നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും
Kerala News
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th April 2022, 7:28 am

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിക്കും.

അന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15ന് അവസാനിച്ചിരുന്നു.

അതേസമയം, മാധ്യമങ്ങള്‍ക്ക് അന്വേഷണ വിവരങ്ങള്‍ കൈമാറിയെന്ന പരാതിയില്‍ എ.ഡി.ജി.പി എസ്. ശ്രീജിത്തും വിശദീകരണം നല്‍കും. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഹാക്കര്‍ സായ് ശങ്കറിനോട് തിങ്കളാഴ്ച രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.

നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ശിരസ്തദാറിനേയും ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യും.

2018 ഡിസംബര്‍ 13ന് കോടതിയുടെ കൈവശമായിരുന്നപ്പോളാണ് ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കോടതി ജീവനക്കാരിലേക്ക് എത്തിയത്.

വിചാരണ കോടതിയിലെ നിര്‍ണായക രേഖകള്‍ നേരത്തെ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതിയിലെ ജീവനക്കാരെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തോട് കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Content Highlights:  actress assault case; The investigation team will submit the follow-up report to the trial court