സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടും നല്ല കഥാപാത്രങ്ങള്‍ വരുന്നില്ലെന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ, നമ്മളെ ചൂസ് ചെയ്യാതിരിക്കാനും കാരണങ്ങളുണ്ടാവും: സ്വാസിക
Film News
സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയിട്ടും നല്ല കഥാപാത്രങ്ങള്‍ വരുന്നില്ലെന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ, നമ്മളെ ചൂസ് ചെയ്യാതിരിക്കാനും കാരണങ്ങളുണ്ടാവും: സ്വാസിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th October 2022, 2:16 pm

സ്‌റ്റേറ്റ് അവാര്‍ഡ് ലഭിച്ചിട്ടും നല്ല കഥാപാത്രങ്ങളെ ലഭിക്കാത്തതെന്താണെന്ന് ചിന്തിക്കാറുണ്ടെന്ന് നടി സ്വാസിക. വരുമായിരിക്കും എന്ന പ്രതീക്ഷയുണ്ടെന്നും അങ്ങനെയുള്ള കഥാപാത്രങ്ങളിലേക്ക് വിളിക്കാതിരിക്കാനും കാരണമുണ്ടാവുമെന്നും ഡൂള്‍ന്യൂസിന് വേണ്ടി അമൃത ടി. സുരേഷ് നടത്തിയ അഭിമുഖത്തില്‍ സ്വാസിക പറഞ്ഞു.

സ്‌റ്റേറ്റ് അവാര്‍ഡ് വിന്നറായ അഭിനേത്രിയെ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ ലഭിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സ്വാസിക.

‘തോന്നലുണ്ട്, അങ്ങനെ വന്നിട്ടില്ല. വരാത്തതിന്റെ കാരണം അറിയില്ല. വരുമായിരിക്കും എന്ന പ്രതീക്ഷയിലിരിക്കുന്നു. തോന്നലുണ്ട് എന്ന് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമില്ലല്ലോ. അതെന്താ എന്ന് പല കാര്യങ്ങളിലും തോന്നും. പക്ഷേ ഓപ്പോസിറ്റ് ഉള്ള ആളുകള്‍ക്ക് അതിനെന്തെങ്കിലും കാരണമുണ്ടാവും, ആ കഥാപാത്രത്തിലേക്ക് വിളിക്കാത്തതിനോ അല്ലെങ്കില്‍ നമ്മളെ ചൂസ് ചെയ്യാതിരിക്കാനോ പല കാരണങ്ങള്‍ അവരുടെ മനസില്‍ ഉണ്ടാവും. അതുകൊണ്ട് നമ്മള്‍ വെയ്റ്റ് ചെയ്യുക എന്ന് മാത്രമേയുള്ളൂ,’ സ്വാസിക പറഞ്ഞു.

കുമാരി എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ അഭിമുഖത്തിലായിരുന്നു സ്വാസിക ഇക്കാര്യം പറഞ്ഞത്. ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്‍വി റാം തെലുങ്ക് സിനിമയായ അണ്ടേ സുന്ദരാനികിയില്‍ അഭിനയിച്ച അനുഭവവും ഇതിനൊപ്പം പങ്കുവെച്ചു.

‘മലയാളത്തില്‍ പെട്ടെന്ന് ഷൂട്ട് തീരും. അണ്ടേ സുന്ദരാനികി ഏകദേശം ഒരു കൊല്ലത്തോളം ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. കൊവിഡിന്റെ നിയന്ത്രണങ്ങള്‍ ഉള്ള സമയത്തായിരുന്നു ഷൂട്ട്. പക്ഷേ അവര്‍ കുറച്ച് കൂടി സമയമെടുത്ത് ചെയ്യുന്നുണ്ട്. ആ ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. സെറ്റില്‍ തമിഴ് പറയുന്ന ആളുകളായിരുന്നു കൂടുതല്‍. അതുകൊണ്ട് ഭാഷ അത്ര പ്രശ്‌നമായിരുന്നില്ല,’ തന്‍വി പറഞ്ഞു.

കുമാരി ഒക്ടോബര്‍ 28ന് തിയേറ്ററുകളിലെത്തുകയാണ്. ഐശ്വര്യ നായികയാവുന്ന ചിത്രം നിര്‍മല്‍ സഹദേവാണ് സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, രാഹുല്‍ മാധവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Actress Swasika says that even after getting the state award, she wonders why she doesn’t get good roles