'ഓസീസ് നഗ്നപാദരായി പന്തെറിയണം' എന്ന് പരിഹാസം; 'വിഡ്ഢി' എന്നുവിളിച്ച് മറുപടി; ഗ്രൗണ്ടിന് പുറത്തെ പോര് വോനും ഗില്ലിയും തമ്മില്‍
ICC WORLD CUP 2019
'ഓസീസ് നഗ്നപാദരായി പന്തെറിയണം' എന്ന് പരിഹാസം; 'വിഡ്ഢി' എന്നുവിളിച്ച് മറുപടി; ഗ്രൗണ്ടിന് പുറത്തെ പോര് വോനും ഗില്ലിയും തമ്മില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th July 2019, 11:38 pm

എജ്ബാസ്റ്റണ്‍: കളിക്കളത്തിലുള്ളവരെക്കാള്‍ കളിക്കളം വിട്ടവരുടെ വാക്‌പോരുകള്‍ക്കാണ് ഇത്തവണ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നത്. ഇന്നത്തെ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ സെമിഫൈനലിനെച്ചൊല്ലി ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോനും ഓസീസ് മുന്‍താരം ആദം ഗില്‍ക്രിസ്റ്റും ട്വിറ്ററില്‍ നടത്തിയ അങ്കമാണ് ഇന്നു ശ്രദ്ധേയമായത്.

ആദ്യം തുടക്കമിട്ടത് വോനായിരുന്നു. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ ടീമിനെ അനായാസമായി വിജയത്തിലേക്കു നയിക്കവെ ഓസീസ് ബൗളര്‍മാരെ പരിഹസിച്ച് വോനിട്ട ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘ഓസീസുകാര്‍ നഗ്നപാദരായി പന്തെറിയുന്നത് ഒന്നു ശ്രമിക്കണം.’

ഇതിനു മറുപടിയായി ‘വിഡ്ഢി’ എന്നാണ് ഗില്ലി വോനെ വിളിച്ചത്. തൊട്ടുപിറകെ നഗ്നപാദങ്ങള്‍ കാണിക്കുന്ന ജിഫ് ഫയലാണ് വോനിട്ടത്.

ഉടന്‍തന്നെ വന്നു ഗില്ലിയുടെ തകര്‍പ്പന്‍ മറുപടി- ‘ജേസണ്‍ റോയിക്കു ഞായറാഴ്ചത്തെ കളി നഷ്ടപ്പെടും. താങ്കള്‍ അന്നത്തേക്ക് പകരം ഉണ്ടാവുമെന്നു വിശ്വസിക്കുന്നു.’

ഇംഗ്ലണ്ടിനുവേണ്ടി 85 റണ്‍സ് നേടി ടോപ് സ്‌കോററായ റോയിക്ക് അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാനാവില്ലെന്നും സൂചിപ്പിച്ചായിരുന്നു ഗില്ലിയുടെ അവസാന ട്വീറ്റ്.

പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പുള്‍ ഷോട്ടിനു ശ്രമിക്കവെ വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് അദ്ദേഹം പുറത്താകുന്നത്. ഏറെനേരം എടുത്താണ് അമ്പയര്‍ കുമാര്‍ ധര്‍മസേന ഓസീസിന് അനുകൂലമായ തീരുമാനമെടുക്കുന്നത്.

നേരത്തേതന്നെ ഇംഗ്ലണ്ടിന്റെ റിവ്യു നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അമ്പയര്‍ റിവ്യൂ സിഗ്നല്‍ കാണിച്ചു. ഓസ്‌ട്രേലിയയാണ് ഈ തെറ്റ് ചൂണ്ടിക്കാണിച്ചത്.

അതിനിടെ ബോള്‍ വൈഡാണെന്നു ചൂണ്ടിക്കാട്ടി റോയ് സ്‌ക്വയര്‍ ലെഗ് അമ്പയര്‍ മറൈസ് ഇറാസ്മസിനു നേര്‍ക്കുചെന്നു. അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് അദ്ദേഹം ഗ്രൗണ്ട് വിട്ടത്.

അമ്പയറുടെ തീരുമാനത്തോടു വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഐ.സി.സിയുടെ അച്ചടക്ക നടപടി നേരിടാവുന്ന കുറ്റമാണ്. വേണമെങ്കില്‍ മാച്ച് റഫറി രഞ്ജന്‍ മഡുഗലെയ്ക്ക് റോയിക്കെതിരെ നടപടിയെടുക്കാം. പിഴയല്ലാതെ വിലക്കാണ് തീരുമാനമെങ്കില്‍ ഫൈനല്‍ അദ്ദേഹത്തിനു നഷ്ടമാകും.