കല്ല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായതുകൊണ്ടാണ് ഈ കഥാപാത്രത്തിന് വിളിച്ചത്, എങ്കില്‍ അത് ചെയ്യുന്നില്ലെന്ന് ഞാനും പറഞ്ഞു: ശിവദ
Movie Day
കല്ല്യാണം കഴിഞ്ഞ് കുഞ്ഞുണ്ടായതുകൊണ്ടാണ് ഈ കഥാപാത്രത്തിന് വിളിച്ചത്, എങ്കില്‍ അത് ചെയ്യുന്നില്ലെന്ന് ഞാനും പറഞ്ഞു: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th May 2022, 5:29 pm

‘മഴ’ എന്ന മ്യൂസിക്ക് ആല്‍ബത്തിലൂടെ ശ്രദ്ധയയായ നടിയാണ് ശിവദ എന്നറിയപ്പെടുന്ന ശ്രീലേഖ കെ.വി. മലയാളം, തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിച്ചത്.
പിന്നീട് നായികയായും സഹനടിയായും താരം തിളങ്ങിനിന്നു.

കല്ല്യാണം കഴിഞ്ഞത് കൊണ്ട് തന്നെവേണ്ട എന്ന് വെച്ച സിനിമകളുണ്ടെന്നും, കുഞ്ഞുള്ളത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചുവെന്നും പറയുകയാണ് നടി ശിവദ. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘സു…സു… സുധി വാത്മീകം എന്ന സിനിമ വരെയാണ് ഞാന്‍ കല്ല്യാണത്തിന് മുമ്പ് ചെയ്തത്. ബാക്കി സിനിമകളെല്ലാം കല്ല്യാണത്തിന് ശേഷം ചെയ്തതാണ്. കൂടുതല്‍ പടങ്ങളും കല്ല്യാണത്തിന് ശേഷം ചെയ്ത പടങ്ങളാണ്.

മലയാള സിനിമകളില്‍ ഞാന്‍ ബ്രേക്ക് എടുത്തിരുന്നെങ്കിലും ആ സമയത്ത് ഞാന്‍ തമിഴ് ചെയ്യുന്നുണ്ടായിരുന്നു. മലയാളം ഇല്ലെങ്കില്‍ തമിഴ് ചെയ്യും, തമിഴ് ഇല്ലെങ്കില്‍ മലയാളം ചെയ്യും എന്ന ഒരു ബാലന്‍സ് എപ്പോഴുമുണ്ട്.

കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞിട്ട് ഏകദേശം ഓക്കെയായ പ്രൊജക്ടിന്റെ പൂജ വരെ എത്തിയിട്ട് പിന്നെ എന്നെ വേണ്ട എന്ന് വെച്ച സിനിമകളുണ്ട്.

ആ ഒരു അനുഭവവും എനിക്കുണ്ടായിട്ടുണ്ട്. അതേസമയം, സംവിധായകന്‍ പ്രജീഷേട്ടന്‍, രഞ്ജിത്തേട്ടനെ പോലുള്ളവരൊക്കെ എന്നെ വിശ്വസിച്ച് ആ കഥാപാത്രം ശിവദ തന്നെ ചെയ്യണം, കല്ല്യാണം കഴിഞ്ഞു കുഞ്ഞുണ്ട് എന്നതല്ല പ്രശ്നം. നിങ്ങള്‍ ഈ കഥാപാത്രം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ചെയ്യാം എന്ന് പറയുന്ന ആള്‍ക്കാരുമുണ്ട്.

എനിക്ക് കുട്ടിയുണ്ടായി എന്ന് അറിഞ്ഞപ്പോള്‍ തമിഴ് സിനിമയിലേക്ക് വിളിച്ചിരുന്നു. മാഡം ഞങ്ങള്‍ക്ക് പടത്തില്‍ ഒരു ചേട്ടത്തിമ്മയുടെ കഥാപാത്രമുണ്ടെന്ന് പറഞ്ഞു. ചേട്ടാ ഞാന്‍ ഇപ്പോള്‍ സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ അടുത്തടുത്തായി ചെയ്ത് കൊണ്ടിരിക്കുകയാണ്, എന്താണ് ഈ കഥാപാത്രത്തിന് എന്നെ വിളിക്കുന്നത് എന്ന് അവരോട് ചോദിച്ചു.

കല്ല്യാണമായി കുഞ്ഞുണ്ടല്ലോ എന്നായിരുന്നു അവരുടെ മറുപടി. കല്ല്യാണമായി കുഞ്ഞുണ്ടെന്ന് കരുതി എന്താ എന്ന് ഞാനും അവരോട് ചോദിച്ചു. ഞാന്‍ ആ കഥാപാത്രം ചെയ്യുന്നില്ല എന്ന് ഞാന്‍ അവരോട് പറഞ്ഞു.

ആ കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടെങ്കില്‍ ഞാന്‍ ചെയ്യുമായിരിക്കും. ഒരു കഥാപാത്രം ചെറുതാണെങ്കില്‍ പോലും അതിന് പ്രാധാന്യമുണ്ട്, ആ കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ഉണ്ടാവുമെങ്കില്‍ അത് ചെയ്യാന്‍ യാതൊരു വിരോധവുമില്ല.

പക്ഷേ, കല്ല്യാണം കഴിഞ്ഞു, കുഞ്ഞുണ്ട് എന്ന് പറഞ്ഞത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്തിട്ട് പോകാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. അത് ഞാന്‍ തുറന്ന് പറയും. ഇപ്പോഴും ഞാന്‍ നായികയായും ശക്തമായ കഥാപാത്രങ്ങളും ചെയ്യുന്നുണ്ട്. അതുകൊണ്ട് കല്ല്യാണം കഴിഞ്ഞു, കുഞ്ഞുണ്ട് എന്ന് പറഞ്ഞിട്ടാണ് നിങ്ങള്‍ വിളിക്കുന്നതെങ്കില്‍ അതിന് എന്നെ വിളിക്കണ്ട എന്ന് പറയാറുണ്ട്,’ ശിവദ കൂട്ടിച്ചേര്‍ത്തു

പ്രജേഷ് സെന്നിന്റെ സംവിധാനത്തില്‍ ജയസൂര്യയും മഞ്ജു വാര്യറും, ശിവദയും കേന്ദ്രകഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമായ ‘മേരി ആവാസ് സുനോ’ റിലീസിനൊരുങ്ങുകയാണ്. പ്രജേഷ് സെന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ബി. രാകേഷാണ് സിനിമ നിര്‍മിക്കുന്നത്. നിക്കി ഗല്‍റാണി, ജോണി ആന്റണി, സുധീര്‍ കരമന, ദേവിക സഞ്ജയ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. സംഗീതം എം ജയചന്ദ്രനും, വരികള്‍ ബി കെ ഹരിനാരായണന്റേതുമാണ്. ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രം മെയ് 13ന് റിലീസ് ചെയ്യും.

CONTENT HIGHLIGHTS: Actress shivada says There are movies that have almost reached the pooja of the project, which is almost okay because of the wedding