റിയല്‍ ലൈഫില്‍ നടക്കാത്ത കുറേ സംഭവങ്ങളുള്ള സിനിമയാണ് ബീസ്റ്റ്; അതിനേക്കാള്‍ എനിക്കിഷ്ടം ഈ കഥാപാത്രമാണ്: അപര്‍ണ ദാസ്
Entertainment news
റിയല്‍ ലൈഫില്‍ നടക്കാത്ത കുറേ സംഭവങ്ങളുള്ള സിനിമയാണ് ബീസ്റ്റ്; അതിനേക്കാള്‍ എനിക്കിഷ്ടം ഈ കഥാപാത്രമാണ്: അപര്‍ണ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd June 2022, 11:54 am

ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 24ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്.

നേരത്തെ വിജയ് ചിത്രം ബീസ്റ്റിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് യുവനടിയായ അപര്‍ണ ദാസ് ശ്രദ്ധ നേടിയിരുന്നു.

ബീസ്റ്റ് പോലുള്ള വലിയ കാന്‍വാസിലുള്ള സിനിമയില്‍ നിന്നും പ്രിയന്‍ ഓട്ടത്തിലാണ് പോലുള്ള താരതമ്യേന ചെറിയ കാന്‍വാസിലുള്ള ഒരു സിനിമയില്‍ എത്തിയത് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ അപര്‍ണ. പ്രിയന്‍ ഓട്ടത്തിലാണ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണ് പോപ്പര്‍‌സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

”എനിക്ക് ബീസ്റ്റിന് മുമ്പെ ഫസ്റ്റ് കോള്‍ വന്നത് പ്രിയന്‍ ഓട്ടത്തിലാണിലേക്കാണ്. ബീസ്റ്റ് ഭയങ്കര വലിയ സിനിമയാണ്. വിജയ് സാറിനെ പോലുള്ള വലിയൊരു ആര്‍ടിസ്റ്റിന്റെ സിനിമയാണ്. ഒരുപാട് വര്‍ഷങ്ങളായി സിനിമയിലുള്ള ആര്‍ടിസ്റ്റാണ് അദ്ദേഹം.

പക്ഷെ, എനിക്ക് ബീസ്റ്റിനെ പോലെത്തന്നെ അത്രയും പ്രധാനമാണ് ഈ സിനിമയും. കാരണം, ബീസ്റ്റിനകത്ത് ഞാന്‍ വരുമെന്നൊന്നും വിചാരിക്കാതെ ഇരുന്ന സമയത്ത്, കൊറോണ സമയത്ത് എനിക്ക് വന്ന ഒരു കഥാപാത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ് സിനിമയിലേത്.

ബീസ്റ്റിനെക്കാളും ഞാന്‍ ഭയങ്കരമായി പ്രതീക്ഷ വെച്ചിരുന്ന ഒരു സിനിമയാണ് ഇത്. ഇതിലെ റോളും ചെയ്യാനുള്ള കാര്യങ്ങളും എനിക്ക് കുറച്ചുകൂടി സ്‌പെഷ്യലായിരുന്നു. കുറച്ചുകൂടി ഇഷ്ടമുള്ളതായിരുന്നു ആ ക്യാരക്ടര്‍.

മാത്രമല്ല നമുക്ക് കുറേ റിലേറ്റ് ചെയ്യാന്‍ പറ്റും. ബീസ്റ്റ് എന്ന് പറയുന്ന സിനിമ റിയല്‍ ലൈഫില്‍ നടക്കാത്ത കുറേ സംഭവങ്ങളുള്ള സിനിമയാണ്. ഇത് കുറേ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന, ക്ലോസ് ടു ഹാര്‍ട്ട് ആയ ഒരു സിനിമയാണ്.

രണ്ട് സിനിമകളും എനിക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ്,” അപര്‍ണ ദാസ് പറഞ്ഞു.

നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

Content Highlight: Actress Aparna Das about the characters in Beast and Priyan Ottathilanu movies