മേക്കപ്പ് ഇട്ട് ചെന്നപ്പോള്‍ അത് ഉപയോഗിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു; മോണ്‍സ്റ്റര്‍ എന്റെ കഥാപാത്രത്തിന്റെ സിനിമയാണെന്നാണ് പറഞ്ഞത്: ഹണി റോസ്
Entertainment news
മേക്കപ്പ് ഇട്ട് ചെന്നപ്പോള്‍ അത് ഉപയോഗിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു; മോണ്‍സ്റ്റര്‍ എന്റെ കഥാപാത്രത്തിന്റെ സിനിമയാണെന്നാണ് പറഞ്ഞത്: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th February 2023, 9:03 pm

മോഹന്‍ ലാല്‍ കേന്ദ്രകഥാപാത്രമായ മോണ്‍സ്റ്ററില്‍ പ്രധാനവേഷത്തിലെത്തിയ നടിയാണ് ഹണി റോസ്. ചിത്രത്തിലെ ഭാമിനി എന്ന കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് ഹണി.

ഭാമിനി എന്ന ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ താന്‍ ഭയങ്കര എക്‌സൈറ്റായിരുന്നുവെന്നും ആദ്യ ദിവസം തന്നെ സംവിധായകന്‍ പറഞ്ഞത് മോണ്‍സ്റ്റര്‍ തന്റെ കഥാപാത്രത്തിന്റെ സിനിമയാണെന്നും ഹണി റോസ് പറഞ്ഞു.

മോഹന്‍ ലാല്‍ അവതരിപ്പിച്ച ലക്കി സിങ് പോലും ഭാമിനിയുടെ ജീവിതവുമായി വന്ന് പോകുന്ന കഥാപാത്രമാണെന്നാണ് തന്നോട് പറഞ്ഞതെന്നും ഹണി പറഞ്ഞു. ചിത്രത്തില്‍ മേക്കപ്പ് ഇടാതെയാണ് താന്‍ അഭിനയിച്ചതെന്നും താരം പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മോണ്‍സ്റ്ററിലെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമായി. വൈശാഖ് സാറിനെ ഫസ്റ്റ് കണ്ടപ്പോള്‍ തന്നെ എന്നോട് പറഞ്ഞത് ഇത് ഭാമിനിയുടെ മൂവിയാണെന്നാണ്.

ലാല്‍ സാറിന്റെ കഥാപാത്രമായാലും ഇവരുടെ ജീവിതവുമായി വന്ന് പോകുന്നവരാണ്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് ചെയ്യണമെന്നാണ് എന്നോട് പറഞ്ഞത്. ആ സിനിമയില്‍ ഞാന്‍ മേക്കപ്പ് ഉപയോഗിച്ചിട്ടില്ല. ഫസ്റ്റ് ഡേ മേക്കപ്പ് ഇട്ട് ചെന്നപ്പോള്‍ ഇതല്ല ഭാമിനിയെന്നും മേക്കപ്പ് ഒക്കെ മാറ്റിയിട്ട് പൂര്‍ണമായും ഭാമിനിയായി വരണമെന്ന് എന്നോട് പറഞ്ഞു.

ഷോട്ട് എടുത്ത് കഴിഞ്ഞിട്ട് അദ്ദേഹം സ്‌ക്രീനില്‍ കാണിച്ചു തരും. എന്ത് ഭംഗിയായിട്ടാണ് സ്‌കിന്‍ ഒക്കെ ഇരിക്കുന്നത് എന്തിനാണ് മേക്കപ്പ് ഇടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ലാല്‍ സാറിന്റെ കൂടെ എനിക്ക് ഫൈറ്റ് കുറവായിരുന്നു. ഇടക്ക് ഓടിപോയി ഇടിച്ച് തലക്ക് അടി കിട്ടിയതിന് ശേഷം ഞാന്‍ കിടപ്പായിരുന്നു. കൂടുതല്‍ ഫൈറ്റ് സീന്‍ ചെയ്തത് ലക്ഷ്മി ചേച്ചിയാണ്,” ഹണി റോസ് പറഞ്ഞു.

content highlight: actress honey rose about monster movie