പറയുമ്പോള്‍ മമ്മൂട്ടി സിനിമയാണെന്നൊക്കെ പറയാം; എന്നെ കാണാന്‍ സൂക്ഷിച്ച് നോക്കേണ്ടി വന്നു: ശിവദ
Entertainment news
പറയുമ്പോള്‍ മമ്മൂട്ടി സിനിമയാണെന്നൊക്കെ പറയാം; എന്നെ കാണാന്‍ സൂക്ഷിച്ച് നോക്കേണ്ടി വന്നു: ശിവദ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th March 2023, 9:52 pm

ആദ്യ സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി ശിവദ. രഞ്ജിത്തിന്റെ പ്രൊഡക്ഷനില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത കേരളാ കഫേ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. എന്നാല്‍ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ തന്റെ മുഖം തപ്പിയെടുക്കേണ്ട അവസ്ഥയായിരുന്നു എന്നും ശിവദ പറഞ്ഞു.

സിനിമയുടെ ഷൂട്ട് നടന്നത് തമിഴ് ഗ്രാമത്തിലോ മറ്റോ ആയിരുന്നുവെന്നും അന്ന് ശ്രീനിവാസന്റെയും ലാല്‍ ജോസിന്റെയും മുമ്പില്‍വെച്ച് ഒരുകൂട്ടം കുട്ടികള്‍ തന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയെന്നും അന്ന് താന്‍ സിനിമയില്‍ വന്നിട്ട് പോലുമില്ലായിരുന്നുവെന്നും ശിവദ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവദ.

‘രഞ്ജിത് സാറിന്റെ പാലേരിമാണിക്യം സിനിമയിലും ലാല്‍ ജോസ് സാറിന്റെ നീലത്താമര സിനിമയിലും ഓഡീഷന് ഞാന്‍ കൊടുത്തിരുന്നു. അപ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു എനിക്ക് കിട്ടില്ലെന്ന്. കാരണം അതിലെ വസ്ത്രങ്ങള്‍ എനിക്ക് ഒട്ടും കംഫര്‍ട്ടബിളായിരുന്നില്ല. അന്ന് ഞാന്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് പോയത്.

അന്ന് രഞ്ജിത് സാര്‍ എന്നോട് ചോദിച്ചു നിനക്ക് ഈ ഡ്രസ് ഒട്ടും കംഫര്‍ട്ടബിളല്ലല്ലോ എന്ന്. ഞാന്‍ പറഞ്ഞു ഒട്ടും കംഫര്‍ട്ടബിളല്ലെന്ന്. എന്നിട്ട് അവിടെ നിന്നും പോന്നു. പിന്നെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ചെയ്ത സിനിമയായിരുന്നു കേരളാ കഫേ. ഇങ്ങനെയൊരു കൊണ്ടാക്ട് ഉള്ളതുകൊണ്ടാണ് എനിക്ക് ആ സിനിമയില്‍ അവസരം ലഭിച്ചത്.

ആ സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ എനിക്ക് നോക്കിയിരിക്കേണ്ടി വന്നു, അതില്‍ ഞാനെവിടെ എന്ന് കാണാന്‍. ചെറുതായിട്ടൊന്ന് വന്നുപോയി എന്നേയുള്ളു. ശ്രീനി സാറിന്റെ കൂടെയും മമ്മൂക്കയുടെ കൂടെയുമൊക്കയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പറയുമ്പോള്‍ വലിയ എന്‍ട്രിയായിരുന്നു എന്നൊക്കെ പറയാം. പക്ഷെ ആ സമയത്ത് മമ്മൂക്കയെ ഒന്ന് കണ്ടിട്ട് പോലുമില്ലായിരുന്നു.

എനിക്ക് ഏതാണ്ട് ഒരു ദിവസം മാത്രമായിരുന്നു ഷൂട്ട് ഉണ്ടായിരുന്നത്. പക്ഷെ ശ്രീനി സാറിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടായിരുന്നു. അവിടെ ശ്രീനിവാസന്‍ സാര്‍ ഇരിക്കുന്നു ലാല്‍ ജോസ് സാര്‍ ഇരിക്കുന്നു, ഒരു ഗ്രാമം പോലെയുള്ള സ്ഥലത്തായിരുന്നു ഷൂട്ട് നടക്കുന്നത്. ആ സമയത്ത് ഞാന്‍ സിനിമയിലോ ഒന്നും വന്നിട്ടില്ല. കുറേ കുഞ്ഞ് പിള്ളേര്‍ വന്നിട്ട് എന്നോട് പറയുകയാണ് ചേച്ചി ഓട്ടോഗ്രാഫ് തരാന്‍.

ഞാന്‍ നോക്കുമ്പോള്‍ അവിടെ ശ്രീനി സാറും ലാല്‍ ജോസ് സാറുമിരിക്കുന്നു എന്നിട്ടും എന്നോട് വന്ന് ഓട്ടോഗ്രാഫ് ചോദിക്കുന്നു. അപ്പോള്‍ ആ പിള്ളേരോട് ഞാന്‍ ചോദിച്ചു അതിന് ഞാന്‍ ആരാണെന്ന്. നീങ്ക ഹീറോയിന്‍ താനേയെന്ന് അവര്‍ തമിഴില്‍ ചോദിച്ചു. അപ്പോള്‍ ലാല്‍ ജോസ് സാര്‍ പറഞ്ഞു, കൊടുത്തോ കൊടുത്തോ എന്ന്,’ ശിവദ പറഞ്ഞു.

content highlight: actress shivada about her first movie with mammootty