എഡിറ്റര്‍
എഡിറ്റര്‍
സുകുമാരി അന്തരിച്ചു
എഡിറ്റര്‍
Wednesday 27th March 2013 8:52am

ചെന്നൈ: തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി സുകുമാരി അന്തരിച്ചു. 73 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സുകുമാരി ഹൃദയാഘാദത്തെ തുടര്‍ന്നാണ് അന്തരിച്ചത്.

Ads By Google

ഫെബ്രുവരി 27 ന് വീട്ടിലെ പൂജാമുറിയിലെ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ സുകുമാരി കഴിഞ്ഞ ഒരു മാസമായി ചെന്നൈയില്‍ ചികിത്സയിലായിരുന്നു. കൈയിലും കാലിലും നെഞ്ചിലും പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അവര്‍.

35 ശതമാനത്തോളം പൊള്ളലേറ്റ സുകുമരിക്ക് അണുബാധ ഉണ്ടാവാതിരിക്കാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. മുന്‍കരുതലിന്റെ ഭാഗമായി പ്രത്യേക വാര്‍ഡില്‍ ചികിത്സയിലായിരുന്ന അവരെ തമിഴ്‌നാട് മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച സന്ദര്‍ശിക്കുകയും ചികിത്സാ ചിലവ് മുഴുവന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

1948 ല്‍ നാഗര്‍കോവിലിലായിരുന്നു സുകുമാരി ജനിച്ചത്. ആദ്യകാല നടിമാരായ ട്രാവന്‍ കൂര്‍ സിസ്‌റ്റേഴ്‌സ് എന്നറിയപ്പെട്ടിരുന്ന ലളിത, പത്മിനി, രാഗിണി എന്നിവരുടെ ബന്ധുവായി ജനിച്ച അവര്‍ ചെറുപ്രായത്തില്‍ തന്നെ സിനിമാ രംഗത്തെത്തിയിരുന്നു.

1951 ല്‍ പുറത്തിറങ്ങിയ ഒരു ഇരവ് ആയിരുന്നു ആദ്യചിത്രം. പത്മിനിയുടെ കൂടെ സിനിമാ സെറ്റ് കാണാന്‍ പോയപ്പോഴാണ് ഒരു ഇരവിന്റെ സംവിധായകന്‍ കൊച്ചു സുകുമാരിയെ അഭിനയിക്കാന്‍ ക്ഷണിക്കുന്നത്.

മലയാളം, തമിഴ് സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അവര്‍ കന്നഡ, തെലുങ്ക്, ഹിന്ദി, ഒറിയ, ബംഗാളി സിനിമകളിലും അഭിനയിച്ചിരുന്നു. ഗുരു ഗോപിനാഥിന്റെ കീഴില്‍ കഥകളി, കേരള നടനം, ഭരതനാട്യം എന്നിവയില്‍ സുകുമാരി പ്രാവീണ്യം നേടിയിരുന്നു.

1940 ഒക്ടോബര്‍ 6ന് ജനിച്ച അവര്‍ ചലച്ചിത്രരംഗത്ത് 60 വര്‍ഷത്തിലേറെയായി അഭിനയിക്കുന്ന അപൂര്‍വ്വം ചില അഭിനേത്രികളില്‍ ഒരാളായിരുന്നു സുകുമാരി. പത്താമത്തെ വയസ് മുതല്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ അവര്‍ വിവിധ ഭാഷകളിലായി 2500 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും സ്വന്തം ശബ്ദം ഉപയോഗിച്ച് ഡബ്ബ് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളായിരുന്നു സുകുമാരി.

ഏഴാം വയസ്സില്‍ സ്‌റ്റേജ് ആര്‍ട്ടിസ്റ്റായി രംഗപ്രവേശം ചെയ്ത സുകുമാരി ഇന്ത്യക്ക് പുറമെ ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ട്രാവന്‍കൂര്‍ സിസ്റ്റേഴ്‌സ് എന്നറിയപ്പെട്ടിരുന്ന അവരുടെ സഹോദരിമാരുടെ കൂടെ കലാപ്രദര്‍ശനവുമായി യാത്ര ചെയ്തിട്ടുണ്ട്. സുകുമാരി ഭാഗമായിരുന്ന പുഷ്പാഞ്ചലിയുടെ ട്രൂപ്പിന്റെ അയ്യായിരത്തോളം സ്‌റ്റേജ് പ്രകടനത്തിലും കുചലകുമാരിയുടെ ആയിരത്തോളം സ്റ്റേജിലും സുകുമാരി നൃത്തവും നാടകവുമായി ചെറുപ്രായത്തില്‍ തന്നെ ചുവടുറപ്പിച്ചിരുന്നു.

Advertisement