പുഷ്പ എന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം; ഇത്രയും വലിയ വിജയം ആദ്യം: പുഷ്പ രണ്ടാം ഭാഗത്തെ കുറിച്ച് രശ്മിക മന്ദാന
Movie Day
പുഷ്പ എന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം; ഇത്രയും വലിയ വിജയം ആദ്യം: പുഷ്പ രണ്ടാം ഭാഗത്തെ കുറിച്ച് രശ്മിക മന്ദാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th January 2022, 1:39 pm

അല്ലു അര്‍ജുനും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തിയ പുഷ്പ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്.

ലോകമെമ്പാടും 300 കോടിയിലേറെ രൂപയാണ് ചിത്രം കളക്ട് ചെയ്തത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 100 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.

ചിത്രത്തിലെ രശ്മികയുടെ അഭിനയത്തിനും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. സാമി എന്ന രശ്മിക എത്തിയ ഗാനവും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ചിത്രത്തിന് ഒരിക്കലും ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് രശ്മിക ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അല്ലു അര്‍ജുനും താനും അടക്കം സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോരുത്തരും നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ് ഈ വിജയമെന്നും താരം പറയുന്നു.

ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല. എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്കറിയില്ല എന്നാണ് സത്യം.

എന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. ഇതിന് മുന്‍പ് ഞാന്‍ ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമായിട്ടില്ല. അതുകൊണ്ട് തന്നെ ഈ സിനിമയിലൂടെ കിട്ടുന്ന സക്‌സസ് എത്രയാകുമെന്ന് എനിക്ക് പ്രതീക്ഷിക്കാന്‍ കഴിയുമായിരുന്നില്ല.

എന്തായാലും വലിയ വിജയം തന്നെ ആകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ചിത്രത്തിന്റെ ഭാഗമായ ഓരോരുത്തരും അത്രയേറെ പ്രയത്‌നിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് പുഷ്പയെക്കുറിച്ച് ആത്മവിശ്വാസമുണ്ടായിരുന്നു.

ആളുകള്‍ എന്താണ് ഞങ്ങളിലൂടെ കാണാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയാമായിരുന്നു. അതുതന്നെ ചിത്രം നല്‍കുമെന്ന പൂര്‍ണവിശ്വാസവുമുണ്ടായിരുന്നു,’ രശ്മിക പറഞ്ഞു.

പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങും എന്ന ചോദ്യത്തിന്, അത് ഇപ്പോള്‍ വെളിപ്പെടുത്താനാകുമോ എന്ന് തനിക്കറിയില്ല എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു താരം. എന്തായലും ഉടന്‍ തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും താരം പറഞ്ഞു. 2023 ജനുവരിയില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

തെലുങ്ക് സിനിമയ്ക്കും അല്ലു അര്‍ജുന്റെ കരിയറിനും വന്‍ വഴിത്തിരിവായി മാറിയിരിക്കുകയാണ് പുഷ്പ. പുഷ്പയുടെ രണ്ടാംഭാഗത്തെയും ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഫഹദ് ഫാസില്‍ വില്ലനായ് എത്തുന്ന രണ്ടാം ഭാഗത്തിന്റെ വിതരണ അവകാശത്തിനായി 400 കോടിയോളം രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. പുഷ്പ 2ന്റെ ഷൂട്ടിംഗ് ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും എന്നാണ് അറിയുന്നത്.

Content Highlight: Actress Rashmika Mandanna about Allu Arjun And Pushpa Movie