'ഭര്‍ത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നത് സമൂഹമാണ്'; ജീവിതത്തിലെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
D Movies
'ഭര്‍ത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നത് സമൂഹമാണ്'; ജീവിതത്തിലെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th March 2021, 6:37 pm

കൊച്ചി: മലയാള സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമാണ് നടി ഇന്ദുലേഖ. ഇപ്പോഴിതാ തന്റെ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തി താരം നല്‍കിയ അഭിമുഖം ചര്‍ച്ചയാകുകയാണ്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നടി തുറന്നുപറച്ചില്‍ നടത്തിയത്.

ഭര്‍ത്താവിന് സുഖമില്ലാതെ ആശുപത്രിയില്‍ കിടന്ന സമയത്ത് വരെ അഭിനയിക്കാന്‍ പോയിട്ടുണ്ടെന്നും അതിന്റെ പേരില്‍ നിരവധി പേരില്‍ നിന്നുമേറ്റ വിമര്‍ശനങ്ങളെപ്പറ്റിയും ഇന്ദുലേഖ മനസ്സു തുറന്നു.

‘എന്റെ ഭര്‍ത്താവിന്റെ പേര് ശങ്കരന്‍ പോറ്റി. ഒരു സിനിമ സംവിധായകനായിരുന്നു അദ്ദേഹം. ഇപ്പോള്‍ മരിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു. എന്റെ ഭര്‍ത്താവിന് കുറച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായി. അദ്ദേഹം ആശുപത്രിയായിലായ സമയത്തും ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു ബ്രേക്ക് എടുക്കാനോ ലീവ് എടുക്കാനോ ഉള്ള സാഹചര്യമല്ലായിരുന്നു. ഒരു ദിവസം ആശുപത്രിയില്‍ നിന്ന സമയത്ത് ലൊക്കേഷനില്‍ നിന്ന് ഫോണ്‍വന്നു. ഷൂട്ടിംഗ് ഉണ്ടെന്നും ഉടനെയെത്തണമെന്നുമായിരുന്നു. എഴുപതോളം ആള്‍ക്കാര്‍ എന്നെയും കാത്ത് നില്‍ക്കുന്ന സാഹചര്യമായിരുന്നു. മുടങ്ങിയാല്‍ സീരിയല്‍ ടെലികാസ്റ്റ് ചെയ്യാന്‍ പറ്റില്ല. പ്രൊഡ്യൂസര്‍ക്കും നഷ്ടമുണ്ടാകും. നിര്‍ണായകമായൊരു അവസ്ഥയായിരുന്നു. നമ്മുടെ ജീവിതം മാര്‍ഗം കൂടി ആയത് കൊണ്ട് വേറെ നിവൃത്തി ഇല്ലായിരുന്നു’, ഇന്ദുലേഖ പറഞ്ഞു.

ആശുപത്രിയിലെ കാര്യങ്ങള്‍ നോക്കാന്‍ നഴ്‌സുമാരെ ഏല്‍പ്പിച്ചാണ് ഷൂട്ടിംഗിന് പോയതെന്നും ഇന്ദുലേഖ പറഞ്ഞു.

‘എന്റെ എല്ലാ സാഹചര്യങ്ങളും അറിയാവുന്നവര്‍ തന്നെ ഭര്‍ത്താവ് സുഖമില്ലാതെ കിടക്കുമ്പോള്‍ അവള്‍ അഭിനയിക്കാന്‍ പോകുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗിന് പോയില്ലെങ്കില്‍ അവിടുത്തെ കാര്യങ്ങളൊക്കെ പ്രശ്‌നത്തിലാകും. ഭര്‍ത്താവ് മരിച്ചൊരു സ്ത്രീ ആണെങ്കില്‍ അവര്‍ എന്തൊക്കെ ചെയ്യണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹമാണ്. അത് മാറ്റി നിര്‍ത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാന്‍. ഇപ്പോള്‍ എനിക്ക് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട്. എന്റെ ഏറ്റവും വലിയ പിന്തുണ മകളാണ്. വസ്ത്രധാരണത്തില്‍ വരെ അവള്‍ അഭിപ്രായം പറയാറുണ്ട്’, ഇന്ദുലേ പറഞ്ഞു.