ബ്രോ ഡാഡി സെറ്റില്‍ പൃഥ്വിരാജ് അത്ഭുതപ്പെടുത്തിയെന്ന് കനിഹ; മറുപടി കമന്റുമായി പൃഥ്വിരാജ്
Entertainment
ബ്രോ ഡാഡി സെറ്റില്‍ പൃഥ്വിരാജ് അത്ഭുതപ്പെടുത്തിയെന്ന് കനിഹ; മറുപടി കമന്റുമായി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th August 2021, 6:32 pm

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി കനിഹ. പൃഥ്വിരാജ് എന്ന വ്യക്തി എത്ര വേഗമാണ് നടനില്‍ നിന്നും സംവിധായകനിലേക്കും തിരിച്ചും മാറുന്നതെന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് കനിഹ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമിലെഴുതിയ കുറിപ്പിലൂടെയായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും കനിഹ സംസാരിച്ചത്. ബ്രോ ഡാഡി സെറ്റില്‍ നിന്നും പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും കനിഹ പങ്കുവെച്ചു.

‘പൃഥ്വിരാജ് വിവിധ റോളുകള്‍ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഇതുവരെ ചെയ്ത തികച്ചും വ്യത്യസ്തമായ ഓരോ കഥാപാത്രങ്ങളും ജീവസുറ്റതാക്കി തീര്‍ക്കുന്ന അദ്ദേഹത്തിന്റെ കഴിവിലും അത്ഭുതപ്പെട്ടിട്ടുണ്ട്.

എന്നെങ്കിലും പൃഥ്വിരാജിനൊപ്പം വര്‍ക്ക് ചെയ്യണം എന്നുണ്ടായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. എത്ര അനായാസമായാണ് സംവിധായകനില്‍ നിന്നും നടനിലേക്ക് പൃഥ്വിരാജ് മാറുന്നതെന്ന് കാണുന്നത് തന്നെ ഒരു മികച്ച അനുഭവമായിരുന്നു.

പൃഥ്വിരാജ്, ഞാനെന്നും നിങ്ങളുടെയും നിങ്ങളുടെ വര്‍ക്കിന്റെയും ആരാധികയാണ്,’ കനിഹയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.

കനിഹയുടെ പോസ്റ്റില്‍ മറുപടി കമന്റുമായി പൃഥ്വിരാജുമെത്തിയിട്ടുണ്ട്. അങ്ങനെ അവസാനം, നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്.

View this post on Instagram

A post shared by Kaniha (@kaniha_official)

ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്നും ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നുമാണ് ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നത്.

ബ്രോ ഡാഡിയില്‍ മോഹന്‍ലാല്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

പൃഥ്വിരാജും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മീന, കനിഹ, ഷൈന്‍ ടോം ചാക്കോ, ലാലു അലക്സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ് തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കുന്നുണ്ട്.

ബിബിന്‍ മാളിയേക്കല്‍, ശ്രീജിത്ത് എന്‍. എന്നിവര്‍ ചേര്‍ന്ന എഴുതിയിരിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്. ദീപിക് ദേവ് സംഗീതവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress Kaniha about Prithviraj and Bro Daddy movie shooting