ഈയൊരു സാഹചര്യത്തില്‍ പുറത്തുവരേണ്ട സിനിമ തന്നെയാണ് ജന ഗണ മന : ധന്യ അനന്യ
Movie Day
ഈയൊരു സാഹചര്യത്തില്‍ പുറത്തുവരേണ്ട സിനിമ തന്നെയാണ് ജന ഗണ മന : ധന്യ അനന്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th May 2022, 4:53 pm

പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയിലെ യൂണിവേഴ്‌സിറ്റികളില്‍ നടക്കുന്ന ജാതി വിരുദ്ധതയും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അധികാരത്തിനായി ഏതറ്റം വരെയും പോകുന്ന നേതാക്കളെയുമെല്ലാം ചിത്രം വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്.

ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു നടി ധന്യ അനന്യ അവതരിപ്പിച്ച വിദ്യ. ചുരുങ്ങിയ രംഗങ്ങളില്‍ മാത്രമേ ചിത്രത്തില്‍ ഉള്ളൂവെങ്കിലും അതിഗംഭീരമായ പ്രകടനത്തിലൂടെ ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസില്‍ ഒരു നോവായി മാറാന്‍ ധന്യയുടെ കഥാപാത്രത്തിന് സാധിച്ചിരുന്നു. ജന ഗണ മന സിനിമയിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് ധന്യ അനന്യ. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

ഡിജോയും ഷാരിസും ചേര്‍ന്നാണ് ഈ കഥ തന്നോട് പറയുന്നതെന്നും ഫോണിലൂടെയാണ് ചിത്രത്തിന്റെ കഥ താന്‍ കേട്ടതെന്നും ധന്യ പറയുന്നു.

‘ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് ഷാരിസിനെ കുറിച്ചാണ്. അദ്ദേഹത്തിന്റെ കണ്ടന്റ്. വളരെ മനോഹരമായിട്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതുപോലെ അതിനെ അതിലും മനോഹരമായി അവതരിപ്പിക്കാന്‍ ഡിജോയ്ക്ക് സാധിച്ചു.

എന്റെ കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ തന്നെ ഇത് ചെയ്യാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്. ഓരോ കഥാപാത്രത്തിനും പ്രത്യേകതകളുണ്ട്. സമൂഹത്തോട് ഓരോത്തരും പറയുന്ന കാര്യങ്ങളുണ്ട്. എന്റെ കഥാപാത്രമുള്‍പ്പെടെ പലര്‍ക്കും ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ കണക്ട് ചെയ്യാന്‍ പറ്റും, ധന്യ പറഞ്ഞു.

ഈയൊരു സാഹചര്യത്തില്‍ പുറത്തുവരേണ്ട സിനിമ തന്നെയാണ് ജന ഗണ മനയെന്നും അഭിമുഖത്തില്‍ ധന്യ അനന്യ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും പല സിസ്റ്റത്തിന്റെ ഭാഗമായി വര്‍ക്ക് ചെയ്യുന്നവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ചിത്രമാണ് ജന ഗണ മന. എല്ലാവരും ഒന്നിച്ച് മികച്ച രീതിയില്‍ ഷൂട്ട് ചെയ്ത സിനിമ കൂടിയാണ് ഇത്.

മലയാള സിനിമയില്‍ നിന്ന് ഹീറോ ഹീറോയിന്‍ കോണ്‍സെപ്ക്ട് എല്ലാം പതുക്കെ മാറി വരികയാണ്. ഹീറോ ഹീറോയിന്‍ എന്ന കോണ്‍സപ്ട് വിട്ട് ആളുകള്‍ ഇന്ന് കഥാപാത്രങ്ങളെ ഓര്‍ക്കുന്നുണ്ട്. പെര്‍ഫോമന്‍സിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. ഡയലോഗോ ഒരു കഥാപാത്രം എത്ര സമയം സിനിമയിലുണ്ട് എന്നതോ ഒന്നുമല്ല ആളുകള്‍ ഇപ്പോള്‍ നോക്കുന്നത്. ഒന്നോ രണ്ടോ സീനോ ആണെങ്കില്‍ പോലും പെര്‍ഫോം ചെയ്യാനുണ്ടെങ്കില്‍ അത് മതിയെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. ജന ഗണ മനയിലെ കഥാപാത്രവും അങ്ങനെ തന്നെയാണ്, ധന്യ പറഞ്ഞു.

Content Highlight: Actress Dhanya Ananya About Jana Gana Mana Movie