ഞങ്ങള്‍ ഇത്രയും ക്ലോസായിരിക്കാന്‍ പാടില്ലെന്ന് മണിസാര്‍ വന്ന് പറയുമായിരുന്നു, നന്ദിനിയുടെ കഥാപാത്രം ചെയ്യാന്‍ എനിക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു: തൃഷ
Entertainment news
ഞങ്ങള്‍ ഇത്രയും ക്ലോസായിരിക്കാന്‍ പാടില്ലെന്ന് മണിസാര്‍ വന്ന് പറയുമായിരുന്നു, നന്ദിനിയുടെ കഥാപാത്രം ചെയ്യാന്‍ എനിക്ക് താല്‍പര്യമുണ്ടെന്ന് അദ്ദേഹത്തോട് പറഞ്ഞു: തൃഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th October 2022, 6:32 pm

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളാണ് നന്ദിനിയും കുന്ദവിയും. ഈ രണ്ട് കഥാപാത്രങ്ങളായി മണിരത്‌നം കാസ്റ്റ് ചെയ്തത് ഐശ്വര്യ റായിയെയും തൃഷയെയുമാണ്. ഇരുവരും വളരെ മനോഹരമായാണ് തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഐശ്വര്യ റായുടെ കൂടെ അഭിനയിച്ച അനുഭവം പറയുകയാണ് തൃഷ. നന്ദിനിയും കുന്ദവിയും കാണുന്ന സീന്‍ എടുക്കുമ്പോള്‍ തങ്ങള്‍ വളരെ സൗഹൃദത്തോടെ സംസാരിക്കുന്നത് കണ്ട് മണിരത്‌നം അടുത്ത് വന്നെന്നും ഇത്രയും സൗഹൃദം നിങ്ങള്‍ തമ്മില്‍ ഈ സീന്‍ എടുക്കുമ്പോള്‍ വേണ്ടന്ന് പറഞ്ഞിരുന്നുവെന്നും തൃഷ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ റായെക്കുറിച്ച് തൃഷ പറഞ്ഞത്.

”ഐശ്വര്യ വളരെ ലവ്‌ലിയാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ മണിസാര്‍ വന്ന് ഞങ്ങളോട് പറഞ്ഞു ഇത്ര ക്ലോസായിരിക്കാന്‍ പാടില്ല. നിങ്ങള്‍ ഒരുപാട് സംസാരിക്കുന്നുണ്ട്. ചെയ്യാന്‍ പോകുന്ന സീനില്‍ ഞങ്ങള്‍ ഇതുപോലെയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ തമ്മില്‍ ഇത്ര സൗഹൃദം ഈ സീനില്‍ വേണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. സിനിമയില്‍ ഞങ്ങള്‍ കഥാപാത്രങ്ങളാണ് വലിയ സൗഹൃദം ഇല്ല. ഐശ്വര്യയുടെ കൂടെ വര്‍ക്ക് ചെയ്തത് വളരെ നല്ലൊരു അനുഭവമായിരുന്നു.

ഏറ്റവും കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന അഭിനേത്രി അവരാണെന്നാണ് എനിക്ക് മനസിലായത്. വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല. സെന്തമിഴ് മനോഹരമായി അവര്‍ സംസാരിക്കും. റിഹേഴ്‌സല്‍ ചെയ്ത് അതിനായി വര്‍ക്ക് ചെയ്താണ് സെറ്റിലേക്ക് വരുക.

ഐശ്വര്യ വളരെ അടിപൊളിയാണ്. സെറ്റില്‍ അപ്പോഴും സന്തോഷത്തോടെയാണ് ഉണ്ടാകുക. താമസിക്കുന്നത് കുറേ ദൂരെ ആയിട്ടും കൃത്യ സമയത്ത് അവര്‍ എത്തുമായിരുന്നു. എനിക്ക് ഐശ്വര്യയുടെ നന്ദിനി എന്ന കഥാപാത്രത്തെ ഭയങ്കര ഇഷ്ടമായിരുന്നു. ആദ്യ ദിവസം തന്നെ ഞാന്‍ ആ കാര്യം മണി സാറിനോട് പറഞ്ഞിരുന്നു,” തൃഷ പറഞ്ഞു.

അതേസമയം കഴിഞ്ഞയാഴ്ച പൊന്നിയിന്‍ സെല്‍വന്റെ ആകെ വരുമാനം 435 കോടി കവിഞ്ഞു. തമിഴ്‌നാട്ടില്‍ ഏറ്റവും അധികം വരുമാനം നേടിയ ചിത്രം എന്ന റെക്കോഡാണ് ചിത്രം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 200 കോടി പിന്നിട്ട ചിത്രം കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന്റെ റെക്കോഡാണ് മറികടന്നിരിക്കുന്നത്. തിയേറ്ററുകളില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്.

content highlight: actress trisha told mani ratnam that she was interested in playing the role of Nandini