പതിനേഴ് ദിവസത്തെ ഗ്യാപ്പ്, ഗര്‍ഭിണിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയിലേക്ക്; സൗദി വെള്ളക്കയിലെ ലുക്ക് ചേഞ്ചിനെക്കുറിച്ച് നില്‍ജ
Entertainment news
പതിനേഴ് ദിവസത്തെ ഗ്യാപ്പ്, ഗര്‍ഭിണിയില്‍ നിന്നും വിദ്യാര്‍ത്ഥിനിയിലേക്ക്; സൗദി വെള്ളക്കയിലെ ലുക്ക് ചേഞ്ചിനെക്കുറിച്ച് നില്‍ജ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th December 2022, 6:25 pm

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത സൗദി വെള്ളക്കയില്‍ ലുക്മാന്‍ അവതരിപ്പിക്കുന്ന അഭിലാഷ് മോഹന്റെ ചേച്ചി അനുമോളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അനുമോളായി ചിത്രത്തിലെത്തിയത് നില്‍ജ. കെ.ബേബിയാണ്. ചിത്രത്തിന്റെ തുടക്കം തൊട്ട് നില്‍ജയുടെ അനുമോള്‍ അസാധ്യ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് ലുക്ക് ചേഞ്ചിലാണ് നില്‍ജ ചിത്രത്തിലെത്തുന്നത്.

സിനിമയുടെ തുടക്കത്തില്‍ ഗര്‍ഭിണിയായ സ്ത്രീയായാണ് നില്‍ജ അവതരിപ്പിക്കുന്ന അനുമോളെ കാണിക്കുന്നത്. പിന്നീട് ഫ്‌ളാഷ് ബാക്ക് കാണിക്കുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായും നില്‍ജ എത്തുന്നുണ്ട്.

സിനിമയുടെ ആദ്യഭാഗങ്ങളില്‍ ഗര്‍ഭിണിയായാണ് നില്‍ജ അഭിനയിക്കുന്നത്. അതില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയിലേക്ക് എത്തുമ്പോള്‍ തീര്‍ത്തും കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന അഭിനയവും ശരീരപ്രകൃതിയും കഥാപാത്രത്തിനുണ്ട്.

സിനിമക്ക് വേണ്ടി താന്‍ എടുത്ത എഫേര്‍ട്ടിനെക്കുറിച്ച് നില്‍ജ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ആദ്യമേ ലുക്ക് ചേഞ്ച് വേണ്ട കഥാപാത്രമാണെന്ന് തരുണ്‍ മൂര്‍ത്തി പറഞ്ഞിരുന്നുവെന്നും പതിനേഴ് ദിവസമാണ് അതിനായി തന്നതെന്നും നില്‍ജ കുറിച്ചു.

”സൗദി വെള്ളക്കയുടെ സ്‌ക്രിപ്റ്റ് കയ്യില്‍ തരുന്നതിന്റെ കൂടെ തരുണ്‍ ചേട്ടന്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ‘ലുക്ക് ചേഞ്ച് ഒക്കെ വേണ്ടി വരും കേട്ടോ ‘ ഒരു ആക്ടര്‍ എന്ന നിലയില്‍ കേട്ടപ്പോ തന്നെ സന്തോഷമായി. സ്‌ക്രിപ്റ്റ് വായനയില്‍ തന്നെ പല കാലഘട്ടങ്ങളിലൂടെയുള്ള ഒരു യാത്രയാണെന്നും ആ പറഞ്ഞ ചേഞ്ച് എന്തുമാത്രം അനിവാര്യമാണെന്നും മനസിലായി.

നല്ലോണം കഴിച്ച് ഒന്ന് തുടുത്ത് ഗര്‍ഭിണിയിലേക്കെത്തി. ആ സീനുകള്‍ ആദ്യമേ എടുത്തതിനു ശേഷം പതിനേഴ് ദിവസത്തെ ഗ്യാപ്പ് തന്നു. അങ്ങനെ വീട്ടില്‍ രാവിലെയും വൈകിട്ടുമുള്ള ശ്രമങ്ങളും അഭ്യാസങ്ങളും തുടങ്ങി. ഓരോ ദിവസവും തരുണ്‍ ചേട്ടന്‍ ഏല്‍പിച്ചതനുസരിച്ച് ബിനു ചേട്ടന്‍, സനു, മഞ്ജുഷ ചേച്ചി ഇവരുടെയൊക്കെ വിളി വരുമായിരുന്നു. എനിക്കുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്.

പതിനേഴ് ദിവസത്തിനു ശേഷം തരുണ്‍ ചേട്ടന്റെ മുന്നില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ‘സെറ്റാണ് – ഓക്കെ ആണ് ‘ എന്ന് കേട്ടപ്പോ ആശ്വാസമായി. നിങ്ങളും കാണണം. തീയേറ്ററില്‍ തന്നെ. അഭിപ്രായങ്ങള്‍ അറിയിക്കണം. സൗദി വെള്ളക്കയും അനുമോളും എന്നും പ്രിയപ്പെട്ടതാണ്,” നില്‍ജ. കെ.ബേബി പറഞ്ഞു.

ഡിസംബര്‍ 2നാണ് ചിത്രം റിലീസ് ചെയ്തത്. ദേവി വര്‍മ, സുജിത്ത് ശങ്കര്‍, ബിനു പപ്പു തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

content highlight: Actress nilja. ka. baby about saudi vellakka movie