മുത്തങ്ങ സമരം: മനോരോഗിയായ ആദിവാസി സ്ത്രീയെ സി.ബി.ഐ അറസ്റ്റ് ചെയ്ത് വഴിയില്‍ തള്ളി
Daily News
മുത്തങ്ങ സമരം: മനോരോഗിയായ ആദിവാസി സ്ത്രീയെ സി.ബി.ഐ അറസ്റ്റ് ചെയ്ത് വഴിയില്‍ തള്ളി
ന്യൂസ് ഡെസ്‌ക്
Tuesday, 30th September 2014, 5:17 pm

nilpusamaram[] വയനാട്: മാനസിക അസ്വസ്ഥതയുള്ള ആദിവാസി സ്ത്രീയെ സി.ബി.ഐ അറസ്റ്റ് ചെയ്ത് പെരുവഴിയില്‍ തള്ളിയ സംഭവം വിവാദമാകുന്നു. ചീരാല്‍ മുരിക്കിലാടി ആദിവാസി കോളനിയിലെ മാരിയെയാണ് ചെന്നൈ സി.ബി.ഐ യൂണിറ്റിലെ എ.എസ്.ഐ എ.പി കുമാരനും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അറസ്റ്റ് ചെയ്ത ശേഷം പെരുവഴിയില്‍ തള്ളിയത്.

സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആദിവാസി ഗോത്രസഭ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിലേറെയായി മനോനില തകരാറിലായ മാരി മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസിലെ 45ാം പ്രതിയാണ്. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തതിനാല്‍ മാരിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

മാനസിക നില തകരാറിലായ മാരിയെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഗോത്ര മഹാസഭയുടെ വക്കീലിന്റെ ആവശ്യപ്രകാരം അവരെ കേസില്‍ നിന്ന് സി.ജെ.എം കോടതി ഒഴിവാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ മാരിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാരിയുടെ ഇളയ മകളെയും അറസ്റ്റ് ചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇരുവരെയും സുല്‍ത്താന്‍ ബത്തേരി ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മനോരോഗിയായ മാരിക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ പോലും ഉറപ്പാക്കാതെ മടങ്ങിയ സി.ബി.ഐ സംഘം അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയിരുന്നു.

ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര വകുപ്പിന് പരാതി നല്‍കുമെന്ന് ഗോത്രമഹാസഭ അറിയിച്ചു. മുത്തങ്ങ സമരക്കാര്‍ക്കെതിരെ മാനുഷിക പരിഗണന വെച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നടപടി.
അതേസമയം 85 ദിവസം പിന്നിട്ട നില്‍പ്പ് സമരം ഇനിയും ശക്തിപ്പെടുത്തുമെന്ന് ഗോത്രമഹാസഭ അറിയിച്ചു. നില്‍പ്പ് സമരം തുടരുമ്പോഴും പൂക്കോട് വനഭൂമിയില്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി മലനിരകള്‍ ഇടിച്ചു നിരത്തുകയാണെന്നും പുനരധിവാസം പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഗോത്രമഹാസഭ ആരോപിച്ചു.