ഫോട്ടോ എടുക്കുമ്പോള്‍ ചില ചെക്കന്‍മാര്‍ വന്നിട്ട് തോളിലൊക്കെ കൈവെക്കാന്‍ നോക്കും, അതെനിക്ക് ഇഷ്ടമല്ല; നമിത പ്രമോദ്
Movie Day
ഫോട്ടോ എടുക്കുമ്പോള്‍ ചില ചെക്കന്‍മാര്‍ വന്നിട്ട് തോളിലൊക്കെ കൈവെക്കാന്‍ നോക്കും, അതെനിക്ക് ഇഷ്ടമല്ല; നമിത പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th June 2021, 5:00 pm

കൊച്ചി: ബാലതാരമായി സിനിമയിലെത്തി മികച്ച കഥാപാത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച നടിയാണ് നമിത പ്രമോദ്. ചെറിയ പ്രായത്തില്‍ തന്നെ മുതിര്‍ന്ന സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കാനും നമിതയ്ക്ക് കഴിഞ്ഞു.

നിരവധി ആരാധകരുള്ള നമിത തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദിയിട്ട് വരെ പുറത്തുപോയിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോള്‍. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നമിത മനസ്സുതുറന്നത്.

വളരെ തിരക്കുള്ള ചില സ്ഥലങ്ങളില്‍ പോകുമ്പോഴൊക്കെ തിരിച്ചറിയാതിരിക്കാന്‍ അങ്ങനെയൊക്കെ ചെയ്യുമായിരുന്നുവെന്ന് നമിത പറയുന്നു.

‘പുറത്തുപോകാന്‍ എനിക്ക് ഒരു കുഴപ്പവുമില്ല. തിരിച്ചറിഞ്ഞാല്‍ എന്താ കുഴപ്പം? നമ്മളോടുള്ള സ്‌നേഹം കൊണ്ടല്ലേ,’ നമിത പറഞ്ഞു.

ആ ഒരു സ്‌നേഹം എപ്പോഴെങ്കിലും ഒരു ഭാരമായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ചിലപ്പോഴൊക്കെ എന്നായിരുന്നു നമിത മറുപടി പറഞ്ഞത്.

‘എനിക്ക് ഇഷ്ടമല്ലാത്ത ഒരു സ്വഭാവമുണ്ട്. ധാരാളം ചേച്ചിമാരും ചേട്ടന്‍മാരും വളരെ സ്‌നേഹത്തോടെ എന്റെ അടുത്ത് വരികയും ഒരുമിച്ച് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്യും. എന്നാല്‍ ചില ചെക്കന്‍മാരൊക്കെ വന്നിട്ട് നമ്മുടെ തോളില്‍ ഒക്കെ കൈവെക്കാന്‍ നോക്കും. എനിക്ക് അത് തീരെ ഇഷ്ടമല്ല. കാരണം നമ്മളെ ഒട്ടും പരിചയമില്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നത്,’ നമിത പറഞ്ഞു.

പര്‍ദ്ദയിട്ട് ഒക്കെ പുറത്തുപോയപ്പോഴും തന്നെ ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നമിത പറഞ്ഞു. ഒരു ദിവസം ഇങ്ങനെ പോയപ്പോള്‍ ഒരാള്‍ അടുത്തുവന്ന് പറഞ്ഞു ഈ കണ്ണുകള്‍ എനിക്ക് മനസ്സിലായി എന്ന്( ചിരിക്കുന്നു).

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ താനിപ്പോള്‍ വളരെ സെലക്ടീവ് ആണെന്നും അതുകൊണ്ടാണ് പലപ്പോഴും നീണ്ട ഇടവേളകള്‍ ഉണ്ടാകുന്നതെന്നും നമിത കൂട്ടിച്ചേര്‍ത്തു.

2011ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത മലയാള സിനിമാലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലൂടെ നായികയായെത്തിയ നമിത കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ നിരവധി സിനിമകളാണ് മലയാളിയ്ക്ക് സമ്മാനിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actress Namitha Pramod About Going Out Wearing Purdah