'അര്‍പ്പണബോധമുള്ള നടനാണ്, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് നല്ല എനര്‍ജിയുണ്ടാക്കും'; പ്രഭാസിനെപ്പറ്റി ശ്രുതി ഹാസന്‍
Kollywood
'അര്‍പ്പണബോധമുള്ള നടനാണ്, കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് നല്ല എനര്‍ജിയുണ്ടാക്കും'; പ്രഭാസിനെപ്പറ്റി ശ്രുതി ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd February 2021, 9:11 pm

ചെന്നൈ: വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ആരാധകരെ സൃഷ്ടിച്ച നടിയാണ് ശ്രുതി ഹാസന്‍. താരത്തിന്റെ 35-ാം പിറന്നാളാഘോഷങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ബാഹുബലി താരം പ്രഭാസിനോടൊപ്പമുള്ള സലാര്‍ ആണ് ശ്രുതിയുടെ ഏറ്റവുമടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ഇതിനിടെ പ്രഭാസിനോടൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ശ്രുതി. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു ശ്രുതിയുടെ പ്രതികരണം. പ്രഭാസിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ശ്രുതി പറഞ്ഞത്.

‘പ്രഭാസിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. അര്‍പ്പണബോധവും കഥാപാത്രമായി മാറാന്‍ ധാരാളം ഹോംവര്‍ക്കും ചെയ്യുന്ന നടനാണ് അദ്ദേഹം. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് നല്ല എനര്‍ജി തരുന്നയാള്‍ കൂടിയാണ് അദ്ദേഹം’, ശ്രുതി പറഞ്ഞു.

കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ജനുവരി അവസാന വാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

പ്രഭാസിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും സലാറിലേതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഹോംബാലെ ഫിലിംസാണ് ചിത്രമൊരുക്കുന്നത്.