തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചവരുണ്ട്; ജനപ്രതിനിധികളും ഞാനുമിരിക്കുന്ന ചടങ്ങുകളില്‍ ചിലര്‍ നിവേദനങ്ങള്‍ എനിക്ക് തരാറുണ്ട്: മഞ്ജു വാര്യര്‍
Movie Day
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചവരുണ്ട്; ജനപ്രതിനിധികളും ഞാനുമിരിക്കുന്ന ചടങ്ങുകളില്‍ ചിലര്‍ നിവേദനങ്ങള്‍ എനിക്ക് തരാറുണ്ട്: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th September 2022, 2:22 pm

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി മഞ്ജു വാര്യര്‍. ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമായിരുന്നു മഞ്ജു വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നത്.

ഫ്ളവേഴ്സ് ഒരു കോടിയുടെ ഓണം സ്പെഷ്യല്‍ എപ്പിസോഡില്‍ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തില്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചുമെല്ലാം മഞ്ജു സംസാരിച്ചിരുന്നു. ഒപ്പം തന്റെ രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വാര്‍ത്തകളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ കേട്ട ഒരു പ്രധാനപ്പെട്ട കാര്യമായിരുന്നു മഞ്ജുവിന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത. എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന ചോദ്യത്തിന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇങ്ങനെ ഒരു വാര്‍ത്ത വരാറുണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

ഏത് മണ്ഡലമാണ് മഞ്ജുവിനായി അവര്‍ കല്പിച്ചു തന്നിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് ഓര്‍മയില്ലെന്നും ഏതൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ടെന്നും താരം പറയുന്നു.

ഇലക്ഷന് നില്‍ക്കാന്‍ താല്പര്യമുണ്ടോയെന്ന് ചോദിച്ച് ആരെങ്കിലും സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് ഉണ്ടെന്നും എന്നാല്‍ തനിക്ക് അതില്‍ ഒട്ടും താത്പര്യമോ കഴിവോ ഇല്ലെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി.

ജനങ്ങളെ സേവിക്കാനുള്ള ഒരു വഴിയാണെന്ന രീതിയില്‍ തോന്നിയാലോ എന്ന് ചോദ്യത്തിന്”അങ്ങനെയല്ലാത്ത രീതിയില്‍ എന്നെ കൊണ്ട് ആവുന്ന രീതിയില്‍ ചെയ്യാനുള്ള കഴിവേ എനിക്കുള്ളു. രാഷ്ട്രീയം അധികം ഫോളോ ചെയ്യാറില്ല. പൊതുവായിട്ടുള്ള ബേസിക്ക് കാര്യങ്ങളൊക്കെ അറിയാം, നേതാക്കന്മാരെ എല്ലാമറിയാം” എന്നായിരുന്നു മഞ്ജു നല്‍കിയ മറുപടി.

”ആളുകള്‍ക്ക് ഒരു പ്രശ്നം വന്ന് പറയാന്‍ തോന്നുന്ന ഒരാളായിട്ട് എന്നെ കാണാറുണ്ടെന്ന് തോന്നിയിട്ടുണ്ട്. ജനപ്രതിനിധികളും ഞാനുമിരിക്കുന്ന പല ചടങ്ങുകളിലും അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിവേനങ്ങള്‍ കൊണ്ട് പലരും എന്റെ അടുത്താണ് വരുക.

എനിക്ക് അല്ല തരേണ്ടത്, ഇവിടേക്ക് കൊടുക്കണമെന്ന് പറയേണ്ടി വന്നിട്ടുണ്ട്. അങ്ങനെയല്ല, മോള്‍ ഇത് വായിക്കണമെന്ന് പറഞ്ഞിട്ട് എന്റെ കയ്യിലേക്ക് കൊണ്ടു തരാറുണ്ട്.

അവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ പറ്റുന്ന ആളായിട്ടോ ആ ഒരു സ്വാതന്ത്ര്യം തോന്നുന്ന വ്യക്തിയായിട്ടോ ആണ് മലയാള പ്രേക്ഷകര്‍ എന്നെ കണ്ടിട്ടുള്ളതെന്ന് തോന്നിയിട്ടുണ്ട്,” മഞ്ജു കൂട്ടിച്ചേര്‍ത്തു.

Content Highlight: Actress manju warrier about her Political entry