ബാല ചേട്ടന്റെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു, പ്രശ്‌നങ്ങളിലേക്ക് എരിവ് ചേര്‍ക്കുന്നത് പോലെ ഞങ്ങളെ വലിച്ചിഴച്ചു: ആത്മീയ രാജന്‍
Entertainment news
ബാല ചേട്ടന്റെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു, പ്രശ്‌നങ്ങളിലേക്ക് എരിവ് ചേര്‍ക്കുന്നത് പോലെ ഞങ്ങളെ വലിച്ചിഴച്ചു: ആത്മീയ രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th December 2022, 8:11 pm

സിനിമയില്‍ അഭിനയിച്ച ടെക്‌നീഷ്യന്‍സിനുള്‍പ്പടെ ആര്‍ക്കും പ്രതിഫലം കിട്ടിയില്ലെന്നും, സ്ത്രീകള്‍ക്ക് മാത്രമാണ് നല്‍കിയതെന്നും ബാല പറഞ്ഞത് തന്നെ വേദനിപ്പിച്ചുവെന്ന് നടി ആത്മീയ രാജന്‍. വ്യക്തിപരമായ പ്രശ്‌നങ്ങളിലേക്ക് എരിവ് ചേര്‍ക്കുന്നത് പോലെയാണ് തങ്ങളെ ആ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതെന്നും താരം പറഞ്ഞു

‘ഉണ്ണി മുകുന്ദനായാലും ബാല ചേട്ടനായാലും എനിക്ക് അത്രമേല്‍ വേണ്ടപ്പെട്ടവരാണ്. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് എന്റെ അച്ഛന് വയ്യാതെയായി എന്നുപറഞ്ഞ് ഫോണ്‍ വന്നത്. ഏറ്റവും വിഷമിച്ച് നില്‍ക്കുന്ന ആ സമയത്ത് എന്റെ അടുത്തേക്ക് ആദ്യം ഓടിയെത്തിയത് ബാല ചേട്ടനും ഉണ്ണിയുമാണ്. ആ സ്നേഹവും പരിഗണനയും എനിക്ക് എന്നും അവരോടുണ്ടാവും.

സ്ത്രീകള്‍ക്ക് പ്രതിഫലം കിട്ടി എന്ന് മാത്രം പറയുന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല. ജോലി ചെയ്തു, പ്രതിഫലം കിട്ടി. പക്ഷെ ആ സംസാരത്തിനൊപ്പം ഒരു പരിഹാസവും ചിരിയും വരുമ്പോഴാണ് ധ്വനി മാറുന്നത്. അവരുടെ വ്യക്തിപരമായ പ്രശ്നത്തിലേക്ക് ഒരു എരിവ് ചേര്‍ക്കുന്നത് പോലെയാണ് ആ പരമാര്‍ശം നടത്തിയത്. അത് വേണ്ടിയിരുന്നില്ലെനിക്ക് തോന്നി. ജോലി ചെയ്താല്‍ പ്രതിഫലം ലഭിക്കുന്നത് സ്വാഭാവികമാണ്.

എനിക്ക് എന്ത് പ്രതിഫലം കിട്ടി എന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. അത് പുറത്ത് പറയേണ്ട ആവശ്യമില്ല. ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ചോദിക്കാനായി എന്നെ വിളിച്ചിരുന്നു. ഞാന്‍ ഒട്ടും തയാറായിരുന്നില്ല. മാത്രവുമല്ല അത്തരം ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ എനിക്ക് അറിയുകയുമില്ല. മറ്റൊന്ന് ഇവിടെ ആരെയും എനിക്ക് കുറ്റപ്പെടുത്താന്‍ കഴിയില്ല. ഒരു കുടുംബം പോലെ കഴിഞ്ഞയിടത്ത് നിന്നാണ് ഇത്തരം ഒരു പ്രശ്നം ഉണ്ടായത്. അതാണ് എന്നെ വേദനിപ്പിച്ചത്,’ ആത്മീയ പറഞ്ഞു.

മേപ്പടിയാനുശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമക്കെതിരെയാണ് ബാല ആരോപണം ഉന്നയിച്ചത്. സിനിമയില്‍ അഭിനയിച്ച താന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രതിഫലം കിട്ടിയില്ല, രാത്രിയും പകലും എന്നില്ലാതെ പ്രവൃത്തിച്ച സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നല്‍കിയില്ല, എന്നാല്‍ സിനിമയില്‍ അഭിനയിച്ച സ്ത്രീകള്‍ക്ക് മാത്രം പ്രതിഫലം നല്‍കി എന്നായിരുന്നു ബാലയുടെ ആരോപണം. ദിവ്യ പിള്ള, ആത്മിയ രാജന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന നായികാ വേഷത്തില്‍ എത്തിയിരുന്നത്.

 

CONTENT HIGHLIGHT: ACTRESS ATHMIYA RAJAN TALKS ABOUT ACTOR BALA ISSUE