സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ ലിപ് ലോക്ക് ഉണ്ടെന്ന് പറഞ്ഞില്ല, എന്റെ ആ സീന്‍ ഉപയോഗിച്ച് മാര്‍ക്കറ്റ് ചെയ്‌തെന്ന് കേട്ടപ്പോള്‍ ഭയങ്കര ഷോക്കായി: ഹണി റോസ്
Entertainment news
സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ ലിപ് ലോക്ക് ഉണ്ടെന്ന് പറഞ്ഞില്ല, എന്റെ ആ സീന്‍ ഉപയോഗിച്ച് മാര്‍ക്കറ്റ് ചെയ്‌തെന്ന് കേട്ടപ്പോള്‍ ഭയങ്കര ഷോക്കായി: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th February 2023, 10:25 pm

ഹണി റോസ്, ഫഹദ് ഫാസില്‍, മുരളി ഗോപി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 1 ബൈ ടൂ. ഡോക്ടര്‍ പ്രേമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി അവതരിപ്പിച്ചത്.

ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായ സമയത്ത് അതില്‍ ലിപ് ലോക്ക് രംഗമില്ലായിരുന്നുവെന്ന് ഹണി റോസ് പറഞ്ഞു. ഇന്റിമേറ്റ് സീന്‍ ഉണ്ടാവുമെന്ന് മാത്രമാണ് പറഞ്ഞതെന്നും അത് ഒരിക്കലും ലിപ് ലോക്ക് സീന്‍ ആണെന്ന് പറഞ്ഞിരുന്നില്ലെന്നും ഹണി പറഞ്ഞു.

ഷൂട്ടിനിടയിലാണ് ഡയറക്ടര്‍ ആ സീനിനെക്കുറിച്ച് പറഞ്ഞതെന്നും പക്ഷെ സിനിമയില്‍ അത്രയും പ്രാധാന്യമുള്ള സീനാണതെന്ന് സംവിധായകന്‍ പറഞ്ഞതുകൊണ്ടാണ് താന്‍ തയ്യാറായതെന്നും താരം പറഞ്ഞു. എന്നാല്‍ ആ രംഗങ്ങള്‍ മാത്രം വെച്ച് കൊണ്ട് സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചുവെന്നും അത് വിഷമമുണ്ടാക്കിയെന്നും ഹണി റോസ് പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”അങ്ങനെയൊരു സീന്‍ ഞാന്‍ ആ മൂവിയില്‍ മാത്രമെ ചെയ്തിട്ടുള്ളൂ. ലിപ് ലോക്ക് വേറെ മൂവിയില്‍ ചെയ്തിട്ടില്ല. ഞാന്‍ ആ സിനിമയില്‍ കമ്മിറ്റ് ചെയ്ത സമയത്ത് സിനിമയില്‍ അങ്ങനെയൊരു സീന്‍ ഇല്ലായിരുന്നു.

ഇന്റിമേറ്റ് സീന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷെ ഒരിക്കലും ലിപ് ലോക്ക് സീന്‍ ആയിരിക്കുമെന്ന് പറഞ്ഞില്ല. ആ സിനിമയുമായി ബന്ധപ്പെട്ട് വര്‍ക്ക് ചെയ്തവരെല്ലാം സിനിമയുമായി എത്ര പാഷനേറ്റാണെന്ന് നമുക്ക് അറിയാം. ഞങ്ങള്‍ ആ സിനിമ ചെയ്യുന്ന സമയത്തും അങ്ങനെയാണ്.

കാരണം ഞാന്‍ ചെയ്ത കഥാപാത്രവും എനിക്ക് ചുറ്റുമുള്ള മറ്റ് കഥാപാത്രങ്ങളും വളരെ ആഴത്തില്‍ ഉള്ളതാണ്. ഷൂട്ടിനിടക്ക് ഡയറക്ടര്‍ എന്നെ മാറ്റി നിര്‍ത്തി ഇതുപോലെ ഒരു സീനുണ്ടെന്ന് പറഞ്ഞു. ഒരു ലവ് മേക്കിങ്ങ് മുമന്റില്‍ അല്ല ആ സിനിമയില്‍ അങ്ങനെയൊരു കിസ് വരുന്നത്. ഭയങ്കര ഇമോഷണലായിട്ടുള്ള ഒരു സീനിന്റെ ഭാഗമായിട്ടാണ് ആ കിസ് വരുന്നത്.

അദ്ദേഹം അത് പറഞ്ഞ് മനസിലാക്കിയപ്പോഴാണ് ചെയ്യാനായിട്ട് ഞാന്‍ സമ്മതിച്ചത്. ആ ഒരു സീന്‍ കൂടി ഉണ്ടെങ്കില്‍ കുറച്ചു കൂടി ആഴത്തില്‍ അത് ആളുകളിലേക്ക് എത്തുമെന്ന് വിചാരിച്ചിട്ട് തന്നെയാണ് ചെയ്യുന്നത്. പക്ഷെ എനിക്ക് തോന്നുന്നു അതിന്റെ പ്രൊഡക്ഷന്‍ ടീമിന്റെ ഭാഗത്ത് നിന്നാണ് ഇതും ഉണ്ട് ഈ സിനിമയില്‍ എന്ന രീതിയില്‍ പോസ്റ്ററില്‍ ഒക്കെ ആ സീന്‍ വെച്ചത്.

ഈ ഒരു രീതിയില്‍ അതിനെ മാര്‍ക്കറ്റ് ചെയ്തു എന്ന് കേട്ടപ്പോള്‍ ഞാനും ഭയങ്കര ഷോക്കായി പോയി. കാരണം ഞാന്‍ മനസിലാക്കിയ സിനിമയോ എനിക്ക് പറഞ്ഞ് തന്ന സിനിമയോ അങ്ങനെയല്ല. അതില്‍ എനിക്ക് കുറച്ച് വിഷമം തോന്നി,” ഹണി റോസ് പറഞ്ഞു.

content highlight: actress honey rose about one by two movie scenes