ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് മനോഹര്‍ പരീക്കര്‍
ന്യൂസ് ഡെസ്‌ക്
Friday 12th October 2018 10:09am

പനാജി: ദല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ചികിത്സ തുടരുന്നതിനിടെയാണ് ആശുപത്രിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചത്.

പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞു വന്നതിന് പിന്നാലെ സെപ്റ്റംബര്‍ 15 മുതല്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് പരീക്കര്‍.

എയിംസ് ആശുപത്രിയില്‍ വെച്ച് മന്ത്രിസഭാ യോഗം നടത്താന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് അറിയിച്ചത്. രാവിലെ 10 മണിയോടെയാണ് യോഗം ആരംഭിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ ഭരണസാഹചര്യം വിലയിരുത്തുന്നതാവും യോഗം.


ആക്രമണത്തിനിരയായ നടിക്ക് പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ ആരും ഉണ്ടായില്ല; എ.എം.എം.എക്കെതിരെ അഞ്ജലി മേനോന്‍


മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സംസ്ഥാന ഭരണം താളംതെറ്റിയ നിലയിലാണെന്ന ആരോപണം പ്രതിപക്ഷം നിരവധി തവണ ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാന്‍ ആരുമില്ലെന്നും മന്ത്രിമാര്‍ അവര്‍ക്ക് തോന്നിയതുപോലെ കാര്യങ്ങള്‍ ചെയ്യുകയാണെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തന്നെ പ്രത്യേക മന്ത്രിസഭാ യോഗം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നാണ് അറിയുന്നത്.

അതേസമയം യോഗത്തിലെ അജണ്ടകള്‍ എന്തെല്ലാമാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും യോഗത്തിന് എത്തിച്ചേരണമെന്ന അറിയിപ്പ് മാത്രമാണ് ലഭിച്ചതെന്നും മന്ത്രിമാര്‍ പ്രതികരിച്ചു. എയിംസില്‍ ചികിത്സ ആരംഭിച്ചതിന് പിന്നാലെ പരീക്കറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ആദ്യമന്ത്രിസഭാ യോഗം കൂടിയാണ് ഇത്.

പരീക്കര്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും മന്ത്രിസഭയില്‍ ചില അഴിച്ചുപണികളുണ്ടാകുമെന്നും കഴിഞ്ഞ മാസം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു വ്യക്തമാക്കിയത്. ഗോവയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയസാഹചര്യത്തിലായിരുന്നു ഇത്.

Advertisement