അന്നത്തെ സെലിബ്രിറ്റി ക്രഷിനൊപ്പമാണ് ഇപ്പോള്‍ അഭിനയിക്കുന്നത്, അദ്ദേഹത്തിന്റെ സിനിമ കണ്ടായിരുന്നു ചോറ് കഴിച്ചിരുന്നത്: അപര്‍ണ ബാലമുരളി
Film News
അന്നത്തെ സെലിബ്രിറ്റി ക്രഷിനൊപ്പമാണ് ഇപ്പോള്‍ അഭിനയിക്കുന്നത്, അദ്ദേഹത്തിന്റെ സിനിമ കണ്ടായിരുന്നു ചോറ് കഴിച്ചിരുന്നത്: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st January 2023, 7:28 pm

കുഞ്ചാക്കോ ബോബനായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് എന്ന് പറയുകയാണ് നടി അപര്‍ണ ബാലമുരളി. ചെറുപ്പത്തില്‍ കുഞ്ചാക്കോ ബോബനെ കണ്ടായിരുന്നു താന്‍ ഭക്ഷണം കഴിച്ചിരുന്നതെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുമെന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ലെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍ഡമെന്റിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.

‘എന്റെ ഏറ്റവും ആദ്യത്തെ സെലിബ്രിറ്റി ക്രഷ് ചാക്കോച്ചനായിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചോറ് കഴിക്കുന്നത് ചാക്കോച്ചനെ കണ്ടുകൊണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. അന്ന് ഊണ് കഴിച്ചോണ്ടിരിക്കുമ്പോള്‍ അങ്ങേരുടെ കൂടെ സിനിമ ചെയ്യുമെന്ന് ഞാന്‍ ചിന്തിച്ചോ? എന്റെ ജീവിതത്തിലെ വന്‍ ഗൂസ്ബംബ്‌സ് മൊമെന്റാണ് അത്.

എന്റെ അമ്മയും അച്ഛനും ടി.വി ഓണാക്കും. ചോറ് എടുത്തുകൊണ്ട് വരും. ഞാന്‍ ടി.വി കണ്ട് ചോറുണ്ണും. പ്രേം പൂജാരിയാണ് കാണാറുള്ളത്. അതാണ് എന്റെ മെയ്ന്‍. തിയേറ്ററൊന്നും ഞാനന്ന് കണ്ടിട്ടില്ല, എല്ലാം കാസറ്റായിരുന്നു. പിന്നെ എനിക്ക് ഇഷ്ടമുള്ള സിനിമയായിരുന്നു പട്ടാളം,’ അപര്‍ണ പറഞ്ഞു.

ബിജു മേനോനും വിനീത് ശ്രീനിവാസനുമൊപ്പമുള്ള തങ്കമാണ് അപര്‍ണയുടെ ഏറ്റവും പുതിയ ചിത്രം. തങ്കത്തില്‍ ബിജു മേനോനൊപ്പം അഭിനയിച്ചതിന്റെ അനുഭവവും അപര്‍ണ പങ്കുവെച്ചു.

‘ബിജു ചേട്ടനും ഞാനും ഒരേ നാട്ടുകാരാണ്. എവിടെയെക്കെയോ വെച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ ഒരു സിനിമ ചെയ്യുന്നതും ക്ലോസായി സംസാരിക്കുന്നതും ആദ്യമായിട്ടാണ്. ബിജു ചേട്ടന്റെ ഏറ്റവും ബെസ്റ്റ് ടൈമിലാണ് തങ്കം ചെയ്യുന്നത്. തങ്കം തുടങ്ങിയ ദിവസമാണ് എല്ലാവര്‍ക്കും സ്റ്റേറ്റ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. അത് മനോഹരമായ ഫീലിങ്ങായിരുന്നു.

ബിജു ചേട്ടന്‍ ഭയങ്കര വേഴ്‌സറ്റൈലാണ്. എവിടെ വേണമെങ്കിലും പ്ലേസ് ചെയ്യാവുന്ന ആക്ടറാണ്. ബിജു ചേട്ടന്റെ കൂടെ അഭിനയിക്കാന്‍ ഭയങ്കര ഈസിയാണ്. നമുക്ക് വലിയ പ്രഷര്‍ ഒന്നും തരില്ല, പുള്ളിക്കും വലിയ പ്രഷറെടുക്കുന്നതൊന്നും ഇഷ്ടമല്ല. കൂളായി ബിജു ചേട്ടന്റെ കൂടെ അഭിനയിക്കാം,’ അപര്‍ണ പറഞ്ഞു.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറാഫത്താണ്. ജനുവരി 26നാണ് തങ്കം റിലീസ് ചെയ്യുന്നത്.

Content Highlight: Actress Aparna Balamurali says Kunchacko Boban was her first celebrity crush