'ആ സീന്‍ എടുക്കുമ്പോള്‍, പെട്ടെന്ന് എടുക്കാന്‍ പറയെന്ന് പറഞ്ഞ് ഞാന്‍ ജയറാമിനെ നഖം വെച്ച് കുത്തുമായിരുന്നു'; ഉര്‍വശി
Movie Day
'ആ സീന്‍ എടുക്കുമ്പോള്‍, പെട്ടെന്ന് എടുക്കാന്‍ പറയെന്ന് പറഞ്ഞ് ഞാന്‍ ജയറാമിനെ നഖം വെച്ച് കുത്തുമായിരുന്നു'; ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th July 2021, 4:33 pm

കൊച്ചി: മലയാളത്തിന്റെ മുന്‍നിര നായികമാരില്‍ ഒഴിച്ചുകൂടാനാകാത്ത പേരാണ് ഉര്‍വശി. ആദ്യ സിനിമ മുതല്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവയായിരുന്നു.

എന്നാല്‍ അഭിനയത്തില്‍ തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു പ്രണയ സീനുകളില്‍ അഭിനയിക്കുക എന്ന് പറയുകയാണ് ഉര്‍വശി. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയായിരുന്നു ഉര്‍വശിയുടെ മറുപടി.

‘എനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് പ്രണയ സീനുകളില്‍ അഭിനയിക്കുക എന്നത്. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് പറഞ്ഞ് തരും, മോളെ തല താഴ്ത്തി ഒന്ന് ചിരിച്ച് നില്‍ക്കണം എന്ന്. ഇതാണ് നാണം എന്ന്. എന്റെ ഏത് സിനിമയെടുത്ത് നോക്കിയാലും കാണാം ഇത്. എനിക്ക് അത്രയെ അറിയുമായിരുന്നുള്ളു,’ ഉര്‍വശി പറഞ്ഞു.

മാളുട്ടി സിനിമയില്‍ ജയറാമിനോടൊപ്പമുള്ള പ്രണയ രംഗങ്ങള്‍ ചിത്രീകരിച്ചപ്പോഴുണ്ടായ അനുഭവവും ഉര്‍വശി പങ്കുവെച്ചു.

‘ജയറാമിനോട് ചോദിക്കണം ആ ദയനീയ അവസ്ഥ. കാരണം ഭരതന്‍ അങ്കിളിനോട് പറഞ്ഞാല്‍ ആ സീന്‍ മാറ്റത്തില്ല. ജയറാമിനെ കെട്ടിപ്പിടിക്കുന്ന സീനില്‍ ഞാന്‍ കൈയ്യിലെ നഖം വെച്ച് ജയറാമിനെ കുത്തുമായിരുന്നു.

കുത്തുകൊണ്ട് ജയറാം പറയും, ദേ വയറ്റില്‍ നഖം വെച്ച് കുത്തുന്നു, പറ്റത്തില്ലെങ്കില്‍ ഡയറക്ടറോട് പറയണം, എന്നെ ഉപദ്രവിക്കരുത് എന്നൊക്കെ ജയറാം പറയും. ഞാന്‍ വളര ക്രൂരമായിട്ട് ആക്രമിക്കുമായിരുന്നു. വേഗം എടുത്ത് തീര്‍ക്കാന്‍ പറ എന്നൊക്കെ പറഞ്ഞിട്ട്,’ ഉര്‍വശി പറഞ്ഞു.

പൊതുവെ പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമേയില്ലെന്നും എല്ലാ സംവിധായകര്‍ക്കും ഇതറിയാമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. വെങ്കലം സിനിമ കണ്ടാല്‍ അത് കൂടുതല്‍ വ്യക്തമാകുമെന്നും ഉര്‍വശി പറഞ്ഞു.

‘വെങ്കലത്തിലെ ആദ്യ രാത്രി സീന്‍ അഭിനയിക്കാന്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. മുരളി ചേട്ടനെ ഞാന്‍ കൊച്ചേട്ടാ എന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ഒരു ബന്ധു കൂടിയാണ് അദ്ദേഹം.

അപ്പോള്‍ മുരളി ചേട്ടനും പറഞ്ഞു ഈ സീന്‍ പറ്റത്തില്ല എന്ന്. ഒരു മൂശാരിയുടെ ക്യാരക്ടറാണ് മുരളി ചേട്ടന്. വിഗ്രഹം ഉണ്ടാക്കുന്നയാളല്ലേ. അപ്പോള്‍ പിന്നെ കാണിക്കുന്നത് വിഗ്രഹത്തെ തലോടുന്നത് ഒക്കെയാണ്. പിന്നെ ചില രംഗങ്ങള്‍ ഷാഡോയിലാണ് എടുത്തത്,’ ഉര്‍വശി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights; Actress Urvashi Says About Acting In Romantic Scenes