'തുണിയൂരി, തുണിയുടെ അളവ് കുറച്ചു'; ഇതൊക്കെ ബോറടിച്ചു, കൂടുതല്‍ ഇന്‍ട്രസ്റ്റിങ്ങ് കമന്റുകള്‍ പ്രതീക്ഷിക്കുന്നു; സനുഷ
Entertainment
'തുണിയൂരി, തുണിയുടെ അളവ് കുറച്ചു'; ഇതൊക്കെ ബോറടിച്ചു, കൂടുതല്‍ ഇന്‍ട്രസ്റ്റിങ്ങ് കമന്റുകള്‍ പ്രതീക്ഷിക്കുന്നു; സനുഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th August 2021, 12:01 pm

വസ്ത്രധാരണത്തെ കുറിച്ച് കപട സദാചാരവാദവുമായി എത്തുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി നടി സനുഷ സന്തോഷ്. ഗൃഹലക്ഷ്മി മാസികക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സനുഷ എത്തിയത്.

വസ്ത്രത്തിന് നീളം കുറവാണെന്ന കമന്റുകള്‍ കേട്ട് ബോറടിച്ചിരിക്കുകയാണെന്നും പുതിയ വല്ല കമന്റുകളുണ്ടെങ്കില്‍ അവയുമായി വരൂ എന്നുമാണ് സനുഷ ട്രോളിക്കൊണ്ട് പറയുന്നത്. മറുപടി തരാന്‍ തോന്നുന്ന വൃത്തികേടുകള്‍ ഇല്ലാത്ത കമന്റുകളാണ് പ്രതീക്ഷിക്കുന്നതെന്നും സനുഷ പറഞ്ഞു.

‘സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരി അല്ലെങ്കില്‍ തുണിയുടെ അളവ് കുറച്ചു എന്നൊക്കെയുള്ള കമന്റുകള്‍ ബോറടിച്ചു എന്നും കൂടുതല്‍ ഇന്‍ട്രസ്റ്റിങ്ങ് മറുപടികള്‍ തരാന്‍ പറ്റിയ, വൃത്തികേടുകള്‍ വിളിച്ച് പറയാത്തതുമായ കമന്റുകള്‍ പ്രതീക്ഷിച്ച് കൊള്ളുന്നുവെന്നും അറിയിച്ചുകാണ്ട്, – സസ്‌നേഹം സനുഷ സന്തോഷ്,’ എന്നാണ് സനുഷയുടെ പോസ്റ്റ്.

നേരത്തെ ഈ ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ നിരവധിപേര്‍ അധിക്ഷേപ കമന്റുകളുമായെത്തിയിരുന്നു. ‘ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല’ എന്ന തരത്തിലുള്ള കമന്റുകളായിരുന്നു ഇതിന് താഴെ വന്നിരുന്നു.

ഇത്തരത്തില്‍ വന്ന കമന്റിന് പരിഹാസരൂപേണ സനുഷ മറുപടി നല്‍കിയത് വാര്‍ത്തയായിരുന്നു ‘എന്ന് സ്വന്തം ഫേക്ക് അക്കൗണ്ട് വഴി പുറമെ മാന്യനായ ചേട്ടന്‍’ എന്നായിരുന്നു സനുഷ നല്‍കിയ മറുപടി.

ഇപ്പോള്‍ സനുഷയുടെ പുതിയ പോസ്റ്റിന് താഴെയും അധിക്ഷേപ കമന്റുമായി ചിലരെത്തുന്നുണ്ട്. ‘ഇപ്പോഴും ബാലനടിയാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടുക, എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാന്‍ പ്രേരിപ്പിക്കുക, ഇതെല്ലാം കണ്ട് സ്വയം ആഹ്ലാദിക്കുക, വല്ലാത്തൊരു ജന്മം,’ എന്നായിരുന്നു ഒരു കമന്റ്.

ഇതിനും സനുഷയുടെ കിടിലന്‍ മറുപടിയെത്തിയിട്ടുണ്ട്. ‘എന്ത് ചെയ്യാനാ, ഇടയ്ക്ക് മാത്രം നോര്‍മല്‍ ആകുന്ന ഒരു ജന്മം, കേസ് കൊടുക്കണം പിള്ളേച്ചാ,’ എന്നാണ് സനുഷയുടെ വാക്കുകള്‍. അതേസമയം നിരവധി പേര്‍ സനുഷക്ക് പിന്തുണയറിച്ച് രംഗത്തുവന്നിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Sanusha Santhosh’s slams online moral policing about her clothing