പ്രതികാരം കാമം പോരാട്ടം; വിമാനത്തിലെ ജാനകിയില്‍ നിന്നും ഉടലിലെ ഷൈനിയിലെത്തി നില്‍ക്കുന്ന ദുര്‍ഗ
Entertainment news
പ്രതികാരം കാമം പോരാട്ടം; വിമാനത്തിലെ ജാനകിയില്‍ നിന്നും ഉടലിലെ ഷൈനിയിലെത്തി നില്‍ക്കുന്ന ദുര്‍ഗ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd May 2022, 2:36 pm

2017ല്‍ പൃഥ്വിരാജ് നായകനായ വിമാനം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, എന്നീ സിനിമകളുടെയും ഭാഗമായി.

ഏറ്റവുമൊടുവില്‍ ദുര്‍ഗയുടെതായി തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുന്നത് രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ഉടലാണ്.

വിമാനം സിനിമയിലെ നാട്ടിന്‍പുറത്തുകാരിയായ, നിഷ്‌കളങ്കയായ ജാനകി എന്ന കഥാപാത്രത്തില്‍ നിന്നും ഉടല്‍ സിനിമയിലെ ഷൈനിയിലെത്തി നില്‍ക്കുന്ന നടി ദുര്‍ഗ കൃഷ്ണയുടെ ആക്ടിങ് കരിയറും ഉടല്‍ സിനിമക്കൊപ്പം തന്നെ ചര്‍ച്ചയാകുന്നുണ്ട്.

അത്രയും വയലന്‍സുള്ള, ‘സാധാരണ’ എന്ന് പറയപ്പെടുന്നതില്‍ നിന്നും മാറിക്കൊണ്ട് മനുഷ്യസ്ത്രീയുടെ നിസഹായാവസ്ഥയും പോരാട്ടവും മോഹങ്ങളും പ്രതികാരവുമെല്ലാം കാണിക്കുന്ന ഷൈനി എന്ന ഡാര്‍ക്ക് ഷേഡഡ് കഥാപാത്രത്തെ വളരെ മനോഹരമായി തന്നെ ദുര്‍ഗ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയകളിലൂടെ അഭിപ്രായപ്പെടുന്നത്.

റൊമാന്റിക് സീനുകളും വയലന്റ് സീനുകളും ഒരുപോലെ ഒരു മടിയുമില്ലാതെ തന്നെ ചെയ്തിരിക്കുന്ന ദുര്‍ഗ, ഷൈനി എന്ന പെണ്ണിനെ സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത വിധം പ്ലേസ് ചെയ്തിട്ടുണ്ട്.

ഒരു കൊലപാതകം ചെയ്ത് കഴിഞ്ഞിട്ടും, ‘വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് ഞാന്‍ ഒന്ന് സമാധാനമായി ശ്വാസം വിടുന്നത്’ എന്ന് പറയത്തക്ക വിധം ‘കൂള്‍’ ആയ ഷൈനി മലയാള സിനിമക്ക് അത്രക്കങ്ങ് സാധാരണമായ സ്ത്രീ കഥാപാത്രവുമല്ല.

ധ്യാന്‍ ശ്രീനിവാസന്‍, ജൂഡ് ആന്തണി ജോസഫ് എന്നിവരെല്ലാം തങ്ങളുടെ റോളുകള്‍ മികച്ചതാക്കി ചെയ്തിട്ടുണ്ടെങ്കിലും ഇന്ദ്രന്‍സിന്റെ കരയിപ്പിക്കുന്നതും അതേസമയം ‘പേടിപ്പിക്കുന്നതു’മായ പ്രകടനം തന്നെയാണ് ചിത്രം കാണാന്‍ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന ഒരു പ്രധാന ഘടകമെന്നാണ് സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവരുന്ന പ്രേക്ഷക പ്രതികരണം.

കുട്ടിയച്ചനായുള്ള ഇന്ദ്രന്‍സിന്റെ പ്രകടനം താരത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളിലൊന്ന് തന്നെയാണ് ഉടലിലെ കുട്ടിച്ചായനായുള്ള പ്രകടനമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഗോകുലം ഗോപാലന്‍ നിര്‍മിച്ച ഉടലിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും രതീഷ് രഘുനന്ദന്‍ തന്നെയാണ്. മനോജ് പിള്ളയുടെതാണ് ക്യാമറ. പശ്ചാത്തല സംഗീതം വില്യം ഫ്രാന്‍സിസ്. എഡിറ്റിങ്ങ് നിഷാദ് യൂസഫ്.

Content Highlight: Actress Durga Krishna’s character in Udal movie