ഷെയിം; വിനായകനെതിരെ പാര്‍വതി തിരുവോത്ത്
Kerala News
ഷെയിം; വിനായകനെതിരെ പാര്‍വതി തിരുവോത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th March 2022, 6:28 pm

തിരുവനന്തപുരം: നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി നടിയും ഡബ്ല്യൂ.സി.സി അംഗവുമായ പാര്‍വതി തിരുവോത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം വിനായകനെതിരെയുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

വിനായകന്റെ ചിത്രം പങ്കുവെച്ച് ‘ഷെയിം’ എന്നയിരുന്നു പാര്‍വതി എഴുതിയത്. ഇതിനൊപ്പം സംവിധായക കുഞ്ഞില മാസിലമണി എഴുതിയ ലേഖനവും താരം പങ്കുവെച്ചിട്ടുണ്ട്.

തന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ നടന്‍ വിനായകനും രംഗത്തെത്തിയിരുന്നു.

പഞ്ചപാണ്ഡവര്‍ക്കൊപ്പമുള്ള പാഞ്ചാലിയുടെ ചിത്രം പങ്കുവെച്ചായിരുന്നു വിനായകന്‍ രംഗത്തെത്തിയത്. ചിത്രത്തിന് ഒരു ക്യാപ്ഷനും നല്‍കാതെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിനായകന്‍ പങ്കുവെക്കുന്ന ആദ്യ പോസ്റ്റ് കൂടിയാണിത്.

താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനങ്ങളള്‍ ഉയര്‍ന്നു വന്നിരുന്നു. നടന്‍ ഹരീഷ് പേരടിയും മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും എഴുത്തുകാരി ശാരദക്കുട്ടിയും തിരക്കഥാകൃത്ത് ദീദി ദാമോദരനും വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രെസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്‌സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.

തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. പ്രസ് മീറ്റിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് സെക്സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.

‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.

ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ ചോദ്യം.

മീ ടൂ എന്നു പറയുന്നതിന്റെ ബേസിക് തോട്ട് എന്താണെന്നും, പെണ്‍കുട്ടിയുടെയും സ്ത്രീയുടെയും വ്യാഖ്യാനമെന്താണെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

Content Highlight: Actress Parvathi Thiruvoth against Vinayakan