രണ്ടാം വിവാഹത്തില്‍ നിന്നും സ്ത്രീകള്‍ മടിച്ച് നില്‍ക്കുന്നു, ഞങ്ങളെ ഒന്നിപ്പിച്ചത് മക്കളാണ്: യമുന
Entertainment news
രണ്ടാം വിവാഹത്തില്‍ നിന്നും സ്ത്രീകള്‍ മടിച്ച് നില്‍ക്കുന്നു, ഞങ്ങളെ ഒന്നിപ്പിച്ചത് മക്കളാണ്: യമുന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th December 2022, 9:33 pm

സിനിമയിലൂടെ സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് യമുന. കഴിഞ്ഞ വര്‍ഷമാണ് യമുന, ദേവന്‍ എന്ന വ്യക്തിയെ
വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുനയുടെ വിവാഹം.

ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ടെന്നും അവര്‍ക്ക് തന്റെ ജീവിതം പ്രചോദനമാകട്ടെയെന്നാണ് യമുന പറയുന്നത്. സമൂഹം എന്ത് കരുതും എന്ന് വിചാരിച്ചിട്ടാണ് പലരും രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതെന്നും തന്നെ പരിചയപ്പെട്ട പലരും വീണ്ടും വിവാഹം കഴിക്കുന്നതില്‍ നിന്നും ഒഴിഞ്ഞ് മാറുന്നത് അതുകൊണ്ടാണെന്നുമാണ് യമുന പറഞ്ഞത്.

ഒറ്റക്ക് ജീവിക്കുന്ന അച്ഛനെയും അമ്മയേയും കല്യാണം കഴിപ്പിക്കാന്‍ മക്കള്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്യണമെന്നും യമുന പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് യമുന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരുപാട് ഒറ്റപെട്ട് ജീവിക്കുന്ന സ്ത്രീകളുണ്ട്. മറ്റുള്ളവര്‍ എന്ത് പറയും എന്ന് വിചാരിച്ചിട്ടാണ് അവര്‍ മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാത്തത്. മക്കള്‍ക്ക് രണ്ടാം വിവാഹം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാവില്ലെ, സൊസൈറ്റി എന്ത് പറയും എന്നൊക്കെയാണ് രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ സ്ത്രീകളെ പിന്തിരിപ്പിക്കുന്ന കാര്യം.

എന്നോട് സംസാരിച്ച പലര്‍ക്കും ഉള്ളിന്റെ ഉള്ളില്‍ അത്തരത്തില്‍ രണ്ടാമത് ഒരു വിവാഹം വേണമെന്ന ആഗ്രഹമുള്ളവരാണ്. പക്ഷെ അവര്‍ ഇത്തരം കാര്യങ്ങള്‍ കൊണ്ടാണ് മടിച്ച് നില്‍ക്കുന്നത്. ഒറ്റക്ക് ജീവിക്കുന്ന അച്ഛനെയും അമ്മയേയും കല്യാണം കഴിപ്പിക്കാന്‍ മക്കള്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്യണം.

ഒരു സമയം കഴിഞ്ഞാല്‍ മക്കള്‍ അവരുടെ ലൈഫിലേക്ക് പോകും. അത് കഴിഞ്ഞാല്‍ പിന്നെ ഇവര്‍ ഒറ്റപ്പെട്ട് പോകും. ഞങ്ങളുടെ വിവാഹം കണ്ടിട്ട് അത്തരത്തിലുള്ള മക്കള്‍ക്ക് ഒരു മോട്ടിവേഷന്‍ ആവട്ടെ. സൊസൈറ്റിക്കും മാറ്റം ഇതിലൂടെ വരണം.

ഞങ്ങളുടെ മക്കള്‍ തന്നെയാണ് വിവാഹം നടത്തി തന്നത്. അവര്‍ പഠിച്ചിട്ട് ഇന്ത്യയില്‍ നിന്നും പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. അപ്പോള്‍ ഞങ്ങളെക്കുറിച്ചുള്ള പേടിയായിരിക്കും ഉണ്ടാവുക. അതില്ലാതിരിക്കാന്‍ പരസ്പരം ഞങ്ങള്‍ക്ക് ഒരു കൂട്ട് വേണമെന്ന് അവര്‍ ആഗ്രഹിച്ചു,” യമുന പറഞ്ഞു.

content highlight: actress yamuna about her second marriage