വേണ്ടെന്ന് വെച്ചിട്ടും തേടിയെത്തിയ സിനിമ; 18 കിലോ കൂട്ടി വെയിലിലെ 'രാധ'യായി; സംസ്ഥാന പുരസ്‌കാര നേട്ടത്തില്‍ ശ്രീരേഖ
Malayalam Cinema
വേണ്ടെന്ന് വെച്ചിട്ടും തേടിയെത്തിയ സിനിമ; 18 കിലോ കൂട്ടി വെയിലിലെ 'രാധ'യായി; സംസ്ഥാന പുരസ്‌കാര നേട്ടത്തില്‍ ശ്രീരേഖ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th October 2021, 3:06 pm

വെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി ശ്രീരേഖ. ചിത്രത്തില്‍ ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ശ്രീരേഖ എത്തുന്നത്.

പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ചിത്രത്തിന് തന്നെ ഇത്തരമൊരു പുരസ്‌കാരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് ശ്രീരേഖ. സിനിമ ചെയ്യേണ്ടതില്ലെന്നു തന്നെയായിരുന്നു തീരുമാനമെന്നും എന്നാല്‍ തനിക്ക് വേണ്ടി സംവിധായകന്‍ ശരത് കാത്തിരുന്നു എന്ന് വേണം പറയാനെന്നുമാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീരേഖ പറയുന്നത്.

ടിക് ടോകിലെ തന്റെ ചില വീഡിയോകള്‍ കണ്ടാണ് സിനിമയിലേക്ക് ശരത് വിളിക്കുന്നത്. ഞാന്‍ പ്രതീക്ഷിക്കാതെ വന്നു ചേര്‍ന്ന ഓഫര്‍ എന്ന് പറയാം. ഒരുപാട് തവണ വന്ന അവസരങ്ങള്‍ ഞാന്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. സംവിധായകന്‍ വായിച്ചു നോക്കാന്‍ പറഞ്ഞ് വെയിലിന്റെ തിരക്കഥ അയച്ചു. ഞാനത് വായിച്ചില്ല, വായിക്കാതെ നോ പറഞ്ഞു.

ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമയുടെ മുഴുവന്‍ തിരക്കഥ ഞാന്‍ കാണുന്നത്. ഇതിലേക്കില്ല എന്ന് തന്നെയായിരുന്നു തീരുമാനം. ഞാനൊരു സൈക്കോളജിസ്റ്റാണ്, അതാണ് എന്റെ പ്രൊഫഷന്‍ എന്ന് തന്നെയാണ് ചിന്തിച്ചിരുന്നത്.

പക്ഷേ സത്യം പറഞ്ഞാല്‍ ഈ കഥാപാത്രത്തിന് വേണ്ടി ശരത് എനിക്ക് വേണ്ടി കാത്തിരുന്നുവെന്ന് തന്നെ പറയാം. ഒടുവില്‍ ചെയ്യാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമല്ലോ എന്ന് ചിന്തയൊന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ കഥാപാത്രം ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടി. ഈ പ്രായവ്യത്യാസം തന്നെയാണ് പ്രധാന കാരണം. രണ്ട് വലിയ മക്കളുടെ അമ്മ, അതും ജീവിതത്തില്‍ ഒരുപാട് കഷ്ടതകളിലൂടെ കടന്ന് വന്ന സ്ത്രീയാണ് രാധ. അവരുടെ സ്ഥായീ ഭാവം ദേഷ്യമാണ്.

സ്‌നേഹം ഉള്ളില്‍ ഉണ്ടെങ്കിലും പുറമേ കാണിക്കാത്ത കഥാപാത്രം. ഞാനതിന് നേരെ വിപരീതമാണ്. ശാരീരികമായും കുറേയധികം മാറ്റങ്ങള്‍ വേണ്ടി വന്നു. ഏതാണ്ട് 18 കിലോയോളം ഭാരം കൂട്ടി. ഫാസ്റ്റ് ഫുഡും ചോക്ലേറ്റും ഐസ്‌ക്രീമുമായിരുന്നു പ്രധാന ഭക്ഷണം, ശ്രീരേഖ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Sreerekha about veyil movie