മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയോ സ്റ്റൈലിസ്റ്റിനെയോ കൊണ്ടുവന്നില്ല, ലൊക്കേഷനിലുള്ളവരാണ് മഞ്ജു ചേച്ചിയെ സഹായിച്ചത്; അനുഭവങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍
Entertainment
മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയോ സ്റ്റൈലിസ്റ്റിനെയോ കൊണ്ടുവന്നില്ല, ലൊക്കേഷനിലുള്ളവരാണ് മഞ്ജു ചേച്ചിയെ സഹായിച്ചത്; അനുഭവങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 1st June 2021, 10:47 am

കൊച്ചി: വ്യത്യസ്തമായ അഭിനയരീതിയിലൂടെ മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് നിഖില വിമല്‍. മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റാണ് നിഖിലയുടെ ഏറ്റവുമടുത്ത് പുറത്തിറങ്ങിയ ചിത്രം.

ചിത്രത്തില്‍ മഞ്ജു വാര്യരോടൊപ്പം മികച്ച പ്രകടനമാണ് നിഖില കാഴ്ചവെച്ചത്. ഇപ്പോഴിതാ മഞ്ജു വാര്യരുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് നിഖില. കേരളകൗമുദി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസ്സു തുറന്നത്.

വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയാണ് മഞ്ജു വാര്യര്‍ എന്നാണ് നിഖില പറയുന്നത്. താനും തന്റെ ചേച്ചിയും തമ്മിലുള്ള ബന്ധം പോലെയല്ല പ്രിസ്റ്റീലെ ചേച്ചിയും അനുജത്തിയും തമ്മിലെന്നും നിഖില പറഞ്ഞു.

‘ലാളിത്യം നിറഞ്ഞ വ്യക്തിത്വമാണ് മഞ്ജു ചേച്ചിയുടേത്. ലൊക്കേഷനില്‍ തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരെയോ സ്റ്റൈലിസ്റ്റിനെയോ ചേച്ചി കൊണ്ടുവന്നിരുന്നില്ല. സാരി ഉടുക്കാന്‍ സെറ്റിലെ സ്റ്റൈലിസ്റ്റുമാരാണ് ചേച്ചിയെ സഹായിച്ചത്. മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം,’ നിഖില പറഞ്ഞു.

മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ടെന്‍ഷന്‍ ചെറുതായുണ്ടായിരുന്നെന്നും എന്നാല്‍ ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ തന്റെ എല്ലാ ടെന്‍ഷനും ഇല്ലാതാക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചെന്നും നിഖില പറഞ്ഞു.

ജൂണിന് ശേഷം മധുരം, സിബി മലയില്‍ സംവിധാനത്തിലൊരുങ്ങുന്ന കൊത്ത് എന്നിവയാണ് നിഖിലയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, ശ്രുതി രാമചന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മധുരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actress Nikhila Vimal Shares Experience With Manju Warrier