സച്ചിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയന്‍ അംഗത്വം നല്‍കണം: ആദം ഗില്‍ക്രിസ്റ്റ്
DSport
സച്ചിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയന്‍ അംഗത്വം നല്‍കണം: ആദം ഗില്‍ക്രിസ്റ്റ്
ന്യൂസ് ഡെസ്‌ക്
Tuesday, 30th October 2012, 11:13 am

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വം നല്‍കാനുള്ള തീരുമാനം ഉചിതമാണെന്ന് മുന്‍ ഓസീസ്താരം ആദം ഗില്‍ക്രിസ്റ്റ്.

ആ പദവി നല്‍കാന്‍ എന്തുകൊണ്ടും അര്‍ഹനായ വ്യക്തിയാണ് സച്ചിനെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. സച്ചിനെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് ഓസ്‌ട്രേലിയയിലുള്ളത്.[]

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സച്ചിന്റെ സാന്നിധ്യവും സഹായിച്ചിട്ടുണ്ട്. സച്ചിനെ ഓസ്‌ട്രേലിയ ആദരിക്കുന്നതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജി ക്രിക്കറ്റില്‍ കളിക്കാന്‍ തയാറെടുക്കുന്നതായി സച്ചിന്‍ പ്രഖ്യാപിച്ചത് അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള ആത്മാര്‍ത്ഥയാണ് കാണിക്കുന്നതെന്നും ഇതിനെ അവഗണിക്കാന്‍ കഴിയില്ലെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ആണ് സച്ചിനെ ആദരിക്കുമെന്ന് പ്രഖ്യാപിച്ചത്. അപൂര്‍വമായാണ് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വം ഓസ്‌ട്രേലിയക്കാരല്ലാത്തവര്‍ക്ക് നല്‍കുന്നതെന്നും എന്നാല്‍ സച്ചിന്‍ എന്തുകൊണ്ടും ഇതിന് അര്‍ഹനാണെന്നും ഗില്ലാര്‍ഡ് പറഞ്ഞിരുന്നു.

എന്നാല്‍ സച്ചിന് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ നല്‍കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗത്വം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കുള്ളതാണെന്ന വാദമാണ് ഹെയ്ഡന്‍ ഉന്നയിച്ചത്.