ജീവിതത്തില്‍ ഇനിയൊരിക്കലും ഈ വിമാനത്തില്‍ കയറില്ല; അനുഭവം പങ്കുവെച്ച് നസ്രിയ
Entertainment news
ജീവിതത്തില്‍ ഇനിയൊരിക്കലും ഈ വിമാനത്തില്‍ കയറില്ല; അനുഭവം പങ്കുവെച്ച് നസ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th August 2022, 12:51 pm

തായ് എയര്‍വേയ്‌സില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളികളുടെ പ്രിയ താരം നസ്രിയ നസീം. തായ് എയര്‍വേയ്‌സിന്റെ സര്‍വീസിനെതിരെയാണ് നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ഷെയര്‍ ചെയ്തത്.

വിമാനയാത്രക്കിടെ ബാഗ് നഷ്ടപ്പെട്ട സമയത്ത് സഹായമാവശ്യപ്പെട്ട് എയര്‍വേയ്‌സ് അധികൃതരെ സമീപിച്ചെന്നും എന്നാല്‍ എയര്‍വേയ്‌സോ അതിലെ സ്റ്റാഫോ തന്റെ പരാതി കാര്യമായി എടുത്തില്ലെന്നും പരിഗണനയും ശ്രദ്ധയും തന്നില്ലെന്നുമാണ് നസ്രിയ പറയുന്നത്.

ഇനി തന്റെ ജീവിതത്തില്‍ ഒരിക്കലും തായ് എയര്‍വേയ്‌സിന്റെ വിമാനങ്ങളില്‍ കയറില്ലെന്നും നസ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നു.

”തായ് എയര്‍വേയ്‌സ് ഏറ്റവും മോശം. ഇതുവരെ ഒരു എയര്‍ലൈനില്‍ നിന്നോ അതിന്റെ സ്റ്റാഫില്‍ നിന്നോ എനിക്ക് ഇത്രയും മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ല.

ബാഗുകള്‍ കാണാതായി അതില്‍ സഹായം ആവശ്യപ്പെട്ട് അവരെ സമീപിക്കുമ്പോള്‍ അവര്‍ അത് കാര്യമായി എടുക്കുന്നില്ല. എന്റെ ജീവിതത്തില്‍ ഇനിയൊരിക്കലും ഈ ‘അമേസിങ്’ തായ് എയര്‍വേസില്‍ കയറില്ല,” നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തായ് എയര്‍വേസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു നസ്രിയ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തത്.

തായ് എയര്‍വേയ്‌സ് എന്ന തായ് എയര്‍വേയ്‌സ് ഇന്റര്‍നാഷണല്‍ പബ്ലിക് കമ്പനി ലിമിറ്റഡ് തായ്ലാന്‍ഡിന്റെ ഔദ്യോഗിക എയര്‍ലൈനാണ്. 2017 മുതല്‍ കമ്പനി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം, തെലുങ്ക് സ്റ്റാര്‍ നാനിക്കൊപ്പം ചെയ്ത അണ്ടേ സുന്ദരാനികിയാണ് നസ്രിയയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. ഒരിടവേളക്ക് ശേഷം നസ്രിയ അഭിനയിച്ച വിവേക് ആത്രേയ ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് റിലീസ് ചെയ്തത്.

Content Highlight: Actress Nazriya Nazim shares her bad experience from Thai airways