ആ ഫോട്ടോ വലിയ ചര്‍ച്ചയായപ്പോഴും എന്റെ ഉള്ളില്‍ വന്ന ചിന്ത ഇതുമാത്രമായിരുന്നു; മനസുതുറന്ന് മഞ്ജു
Malayalam Cinema
ആ ഫോട്ടോ വലിയ ചര്‍ച്ചയായപ്പോഴും എന്റെ ഉള്ളില്‍ വന്ന ചിന്ത ഇതുമാത്രമായിരുന്നു; മനസുതുറന്ന് മഞ്ജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st April 2021, 11:39 am

ചതുര്‍മുഖം എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്ക് ബ്ലാക്ക് നിറത്തിലുള്ള ഫ്രോക്കും വൈറ്റ് നിറത്തിലുള്ള ഷര്‍ട്ടും ധരിച്ചുകൊണ്ട് എത്തിയ മഞ്ജു വാര്യരുടെ ചിത്രം നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കുമായെത്തിയ താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ എത്തുകയും ചെയ്തു.

എന്നാല്‍ ചെറുപ്പത്തോട് മത്സരിക്കാന്‍ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് മഞ്ജു ഇപ്പോള്‍. തനിക്ക് അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ലെന്നും തന്റെ ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുത്തിട്ടില്ലെന്നുമാണ് താരം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘ ഈയടുത്ത് വന്ന എന്റെയൊരു ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും ഞാനതൊന്നും വലിയ കാര്യമായി കാണുന്നില്ല. അതൊരു വലിയ ക്രഡിറ്റോ അതാണ് ഏറ്റവും വലിയ നേട്ടമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. പ്രായമാകുന്നത് സ്വാഭാവികമാണ്. അതിനെ വളരെ സ്‌നേഹത്തോടെ ആലിംഗനം ചെയ്യുകയാണ് വേണ്ടത്.

പ്രായമാവുന്നതില്‍ എനിക്കും സന്തോഷമേയുള്ളൂ. ചെറുപ്പമായിരിക്കുന്നു എന്നതിലല്ല, സന്തോഷമായിരിക്കുന്നുണ്ടോ എന്നതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ആ ഫോട്ടോയുടെ കാര്യത്തില്‍ വലിയ ചര്‍ച്ച ഉണ്ടായപ്പോഴും എന്റെ ഉള്ളില്‍ വന്ന ചിന്ത അതാണ്. ബാക്കിയെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ്,’ മഞ്ജു വാര്യര്‍ പറഞ്ഞു.

ഉള്ളില്‍ വലിയ ആഹ്ലാദം അനുഭവിക്കുന്ന ഒരാളെപ്പോലെയുണ്ടല്ലോ ഇപ്പോള്‍ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉള്ളില്‍ ആഹ്ലാദവും സമാധാനവും ഉണ്ടെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

മനസില്‍ സന്തോഷം ഉണ്ട്. പക്ഷേ അത് ഇന്ന ഒരു പ്രത്യേക കാര്യം കൊണ്ടാണ് എന്ന് പറയാന്‍ ആവുമോ എന്നറിയില്ല. അത് ഏതെങ്കിലും ഒരു വസ്തുവിലോ എന്റെ ഏതെങ്കിലും ഒരു നേട്ടത്തിലോ അധിഷ്ഠിതമായി എനിക്ക് തോന്നിയിട്ടില്ല. ഇപ്പോള്‍ ഉള്ള ഒന്നും എന്റെ ജീവിതത്തില്‍ ഇല്ലെങ്കിലും ഞാന്‍ ഒരുപക്ഷേ സന്തോഷമായി തന്നെ ഇരിക്കുമായിരിക്കും. എന്റെ സന്തോഷം, അത് എന്റെ ഉള്ളിന്റെ ഉള്ളില്‍ തന്നെ ഉണ്ട്, മഞ്ജു വാര്യര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Manju warrier About Her Life And Career