ആലിയയേയും ദീപികയേയും അങ്ങനെ വിളിക്കാറില്ലല്ലോ, പിന്നെ എന്തിനാണ് ഇവിടെ ഒരു കൂട്ടിച്ചേര്‍ക്കല്‍: മാളവിക മോഹനന്‍
Film News
ആലിയയേയും ദീപികയേയും അങ്ങനെ വിളിക്കാറില്ലല്ലോ, പിന്നെ എന്തിനാണ് ഇവിടെ ഒരു കൂട്ടിച്ചേര്‍ക്കല്‍: മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th February 2023, 9:23 am

നായികമാരെ ലേഡി സൂപ്പര്‍സ്റ്റാറെന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും അങ്ങനെ വിളിക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞിരിക്കുകയാണ് നടി മാളവിക മോഹനന്‍. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടെ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. ഒരാളെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ടാഗ് ചെയ്യാന്‍ പറഞ്ഞാല്‍ ആരെ ചെയ്യും എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘സത്യം പറഞ്ഞാല്‍ എനിക്ക് ആ വാക്ക് ഇഷ്ടമല്ല. നമ്മള്‍ ആക്ടേഴ്‌സിനെ വിളിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ എന്നല്ലേ. അത് കൊണ്ട് ഫീമെയ്ല്‍ ആക്ടേഴ്‌സിനെയും സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെ വിളിക്കാം. ലേഡി ചേര്‍ക്കേണ്ട ആവശ്യം ഇല്ലല്ലോ? ദീപിക പദുകോണിനെയും, ആലിയ ഭട്ടിനെയും, കത്രീന കൈഫിനെയുമൊക്കെ ലേഡി ചേര്‍ത്ത് പറയാറില്ലല്ലോ. സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെയല്ലേ പറയാറ്, അപ്പോള്‍ അങ്ങനെ വിളിച്ചാല്‍ പോരെ,’ മാളവിക പറഞ്ഞു.

ഫിലിം ഇന്‍ഡസ്ട്രികളില്‍ നായികമാര്‍ പലപ്പോഴും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാറുണ്ടെന്നും. അതുകൊണ്ട് തന്നെ വ്യത്യസ്ത റോളുകള്‍ തിരഞ്ഞെടുക്കാന്‍ താന്‍ മനപ്പൂര്‍വ്വം ശ്രമാക്കാറുണ്ടെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് ഒരു ഇമേജ് സെറ്റ് ചെയ്യുന്നത് ഇഷ്ടമല്ല, ഫീമെയില്‍ ആക്ടേഴ്സിനെ പൊതുവെ എല്ലാ ഇന്‍ഡസ്ട്രികളിലും ലേബല്‍ ചെയ്യുന്നത് കാണാനാകും. ചില നായികമാര്‍ക്ക് സെക്സി റോളാണ് നന്നായിരിക്കുക, അല്ലെങ്കില്‍ ഇവര്‍ക്ക് ക്യൂട്ട് റോള്‍ ചെയ്താലാണ് നന്നാവുക എന്നിങ്ങനെയുള്ള മുന്‍ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒരു നായിക തന്നെ വ്യത്യസ്ത റോളുകള്‍ ചെയ്യാന്‍ പ്രാപ്തയാണെന്നത് പലപ്പോഴും പരിഗണിക്കപ്പെടാറില്ല, അതുകൊണ്ട് തന്നെ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ മനപ്പൂര്‍വ്വം ശ്രമിക്കാറുണ്ട്,’ മാളവിക പറഞ്ഞു.

ക്രിസ്റ്റി ആണ് ഉടന്‍ റിലീസിനൊരുങ്ങുന്ന മാളവികയുടെ ചിത്രം. മാളവിക മോഹനനും, മാത്യു തോമസും ആദ്യമായി ഒന്നിക്കുന്ന ക്രിസ്റ്റി നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് സംവിധാനം ചെയ്യുന്നത്. റൊമാന്‍സിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ജോയ് മാത്യു, വിനീത് വിശ്വന്‍, മഞ്ചു പത്രോസ്, രാജേഷ് മാധവന്‍, സ്മിനു സിജോ എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Content Highlight: Actress Malavika Mohanan reacts to calling heroines lady superstars