മമ്മൂക്ക ഞാനഭിനയിച്ച സീരിയല്‍ കണ്ടിട്ടുണ്ടോയെന്ന് അറിയില്ല പക്ഷേ, അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു: ഗായത്രി അരുണ്‍
Indian Cinema
മമ്മൂക്ക ഞാനഭിനയിച്ച സീരിയല്‍ കണ്ടിട്ടുണ്ടോയെന്ന് അറിയില്ല പക്ഷേ, അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു: ഗായത്രി അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 11th May 2021, 11:44 am

വണ്ണിന് മുന്‍പും ശേഷവും സിനിമയില്‍ നിന്ന് ഓഫറുകള്‍ വന്നെങ്കിലും ചെയ്തില്ലെന്നും സീരിയലുകളിലേക്ക് ഇപ്പോഴും വിളിക്കുന്നുണ്ടെങ്കിലും തേടി വന്ന കഥാപാത്രങ്ങള്‍ അത്ര ആകര്‍ഷകമായി തോന്നാത്തതിനാലാണ് അതൊന്നും ചെയ്യാത്തതെന്നും പറയുകയാണ് നടി ഗായത്രി അരുണ്‍.

സിനിമയെന്നോ സീരിയലെന്നോ ഉള്ള വേര്‍തിരിവൊന്നും തനിക്കില്ലെന്നും ചെയ്യുന്ന കഥാപാത്രങ്ങള്‍ നല്ലതായിരിക്കണമെന്നേയുള്ളൂവെന്നും ഗായത്രി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

വണ്ണിനെപ്പോലെ വലിയ ടീമിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട്. മമ്മൂക്ക ഉള്‍പ്പെടെ ഒരുപാട് താരങ്ങളുള്ള സിനിമയായിരുന്നു വണ്‍. എല്ലാവരുമായും എനിക്ക് കോമ്പിനേഷന്‍ സീനുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും അത്രയും വലിയ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നി. മമ്മൂക്കയുമായുള്ള കോമ്പിനേഷന്‍ സീനൊക്കെ എനിക്കൊരു പാഠം തന്നെയായിരുന്നു. സിനിമയിലെ പ്രധാന രംഗങ്ങളിലൊന്നായിരുന്നു അത്. നാല് ദിവസമെടുത്താണ് ആ സീന്‍ ഷൂട്ട് ചെയ്തത്.

മമ്മൂക്ക ഞാനഭിനയിച്ച സീരിയല്‍ കണ്ടിട്ടുണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ, അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു.

വണ്‍ റിലീസാകും മുന്‍പ് സ്‌ക്രീനില്‍ എന്നെ കാണാന്‍ എങ്ങനെയുണ്ടാകുമെന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. സന്തോഷ് സാറിനോട് (സംവിധായകന്‍ സന്തോഷ് വിശ്വനാഥ്) എങ്ങനെയുണ്ടെന്ന് ചോദിക്കുമ്പോള്‍ മറുപടി ഒരു ചിരിയിലൊതുക്കുമായിരുന്നു.

ഞാന്‍ അഭിനയിച്ച ശേഷം മോണിട്ടറില്‍ നോക്കുന്നതും ഒരു വിമര്‍ശന ബുദ്ധിയോടെയായിരിക്കും. എനിക്ക് എന്നെ മോണിട്ടറില്‍ കാണുന്നതേ ഇഷ്ടമല്ല. അഭിനയിച്ചത് കാണുമ്പോള്‍ ഒരിക്കലും തൃപ്തിയാകില്ല. മോണിട്ടറില്‍ ഞാന്‍ എപ്പോഴും പോയി നോക്കാറുമില്ല.

നോക്കിയാല്‍ എനിക്ക് ഒന്നൂടെ ചെയ്യണമെന്ന് തോന്നും. സന്തോഷ് സാറിന്റെ ചോയ്‌സായിരുന്നു എന്നെ വണ്ണിലേക്ക് കാസ്റ്റ് ചെയ്തത്. പുള്ളിയെ നിരാശപ്പെടുത്തിയോ ഇല്ലയോ എന്നുള്ളത് എനിക്ക് വലിയ കണ്‍ഫ്യൂഷനായിരുന്നു.

പരസ്പരം സീരിയല്‍ കഴിഞ്ഞ് ഞാന്‍ പൂര്‍ണമായി വെറുതേയിരിക്കുകയായിരുന്നില്ല. 2018ല്‍ പരസ്പരം തീര്‍ന്നു. 2019ല്‍ ആണ് ഞാന്‍ വണ്ണിലഭിനയിച്ചത്. ഷൂട്ട് കഴിഞ്ഞ് വണ്ണിന്റെ റിലീസിന് വേണ്ടി കാത്തിരുന്നപ്പോഴാണ് ലോക്ക്ഡൗണ്‍ ആയത്.

വണ്‍ ചെയ്തതുകൊണ്ട് ആ സമയത്ത് സീരിയലുകളില്‍ നിന്നുള്ള ഓഫറുകളൊന്നും സ്വീകരിച്ചില്ല. സീരിയലാണെങ്കിലും സിനിമയാണെങ്കിലും വണ്ണിന്റെ റിലീസിന് ശേഷമേ ചെയ്യൂവെന്ന് അവര്‍ക്ക് ഞാന്‍ വാക്കാല്‍ ഒരു കരാര്‍ നല്‍കിയിരുന്നു.

സിനിമയായാലും സീരിയലായാലും ഒന്നും ഞാന്‍ പ്ലാന്‍ ചെയ്ത് ചെയ്യുന്നതല്ല. അതെല്ലാം സംഭവിച്ചതാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും, ഗായത്രി പറയുന്നു.\

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actress Gayathri Arun Share One Movie Experiance