ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്, എല്ലാ സംവിധായകരും ഇത് ചെയ്യില്ല; ദൃശ്യത്തിലെ മേരി പറയുന്നു
Entertainment
ഞങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണ്, എല്ലാ സംവിധായകരും ഇത് ചെയ്യില്ല; ദൃശ്യത്തിലെ മേരി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd February 2021, 6:39 pm

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇനിയും അവസാനിച്ചിട്ടില്ല. റിലീസിന് ശേഷം ദൃശ്യത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരങ്ങളും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ സിനിമയില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൃഷ്ണപ്രഭയാണ് വിശേഷങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്. മേരി എന്ന കഥാപാത്രം തനിക്കൊരു ലോട്ടറിയായിരുന്നുവെന്നും ചെറിയ വേഷമാണെങ്കിലും ചെയ്തു ഫലിപ്പിക്കുക എളുപ്പമായിരുന്നില്ലെന്നും മാതൃഭൂമിയ്ക്ക് നല്‍കി അഭിമുഖത്തില്‍ കൃഷ്ണപ്രഭ പറഞ്ഞു.

ഒരുപാട് ഇമോഷണിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് മേരി. അത്തരത്തിലുള്ള വേഷങ്ങളെല്ലാം വല്ലപ്പോഴും മാത്രമേ നമ്മെ തേടിയെത്തൂ. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമ്മളെ വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള കഥാപാത്രങ്ങള്‍ വീണു കിട്ടണമെങ്കില്‍ എന്നെപ്പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരുപാട് കാത്തിരിക്കേണ്ടി വരും. ആദ്യം നന്ദി പറയുന്നത് ജീത്തു ജോസഫ് സാറിനോടാണ്. ജീത്തു സാറിന്റെ ഏറ്റവും പോസിറ്റീവായുള്ള ഒരു കാര്യം എന്താണെന്നുവച്ചാല്‍ അദ്ദേഹം സ്റ്റേജ് ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമയില്‍ അവസരം നല്‍കും. എല്ലാ സംവിധായകരും അത്തരമൊരു റിസ്‌ക് എടുക്കില്ല. കൃഷ്ണപ്രഭ പറയുന്നു.

അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ക്ക് ദൃശ്യത്തിലൂടെയാണ് ഒരു ബ്രേക്ക് കിട്ടിയതെന്നും തങ്ങളെല്ലാവരും ഗോഡ് ഫാദറില്ലാതെ സിനിമയില്‍ വന്നവരാണെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ത്തു.

മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ റിയാലിറ്റി ഷോകളിലൂടെയും ഹിറ്റായ അജിത് കുത്താട്ടുകുളം, സുമേഷ് ചന്ദ്രന്‍, കൃഷ്ണ പ്രഭ എന്നിവരുടെ കഥാപാത്രങ്ങള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജോസ് എന്ന കഥാപാത്രമായിട്ടാണ് അജിത് കുത്താട്ടുകുളം സിനിമയില്‍ എത്തുന്നത്. ജീവിതത്തിലെ പ്രയാസമേറിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജോസിന്റെ റോള്‍ അജിത്തിന്റെ കൈവശം ഭദ്രമായിരുന്നു.

ജോസിന്റെ ഭാര്യയുടെ റോളിലാണ് കൃഷ്ണ പ്രഭ എത്തിയത്. തന്റെ സഹോദരനെ കൊലപ്പെടുത്തി ജയിലില്‍ പോയ ഭര്‍ത്താവ് തിരികെ എത്തുമ്പോള്‍ ഉള്ള കൃഷ്ണ പ്രഭയുടെ അഭിനയമെല്ലാം ഗംഭീരമായിരുന്നു.

ചാനല്‍ റിയാലിറ്റി ഷോയിലൂടെ ഹിറ്റായ സുമേഷ് നെഗറ്റീവ് ഷേഡുള്ള കുടിയന്‍ കഥാപാത്രമായി ദൃശ്യത്തില്‍ കൈയ്യടി നേടിയിരുന്നു. ഏറ്റവും വലിയ തമാശ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ ഷോയില്‍ ദൃശ്യത്തിന്റെ സ്പൂഫ് വീഡിയോയില്‍ സുമേഷ് ചന്ദ്രനും അജിത്ത് കൂത്താട്ടുകുളവും അഭിനയിച്ചിരുന്നു എന്നതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlight: Actress Krishnaprabha shares experience about Drishyam 2