മാഗസിന്റെ കവറില്‍ പോലും എന്റെ ഫോട്ടോ വരുന്നത് അവര്‍ക്ക് സമ്മതമായിരുന്നില്ല, അവതാരികയാകാനോ ദുബായിലേക്ക് ജോലിക്ക് വിടാനോ സമ്മതിച്ചിരുന്നില്ല: നൈല ഉഷ
Movie Day
മാഗസിന്റെ കവറില്‍ പോലും എന്റെ ഫോട്ടോ വരുന്നത് അവര്‍ക്ക് സമ്മതമായിരുന്നില്ല, അവതാരികയാകാനോ ദുബായിലേക്ക് ജോലിക്ക് വിടാനോ സമ്മതിച്ചിരുന്നില്ല: നൈല ഉഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th June 2022, 1:43 pm

തന്റെ പഴയ കാലത്തെ കുറിച്ച് മനസുതുറന്ന് നടി നൈല ഉഷ. സിനിമയില്‍ എത്താനുള്ള തന്റെ ആഗ്രഹത്തെ കുറിച്ചും അവസരം വന്നിട്ടും അതിന് സമ്മതം ലഭിക്കാതിരുന്നതിനെ കുറിച്ചുമൊക്കെയാണ് നൈല സംസാരിക്കുന്നതിന്. വീട്ടുകാരുടെ സമ്മതത്തിനായി കാത്തുനിന്ന സമയത്തെ കുറിച്ചും പിന്നീട് അതില്‍ നിന്നും പുറത്തുകടന്നതിനെ കുറിച്ചുമാണ് ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ നൈല ഉഷ സംസാരിക്കുന്നത്.

സ്വന്തമായി തീരുമാനമെടുക്കുന്ന ഒരു ഘട്ടം ഏതാണെന്നും അതിലേക്കുള്ള യാത്ര എങ്ങനെയായിരുന്നുവെന്നുമുള്ള ചോദ്യത്തിനായിരുന്നു നൈലയുടെ മറുപടി.

ജീവിതത്തില്‍ നമുക്ക് ഓരോ ഘട്ടമുണ്ടാകും. അന്ന് ഞാന്‍ കരുതിയിരുന്നത് എന്റെ ജീവിതം വീട്ടുകാരുടേയും എനിക്ക് ചുറ്റുമുള്ളവരുടേയും പെര്‍മിഷനെ ബേസ് ചെയ്തിട്ടാണ് എന്നായിരുന്നു. പേരന്റ്‌സായാലും എന്റെ ചുറ്റിലുള്ള ആരുമായാലും.

എന്നാല്‍ ഒരു പോയിന്റ് എത്തിയപ്പോള്‍ എന്തിനാണ് അങ്ങനെയൊരു പെര്‍മിഷന്‍ എന്ന് ഞാന്‍ ആലോചിച്ചു. ഇന്ന് ഞാന്‍ എന്റെ സ്വന്തം കാലില്‍ നില്‍ക്കുന്ന ആളാണ്. സ്വതന്ത്രമായി ജീവിക്കുന്ന ഒരാളാണ്. എന്റെ കാര്യങ്ങള്‍ ഞാനാണ് തീരുമാനിക്കുന്നത്.

ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ അവര്‍ എനിക്ക് വേണ്ടി എടുക്കുന്ന തീരുമാനത്തേക്കാള്‍ നല്ലതായിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. ഞാന്‍ എന്താണെന്നും എങ്ങനെയാണെന്നും എനിക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നൊക്കെ എനിക്കല്ലേ അറിയൂ. അന്നത്തെ ഞാനില്‍ നിന്ന് ഇന്നത്തെ ഞാന്‍ വളരെ ഡിഫ്രന്റ് ആണ്. 20 വയസുള്ള സമയത്തെ കാര്യമാണ് പറഞ്ഞത്. അവിടുന്ന് ഞാന്‍ കുറച്ചധികം മുന്നോട്ടുവന്നു, നൈല ഉഷ പറഞ്ഞു.

ആക്ടര്‍ ആകണമെന്ന് ആഗ്രഹമുള്ളപ്പോഴാണ് അവസരം വന്നിട്ടും അത് ചെയ്യാന്‍ കഴിയാതിരുന്നത്. അന്നൊക്കെ സിനിമ എന്ന് പറയുമ്പോള്‍ വേറെ തന്നെ ഒരു ലോകമാണ്. അതിനകത്ത് പോയി കഴിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. എന്താണ് നടക്കുന്നത് എന്നറിയില്ല. നമുക്ക് അറിയാത്ത ഒരു വേള്‍ഡാണ്.

എന്നാല്‍ സിനിമയില്‍ വര്‍ക്ക് ചെയ്തുകഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി നമ്മള്‍ ചെയ്യുന്ന മറ്റേതൊരു ജോലി പോലെ തന്നെയാണ് സിനിമയുമെന്ന്. നമ്മള്‍ വരുന്നു, ജോലി ചെയ്യുന്നു, പോകുന്നു. പിന്നെ വീട്ടിലിരിക്കുന്നവരെയൊക്കെ കണ്‍വിന്‍സ് ചെയ്യേണ്ടിയിരുന്നു. ചെറിയ പ്രായമായിരുന്നു. സ്വതന്ത്രമായി ഒന്നും ചെയ്യുന്ന സമയമായിരുന്നില്ല.

അന്നൊക്കെ ഞാന്‍ സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ പറ്റില്ല എന്നാണ് പറഞ്ഞത്. ഒരു മാഗസിന്റെ കവര്‍ പേജില്‍ പോലും ഫോട്ടോ വരാന്‍ സമ്മതിച്ചില്ല. ടെലിവിഷനില്‍ പോകാന്‍ സമ്മതിച്ചിരുന്നില്ല. റേഡിയോ ജോക്കി ആയി ദുബായില്‍ പോയി ജോലി ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല. സമ്മതിച്ചില്ല എന്ന് പറഞ്ഞാല്‍ അവര്‍ കണ്‍സേണ്‍ഡ് ആയിരുന്നു. ഒറ്റയ്ക്ക് പോയിട്ട് എങ്ങനെ പറ്റുമെന്നായിരുന്നു ചോദ്യം.

അവരെയൊക്കെ കണ്‍വിന്‍സ് ചെയ്ത് കണ്‍വിന്‍സ് ചെയ്ത് വന്നത് തന്നെയാണ്. ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ എങ്ങനെ എന്റെ ലൈഫിനെ മാനേജ് ചെയ്യുന്നു എന്ന് അവര്‍ കാണാന്‍ തുടങ്ങി.

അതുകൊണ്ട് അവര്‍ ഇപ്പോള്‍ ഞാന്‍ ഇവിടെ വന്നപ്പോള്‍ പോലും എന്നെ വിളിച്ച് ചോദിച്ചുപോലുമില്ല കൊച്ചി എത്തിയോ എന്ന് (ചിരി). കാരണം അവര്‍ക്കറിയാം, നൈലയല്ലേ എന്തായാലും കൊച്ചിയെത്തിക്കാണുമെന്ന്, നൈല ഉഷ പറഞ്ഞു.

ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രകടനമാണ് ചിത്രത്തില്‍ നൈല കാഴ്ചവെച്ചത്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രിയദര്‍ശന്‍ എന്ന യുവാവിന്റെ ജീവിതവും മറ്റുള്ളവരെ സഹായിക്കാനായി അദ്ദേഹം നടത്തുന്ന ഓട്ടപാച്ചിലുമാണ് ചിത്രത്തിന്റെ പ്രമേയം.

Content Highlight: Actress Nyla Usha Reveals her past life and struggles