശ്വാസം മുട്ടി മരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലും അതിലും മാരകസത്യമായി മൂലധനം ചുടലനൃത്തം തുടരുന്നു.