കമല്‍ സാറിന്റെ വീടിന് മുന്നില്‍ചെന്ന് 'എടോ കമലേ' എന്ന് വിളിച്ചു, അത്രയും ദേഷ്യം വന്നിട്ട് ചെയ്തതാണ്: ജ്യോതി കൃഷ്ണ
Entertainment news
കമല്‍ സാറിന്റെ വീടിന് മുന്നില്‍ചെന്ന് 'എടോ കമലേ' എന്ന് വിളിച്ചു, അത്രയും ദേഷ്യം വന്നിട്ട് ചെയ്തതാണ്: ജ്യോതി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th January 2023, 4:23 pm

ലൈഫ് ഓഫ് ജോസൂട്ടി, ഗോഡ് ഫോര്‍ സെയില്‍, ഞാന്‍ തുടങ്ങീ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് നടി ജ്യോതി കൃഷ്ണ.

തന്റെ ചെറുപ്പകാലത്ത് നാട്ടുകാരന്‍ കൂടിയായ സംവിധായകന്‍ കമലിനെ കാണണമെന്ന ആഗ്രഹത്തോടെ വീടിന് മുന്നില്‍ പോയിരുന്നതിന്റെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ ജ്യോതി. കൗമുദി മൂവീസിന്റെ ‘എ ഡേ വിത്ത് ആക്ട്രസ് ജ്യോതി കൃഷ്ണ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

സ്‌കൂള്‍ കാലത്ത് സൈക്കിളില്‍ കമലിന്റെ വീടിന് മുന്നിലൂടെ പോയിരുന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി നടത്തിയ ശ്രമങ്ങളെ കുറിച്ചുമൊക്കെയാണ് നടി പറയുന്നത്.

”സംവിധായകന്‍ കമല്‍ സാറിന്റെ വീട് കഴിഞ്ഞുള്ള അടുത്ത സ്റ്റോപ്പിലാണ് എന്റെ വീട്. ആ വഴിക്കൊക്കെ ഞാന്‍ സ്‌കൂളും ട്യൂഷനും കഴിഞ്ഞ് സൈക്കിളില്‍ പോകാറുണ്ടായിരുന്നു.

അന്ന് എന്റെ ആദ്യത്തെ ശ്രമം കമല്‍ സാറിന്റെ കണ്ണില്‍ പെടുക എന്നുള്ളതായിരുന്നു. എന്റെ വിചാരം എന്നെ കണ്ടാല്‍ പുള്ളി അപ്പൊത്തന്നെ സിനിമയിലെടുക്കും എന്നായിരുന്നു. അതാണ് അന്ന് ചിന്തിച്ചിരുന്നത്.

എനിക്കന്ന് നല്ല കട്ടി മുടിയായിരുന്നു. തനി നാടന്‍ രൂപമായിരുന്നു.

അങ്ങനെ പുള്ളിയുടെ മുന്നില്‍ പെടാനായി ഞാന്‍ പലപ്പോഴും ഭയങ്കര സ്‌റ്റൈലിലൊക്കെ ചെന്ന് നിന്നുനോക്കി. പക്ഷെ പുള്ളിയെ കാണാന്‍ പറ്റത്തില്ല. എനിക്ക് ഫ്രസ്‌ട്രേഷനും ദേഷ്യവുമൊക്കെ വരാന്‍ തുടങ്ങി.

അങ്ങനെ ഒരുദിവസം സാറിന്റെ വീടിന് മുന്നില്‍ സൈക്കിള്‍ വെച്ചിട്ട്, ‘എടോ’ എന്നുപറഞ്ഞ് വിളിച്ചു. സത്യമായും ചെയ്ത കാര്യമാണ്. ടോ കമലേ എന്ന് വിളിച്ചു. ദേഷ്യം വന്നിട്ട് ചെയ്തതാണ്,” ജ്യോതി കൃഷ്ണ പറഞ്ഞു.

Content Highlight: Actress Jyothy Krishna talks about Director Kamal