പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ വെച്ച് വലിയ വിലപേശലാണു നടക്കുന്നത്, വലിയ റാക്കറ്റാണു പിന്നില്‍: നടി രമ്യ സുരേഷ് പറയുന്നു
Malayalam Cinema
പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ വെച്ച് വലിയ വിലപേശലാണു നടക്കുന്നത്, വലിയ റാക്കറ്റാണു പിന്നില്‍: നടി രമ്യ സുരേഷ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th June 2021, 10:45 am

തന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വ്യാജവീഡിയോയ്‌ക്കെതിരെ അടുത്തിടെയായിരുന്നു നടി രമ്യ സുരേഷ് പരാതി നല്‍കിയത്.

ഈ സംഭവത്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കേണ്ടതില്ലെന്നും ചിലരില്‍ മാത്രമായി ഈ വീഡിയോ ഒതുങ്ങിപ്പോകുമെന്നും പലരും തന്നോടു പറഞ്ഞിരുന്നെങ്കിലും ഇത് സമൂഹം അറിയേണ്ടതുണ്ടെന്നതിനാലാണു പരാതിയുമായി മുന്നോട്ടുപോകാന്‍ താന്‍ തയ്യാറായതെന്ന് രമ്യ പറയുന്നു.

ഇത്തരം വീഡിയോ പ്രചരിപ്പിച്ച് ഉപജീവനം കഴിക്കുന്നവാണ് ഇതിനു പിന്നില്‍ എന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഇതിനകത്ത് വലിയ വിലപേശലാണ് നടക്കുന്നതെന്നും രമ്യ ഇന്‍ഡ്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓഡിയോ ക്ലിപ്പിന് ഇത്ര, വീഡിയോ തരികയാണെങ്കില്‍ ഇത്ര അങ്ങനെയാണെന്നാണു തോന്നുന്നത്. അറിയുന്ന ഒരാളുടെ തലയോ ഫോട്ടോസോ വെക്കുകയാണെങ്കില്‍ അതിനു ഡിമാന്റ് കൂടും. അതാണ് ഇവരുടെ ഉദ്ദേശം.

അത് തന്നെ ഇവര്‍ പബ്ലിക്കായി ഇത് കൊടുക്കില്ല. ഇന്‍ബോക്‌സില്‍ വരാനാണു പറയുക. ഇതിന്റെ ഫുള്‍ വീഡിയോ വന്നു കഴിഞ്ഞാല്‍ ഞാനല്ല എന്ന് ആള്‍ക്കാര്‍ക്ക് മനസിലാകും. എന്നാല്‍ ഇതു സിനിമയുടെ ഒക്കെ ട്രെയിലര്‍ പോലെ ചെറിയ ക്ലിപ്പിങ്ങുകള്‍ ഉണ്ടാക്കിട്ട് കൊടുക്കും. അത് ഇവരുടെ ഒരു ബിസിനസാണ്.

അച്ഛനോ അമ്മയോ കുടുംബമോ ഇല്ലാതെ ആരോടും ഒരു പ്രതിബന്ധതയും ഇല്ലാത്തവര്‍ക്ക് മാത്രമേ സ്വന്തം താത്പര്യത്തിനായി ഇങ്ങനെ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

എനിക്ക് ഇങ്ങനെ ഒരു വിഷയം വന്നപ്പോള്‍ എന്റെ ഭര്‍ത്താവും കുടുംബവും നാട്ടുകാരും ഒപ്പം നിന്നു. ഞാന്‍ വീണുപോകുന്ന ഓരോ സമയത്തും എന്നെ താങ്ങിനിര്‍ത്തുന്നത് എന്റെ ഭര്‍ത്താവാണ്. ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ലെന്നും ഞങ്ങള്‍ കൂടെയുണ്ടെന്നും എല്ലാവരും പറഞ്ഞു.

ഈ വീഡിയോ പുറത്തായപ്പോള്‍ എന്റെ പേജിലും ചില മെസ്സേജ് വന്നിരുന്നു. എന്നാല്‍ ഞാന്‍ സത്യാവസ്ഥ പറഞ്ഞ് വീഡിയോ ഇട്ട ശേഷം അത്തരം മെസ്സേജുകളൊന്നും വരാറില്ല. മാത്രമല്ല നിരവധി പേര്‍ പിന്തുണ അറിയിച്ച് മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു, രമ്യ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Actress Ramya Suresh About Fake Nude Video Racket