'കുരിശു ചുമന്നവനേ നിന്‍വഴി തിരയുന്നൂ ഞങ്ങള്‍'; ദിലീപിനെ അനുകൂലിച്ച ഡോ.സെബാസ്റ്റ്യന്‍ പോളിനെ പരിഹസിച്ച് അഡ്വ:എ ജയശങ്കര്‍
Kerala
'കുരിശു ചുമന്നവനേ നിന്‍വഴി തിരയുന്നൂ ഞങ്ങള്‍'; ദിലീപിനെ അനുകൂലിച്ച ഡോ.സെബാസ്റ്റ്യന്‍ പോളിനെ പരിഹസിച്ച് അഡ്വ:എ ജയശങ്കര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2017, 9:01 am

കോഴിക്കോട്: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലുള്ള ദിലീപിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെ പരിഹസിച്ച് അഡ്വ: എ ജയശങ്കര്‍. ഗാഗുല്‍ത്താ മലയില്‍ നിന്നും വിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ എന്ന് ഗാനത്തിന്റെ വരികള്‍ ഉദ്ദരിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റ പരിഹാസം.

ഏഴുമാസം പഴക്കമായ കേസില്‍ തെളിവുകള്‍ ആവോളമായെങ്കില്‍ ഇനി ദിലീപിന്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കരുത്. അയാളെ പുറത്തുനിര്‍ത്തി നമുക്കു വിചാരണയിലേക്കു കടക്കാം.” ഈ അഭിപ്രായം കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എയുടേതല്ല. മുകേഷിന്റെയോ ഇന്നസെന്റിന്റെയോ പിസി ജോര്‍ജിന്റെയോ അല്ല ഭരണഘടനാപാരംഗതനും ചിന്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുന്‍ എംപി ഡോ.സെബാസ്റ്റ്യന്‍ പോളാണ്. അദ്ദേഹം പറഞ്ഞു.

ജാമ്യം കൊടുക്കണം എന്നിടത്തു തീരുന്നില്ല, ഡോക്ടറുടെ മനോഗുണ പ്രവൃത്തി. ദിലീപിനെ അബ്ദുല്‍ നാസര്‍ മഅദനിയോടും കര്‍ത്താവ് ഈശോമിശിഹായോടും ഉപമിക്കുന്നു, ഗൂഢാലോചന ഇല്ലെന്ന പിണറായി വചനം ഓര്‍മ്മിപ്പിക്കുന്നു, കേസുതന്നെ കെട്ടിച്ചമച്ചതാണെന്ന സംശയം പ്രകടിപ്പിക്കുന്നു, “മഞ്ജു വാരസ്യാരും” എഡിജിപി സന്ധ്യയും തമ്മില്‍ ഗൂഢാലോചന നടത്തി ദിലീപിനെ കുടുക്കിയതായും സൂചിപ്പിക്കുന്നു അദ്ദേഹം ചൂണ്ടി കാട്ടി.


Also read ‘താങ്കള്‍ പുലര്‍ത്തിയിരുന്ന മാധ്യമ ധര്‍മ്മത്തിന് ആദരാഞ്ജലികള്‍’; സെബാസ്റ്റ്യന്‍ പോളിനു മറുപടിയുമായി നടിയുടെ ബന്ധു


ജനപ്രിയ നായകന് ജയിലില്‍ ചെന്ന് ഓണക്കോടി കൊടുത്ത പത്മശ്രീ ജയറാമിനെയും അല്പം അതിരുവിട്ടു സംസാരിച്ച ഗണേശനെയും അഭിനന്ദിക്കുന്നു, റോമന്‍ പടയാളികളെ ധിക്കരിച്ച വെറോണിക്കയുടെ “പുണ്യം പതിഞ്ഞ തൂവാല”യുടെ പുരാണകഥ അനുസ്മരിപ്പിക്കുന്നു.കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി വ്യക്തമാക്കിയിട്ടുണ്ട്: “ഇത് ഉപകാരസ്മരണയോ പ്രത്യുപകാരമോ അല്ല. ഉപകാരത്തിന്റെ കണക്ക് ഞങ്ങള്‍ തമ്മിലില്ല”. ജയശങ്കര്‍ പരിഹസിക്കുന്നു.

വീഴുന്നവനെ ചവിട്ടുന്ന സമൂഹവും നനഞ്ഞേടം കുഴിക്കുന്ന മാധ്യമങ്ങളും (പ്രത്യേകിച്ച് വിനു-വേണു ടീം) സെബാസ്റ്റ്യന്‍ പോളിനെ അപഹസിക്കും, “അവനെ ക്രൂശിക്ക!” എന്ന് ആര്‍ത്തുവിളിക്കും, മുള്‍ക്കിരീടം അണിയിച്ച്, ചമ്മട്ടി കൊണ്ടടിച്ച് ഗാഗൂല്‍ത്തായിലേക്ക് നയിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.